ഹൈദരാബാദ് :നടൻ അല്ലു അർജുൻ്റെ അറസ്റ്റിൽ നിയമം അതിൻ്റെ വഴിക്ക് നീങ്ങുകയാണെന്നും ഒരു സിനിമാ താരവുമായും തൻ്റെ പാർട്ടിക്ക് പ്രശ്‌നങ്ങളില്ലെന്നും തെലങ്കാനയിലെ ഭരണകക്ഷിയായ കോൺഗ്രസ് അധ്യക്ഷൻ ബി മഹേഷ് കുമാർ ഗൗഡ് ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.അല്ലു അർജുനെതിരെയുള്ള കേസ് നിയമ പരിധിയിൽ വരുന്നതാണെന്നും കോടതി ജാമ്യം അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് എല്ലാ സിനിമാ താരങ്ങളോടും സ്‌നേഹം മാത്രമേയുള്ളൂ. 1980 കളിലെ ആന്ധ്രാപ്രദേശിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരാണ് തെലുങ്ക് സിനിമാ വ്യവസായം ചെന്നൈയിൽ നിന്ന് ഹൈദരാബാദിലേക്ക് മാറുന്നതിൽ നിർണായക പങ്ക് വഹിച്ചതെന്നും ഗൗഡ് ചൂണ്ടിക്കാട്ടി.ഡിസംബർ ആദ്യമാണ് അല്ലുവിന്റെ പുഷ്പ 2' ൻ്റെ പ്രീമിയർ ഷോയ്ക്കിടെ ആരാധകർ തടിച്ചുകൂടിയത് ഒരു സ്ത്രീയുടെ മരണത്തിന് ഇടയാക്കിയത്.ഇതിനെ തുടർന്ന് വെള്ളിയാഴ്ച അല്ലു അർജുനെ അറസ്റ്റ് ചെയ്തതിൽ കോൺഗ്രസ് സർക്കാരിൽ പിഴവ് കണ്ടെത്തിയ ബിജെപി നേതാക്കൾക്കെതിരെ ഗൗഡ് രൂക്ഷമായി വിമർശിച്ചു.