വരുൺ തേജ്- കരുണ കുമാർ പാൻ ഇന്ത്യൻ ചിത്രം മട്ക ടീസർ പുറത്ത്

ജയിലിലായിരുന്ന സമയത്ത്, ഒരു  ജയിലറുടെ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നായകന്റെ പരിവർത്തനത്തെയാണ് ടീസറിൽ കാണിക്കുന്നത്.

author-image
Anagha Rajeev
New Update
matka1

തെലുങ്ക് താരം വരുൺ തേജ് നായകനായ ഏറ്റവും ചിലവേറിയ ചിത്രമായ മട്കയുടെ ടീസർ പുറത്ത്. ചിത്രത്തിന്റെ മാസ്സ് ആക്ഷൻ ടീസറാണ് പുറത്ത് വന്നിരിക്കുന്നത്. വൈറ എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും എസ്ആർടി എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ഡോ വിജേന്ദർ റെഡ്ഡി തീഗലയും രജനി തല്ലൂരിയും ചേർന്നാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. കരുണ കുമാർ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് നവംബർ 14 നാണ്.

ജയിലിലായിരുന്ന സമയത്ത്, ഒരു  ജയിലറുടെ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നായകന്റെ പരിവർത്തനത്തെയാണ് ടീസറിൽ കാണിക്കുന്നത്. ജീവിക്കാൻ പോരാടേണ്ടി വരുന്ന 10 % ആളുകളുടെ ജീവിതമൊഴിവാക്കാൻ, 90% സമ്പത്തും നിയന്ത്രിക്കുന്ന ഒരു ശതമാനം വരേണ്യവർഗത്തിൽ ചേരാൻ വാസു തീരുമാനിക്കുന്നു. ഉയർന്ന അഭിലാഷവും മനുഷ്യന്റെ അത്യാഗ്രഹത്തെക്കുറിച്ചുള്ള കൃത്യമായ ധാരണയും വെച്ച് കൊണ്ട്, ക്രൂരമായ ഒരു ലോകത്ത് വിജയം നേടാൻ, സമ്പത്തിനായുള്ള തന്റെ അടങ്ങാത്ത ആഗ്രഹത്തെ ഇന്ധനമാക്കികൊണ്ട് അയാൾ മുന്നിട്ടിറങ്ങുന്നു.

യുവത്വത്തിൽ നിന്ന് വാർദ്ധക്യത്തിലേക്കുള്ള കഥാപാത്രത്തിന്റെ യാത്രയെ ചിത്രീകരിക്കുന്ന നാല് വ്യത്യസ്ത മേക്കോവറുകളുമായി, തൻ്റെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടന്ന് കൊണ്ടാണ് വരുൺ തേജ് ഈ ചിത്രത്തിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാല് ഗെറ്റപ്പിൽ വരുൺ തേജ് പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ നായകന്റെ 24 വർഷത്തെ യാത്രയാണ് അവതരിപ്പിക്കാൻ പോകുന്നത്. തൻ്റെ ശരീരഭാഷയും ഡയലോഗ് ഡെലിവറിയും കൊണ്ട് കഥാപാത്രത്തിന്റെ ഓരോ അവസ്ഥയോടും പൊരുത്തപ്പെടാനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമാണ്. നായികമാരായ നോറാ ഫത്തേഹി, മീനാക്ഷി ചൌധരി എന്നിവരേയും ടീസറിൽ അവതരിപ്പിക്കുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.

നവീൻ ചന്ദ്ര, സലോനി, അജയ് ഘോഷ്, കന്നഡ കിഷോർ, രവീന്ദ്ര വിജയ്, പി രവിശങ്കർ എന്നിവരും വേഷമിടുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജിവി പ്രകാശ് കുമാർ, ഛായാഗ്രഹണം- എ കിഷോർ കുമാർ, എഡിറ്റിംഗ്- കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ- കിരൺ കുമാർ മാനെ, സിഇഒ- ഇവിവി സതീഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ആർകെ ജാന, പ്രശാന്ത് മാണ്ഡവ, സാഗർ, വസ്ത്രാലങ്കാരം- കിലാരി ലക്ഷ്മി, മാർക്കറ്റിങ്- ഹാഷ്ടാഗ് മീഡിയ. പിആർഒ- ശബരി.

movie update