/kalakaumudi/media/media_files/2025/08/29/odum4-2025-08-29-15-20-31.jpg)
കൊച്ചി: ചില സിനിമകള്‍ നിങ്ങളെ രസിപ്പിക്കും. ചിലത് ഹൃദയത്തില്‍ തൊടും, ചിലപ്പോള്‍ മനസ്സില്‍ നോവു പടര്‍ത്തും. കൂട്ടത്തില്‍ പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന ചില ചിത്രങ്ങളുമുണ്ട്. ആ ഗണത്തിലേക്ക് ചേര്‍ത്തുവയ്ക്കാം അല്‍ത്താഫ് സലിം സംവിധാനം ചെയ്ത 'ഓടും കുതിര ചാടും കുതിര'. നല്ലരീതിയില്‍ ഹൈപ്പറായ ഒരു പറ്റം കഥാപാത്രങ്ങളും ലോജിക് തൊട്ടുതീട്ടിയിട്ടില്ലാത്ത കഥാപരിസരവുമൊക്കെ ചേര്‍ന്ന് 2:30 മണിക്കൂര്‍ പ്രേക്ഷകരെ നല്ല രീതിയില്‍ കഷ്ടപ്പെടുത്തുന്നുണ്ട് ചിത്രം.
വിവാഹിതരാവാന്‍ ഒരുങ്ങുകയാണ് എബിയും നിധിയും. കല്യാണത്തലേന്ന് നിധിയൊരു സ്വപ്നം കാണുന്നു. ഹല്‍വ പോലുള്ള ഒരു വെള്ള കുതിരയുടെ പുറത്ത് ഫ്‌ളോറല്‍ പ്രിന്റുള്ള ഷെര്‍വാണിയും തലപ്പാവുമൊക്കെ അണിഞ്ഞു വിവാഹവേദിയിലേക്ക് എത്തുന്ന എബി. ആ സ്വപ്നം യാഥാര്‍ത്ഥ്യമായി കാണാനുള്ള തന്റെ ആഗ്രഹം നിധി എബിയോട് പറയുന്നു. എബിയാവട്ടെ, രാത്രിയ്ക്ക് രാത്രി തന്നെ തന്റെ കൂട്ടുകാരുടെ സഹായത്തോടെ ഹല്‍വാകഷ്ണം പോലെ സുമുഖനായൊരു വെള്ളക്കുതിരയെ സംഘടിപ്പിക്കുകയും ചെയ്യുന്നു.
പിറ്റേന്ന്, നിധിയുടെ സ്വപ്നത്തിലേതു പോലെ തന്നെ ഫ്‌ളോറല്‍ പ്രിന്റ് ഷെര്‍വാണിയൊക്കെ അണിഞ്ഞ് കുതിരപ്പുറത്തേറി എബി മണ്ഡപത്തോളം എത്തുന്നു. പക്ഷേ, അവിടുന്നങ്ങോട്ട് എല്ലാം തകിടം മറിയുകയാണ്. കുതിര ഇടഞ്ഞ് എല്ലാം അലങ്കോലമാക്കുന്നു. കുതിരപ്പുറത്തു നിന്നു വീണ എബിയാവട്ടെ തലയ്ക്ക് ഏറ്റ പരുക്കിനെ തുടര്‍ന്ന് കോമയിലാവുകയും ചെയ്യുന്നു.
ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷം എബി കോമയില്‍ നിന്ന് ഉണര്‍ന്നെങ്കിലും അവിടുന്നങ്ങോട്ട് സ്വപ്നത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും ഇടയിലൂടെയുള്ള നൂല്‍പാലത്തിലൂടെയാണ് എബിയുടെ സഞ്ചാരം. ആ സങ്കീര്‍ണ്ണതകളെയും ബന്ധങ്ങളില്‍ വന്നുചേരുന്ന ആശയക്കുഴപ്പങ്ങളെയുമൊക്കെയാണ് ചിത്രം അഡ്രസ് ചെയ്യാന്‍ ശ്രമിക്കുന്നത്. പക്ഷേ വളരെ ബാലിശമായാണ് സംവിധായകന്‍ പ്രമേയത്തെ നോക്കി കാണുന്നത് എന്നിടത്താണ് ചിത്രം പാളി പോവുന്നത്.
