അന്താരാഷ്ട്ര തലത്തിൽ തരംഗങ്ങൾ സൃഷ്ടിച്ചതിന് ശേഷം, പായൽ കപാഡിയയുടെ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' 2024 നവംബർ 22 ന് ഓൾ ഇന്ത്യ തലത്തിൽ തീയേറ്റർ റിലീസിനെത്തുന്നു. റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. ഫ്രാൻസിലെയും ഇറ്റലിയിലെയും ചലച്ചിത്രോത്സവങ്ങളിൽ പ്രശംസ പിടിച്ചുപറ്റിയതിനും അവിടുത്തെ വിശാലമായ തീയേറ്റർ റിലീസിനും ശേഷമാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ഇന്ത്യൻ തിയേറ്ററുകളിലേക്ക് എത്തുന്നത്. യുകെയിലും അമേരിക്കയിലും ചിത്രം നവംബറിൽ പ്രദർശനത്തിനെത്തും.
റിലീസിന് മുൻപായി മാധ്യമങ്ങളുമായി നടത്തിയ പ്രത്യേക സംഭാഷണത്തിൽ സംവിധായിക പായൽ കപാഡിയയും നടനും നിർമ്മാതാവുമായ റാണാ ദഗ്ഗുബതിയും ചിത്രത്തിന്റെ ആഗോള യാത്രയെക്കുറിച്ചും ഇന്ത്യയിലെ വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ചുമുള്ള തങ്ങളുടെ ചിന്തകൾ പങ്ക് വെച്ചു. ഇന്ത്യയിലെ ചിത്രത്തിന്റെ തീയേറ്റർ റിലീസിനെ കുറിച്ച് ഇരുവരും ആവേശം പ്രകടിപ്പിച്ചു. ചിത്രം 2024 നവംബർ 22 ന് ഇന്ത്യയിലുടനീളമുള്ള തിയേറ്ററുകളിൽ എത്തും. മുംബൈ, ഡൽഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, കൊച്ചി, തിരുവനന്തപുരം, കൊൽക്കത്ത എന്നിവയുൾപ്പെടെ എല്ലാ പ്രധാന നഗരങ്ങളിലും ചിത്രം പ്രദർശിപ്പിക്കും.
ഇന്ത്യ- ഫ്രാൻസ് ഔദ്യോഗിക സഹനിർമ്മാണ സംരംഭമായി ഒരുങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫ്രാൻസിലെ പെറ്റിറ്റ് കായോസ്, ഇന്ത്യയിൽ നിന്നുള്ള ചാക്ക് & ചീസ്, അനതർ ബർത്ത് എന്നീ ബാനറുകൾ ചേർന്നാണ്. ഇന്ത്യയിൽ എല്ലാ പ്രധാന നഗരങ്ങളിലും സ്പിരിറ്റ് മീഡിയയാണ് ചിത്രം വിതരണം ചെയ്യുന്നത്. പിആർഒ - ശബരി