തെലുങ്ക് താരം നാനിയുടെ ഏറ്റവും പുതിയ ചിത്രം ഹിറ്റ് 3 കേരളത്തിൽ വിതരണത്തിനെത്തിക്കാൻ ദുൽഖർ സൽമാൻ. താരത്തിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. മേയ് ഒന്നിന് ചിത്രം ആഗോള റിലീസായി എത്തും.
നാനിയുടെ കരിയറിലെ 32-ാമത് ചിത്രം കൂടിയാണ് ഹിറ്റ് 3.
ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹിറ്റ് 3. വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സൂപ്പർ ഹിറ്റ് ചിത്രമായി ഹിറ്റിന്റെ ഫ്രാഞ്ചൈസിയായി ഒരുങ്ങുന്ന സിനിമ എന്ന നിലയിൽ ഏറെ കാത്തിരിപ്പും പ്രതീക്ഷയും ഉണർത്തുന്നുണ്ട് ഹിറ്റ് 3. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു ഹിറ്റ് 3യുടെ ട്രെയിലർ റിലീസ് ചെയ്തത്. ആദ്യാവസാനം വരെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന മാസ് ആക്ഷന്‍ എന്റർടെയ്നറാകും ചിത്രമെന്ന് ട്രെയിലർ ഉറച്ചു നൽകുന്നുണ്ട്.
നാനി അവതരിപ്പിക്കുന്ന അര്‍ജുന്‍ സര്‍ക്കാര്‍ എന്ന പൊലീസ് ഓഫീസര്‍ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.