നായികാനായകന്മാരായ ഫഹദ്, കല്യാണി എന്നിവരുടെ കഥാപാത്രങ്ങളൊന്നും ഒരു രീതിയിലും കാഴ്ചക്കാരുമായി കണക്റ്റാവുന്നില്ല എന്നതാണ് ചിത്രത്തിന്റെ ഒരു പ്രധാന പോരായ്മ. ലാല്‍, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ എന്നിവരുടെ റോളുകളും വളരെ വിചിത്രമായ ക്യാരക്ടര്‍ ആര്‍ക്കില്‍ വാര്‍ത്തെടുത്ത കഥാപാത്രങ്ങളാണ്. നോര്‍മലായിട്ട് ആരുമില്ലേ ഈ കഥയില്‍ എന്ന് ഇടയ്ക്ക് പ്രേക്ഷകന് സംശയം തോന്നിയാല്‍ തെറ്റു പറയാന്‍ പറയില്ല. ധ്യാന്‍ ശ്രീനിവാസന്‍, റാഫി, അനുരാജ്, ഇടവേള ബാബു, വിനീത് ചാക്യാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരും ചിത്രത്തില്‍ വന്നുപോവുന്നുണ്ട്.
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന രീതിയില്‍ വളരെ പ്രതീക്ഷയോടെ 'ഓടും കുതിര ചാടും കുതിര'യുടെ റിലീസിനു കാത്തിരുന്ന നിരവധി പേരുണ്ട്. പക്ഷേ, കാഴ്ചക്കാരെ നിരാശപ്പെടുത്തുന്ന കാഴ്ചയാണ് ചിത്രം സമ്മാനിക്കുന്നത്.
എന്തായാലും, ഒരു കാര്യത്തില്‍ അല്‍ത്താഫിനെ സമ്മതിച്ചേ മതിയാവൂ! ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ ഇന്ന് കേരളത്തില്‍ മാത്രമല്ല, മറ്റു ഇന്‍ഡസ്ട്രികളിലും അത്യാവശ്യം താരമൂല്യമുള്ള അഭിനേതാക്കളാണ്.
സിനിമ സ്വപ്നം കാണുന്ന എത്രയോ നവാഗതരായ സംവിധായകര്‍ അവരിലേക്ക് എത്തിപ്പെടാനോ ഡേറ്റ് വാങ്ങിക്കാനോ കഴിയാതെ കഷ്ടപ്പെടുന്നുണ്ട്. അതിനിടയില്‍, ഇത്രയും വിചിത്രമായതും വിരസമായതുമായൊരു കണ്‍സെപ്റ്റ് ഈ അഭിനേതാക്കളെ അല്‍ത്താഫ് എങ്ങനെ കണ്‍വീന്‍സ് ചെയ്‌തെടുത്തു എന്നത് ആരെയുമൊന്ന് അമ്പരപ്പിക്കുന്ന കാര്യമാണ്.
ഒരു ഉത്സവ സീസണിന് ഇണങ്ങിയ രീതിയില്‍ വളരെ കളര്‍ഫുളായി ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് ജിന്റോ ജോര്‍ജ് ആണ്. സംഗീതം ജെസ്റ്റിന്‍ വര്‍ഗ്ഗീസും എഡിറ്റിംഗ് അഭിനവ് സുന്ദര്‍ നായികും നിര്‍വ്വഹിച്ചിരിക്കുന്നു. പക്ഷേ, കഥയിലും ട്രീറ്റ്മെന്റിലും പാളിയ ചിത്രത്തെ രക്ഷിക്കാന്‍ ഈ ടെക്‌നിക്കല്‍ വശങ്ങള്‍ക്കൊന്നും സാധിക്കുന്നില്ല.