/kalakaumudi/media/media_files/2025/03/03/Ixc3X38fMRF1eOYFPf3X.jpg)
ലൊസാഞ്ചലസ് : ഓസ്‌കറില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത 'അനോറ'. മികച്ച ചിത്രം, സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ, നടി ഉള്‍പ്പടെ പ്രധാന നാല് പുരസ്‌കാരങ്ങള്‍ 'അനോറ' സ്വന്തമാക്കി. മൈക്കി മാഡിസന്‍ ആണ് മികച്ച നടി. സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ എന്നിവ മൂന്നും കൈകാര്യം ചെയ്തിരിക്കുന്നത് ഷോണ്‍ ബേക്കറാണെന്നതാണ് മറ്റൊരു പ്രത്യേകത.
ദ് ബ്രൂട്ടലിസ്റ്റിലെ പ്രകടനത്തിന് ഏഡ്രിയന്‍ ബ്രോഡി മികച്ച നടനായി തിരഞ്ഞെടുത്തു. മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു ഓസ്‌കര്‍ നിശയിലെ ആദ്യ പ്രഖ്യാപനം.'എ റിയല്‍ പെയ്ന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് കീറന്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള ഓസ്‌കര്‍. 42കാരനായ കീരണ്‍ 'ഹോം എലോണ്‍' സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്. 'എമിലിയ പെരസി'ലൂടെ സോയി സല്‍ദാന മികച്ച സഹനടിയായി. 'ഫ്‌ളോ' ആണ് മികച്ച അനിമേറ്റഡ് ചിത്രം.
ലാത്വിയയില്‍ നിന്നും ഓസ്‌കര്‍ നേടുന്ന ആദ്യത്തെ ചിത്രമാണ് 'ഫ്‌ലോ'. 'വിക്കെഡ്' മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നേടി. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കര്‍ നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരനായി പോള്‍ ടേസ്വെല്‍ ചരിത്രം സൃഷ്ടിച്ചു. ബ്രസീലിയന്‍ ചിത്രമായ ഐ ആം സ്റ്റില്‍ ഹിയര്‍ ആണ് മികച്ച ഇതരഭാഷാ ചിത്രം.
അതേസമയം ഏറ്റവുമധികം നോമിനേഷുകള്‍ ലഭിച്ച എമിലിയെ പെരെസ്, ബ്രൂട്ടിലിസ്റ്റ് എന്നീ സിനിമകള്‍ക്ക് നിരാശയായിരുന്നു ഫലം. മികച്ച സിനിമയ്ക്കുള്ള ഓസ്‌കറിനായി മത്സരിച്ച 10 എണ്ണത്തില്‍ ഷാക് ഓഡിയയുടെ സ്പാനിഷ് മ്യൂസിക്കല്‍ 'എമിലിയ പെരസി'നു 13 നാമനിര്‍ദേശങ്ങളാണ് ലഭിച്ചത്. ഇംഗ്ലിഷ് ഇതര ഭാഷാ സിനിമയ്ക്ക് ഇത്രയധികം നാമനിര്‍ദേശം ഇതാദ്യമായിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ അധോലോക നേതാവിന്റെ കഥ സംഗീതസാന്ദ്രമായി ആവിഷ്‌കരിച്ച സിനിമയിലെ മുഖ്യവേഷം ചെയ്ത കാര്‍ല സോഫിയ ഗാസ്‌കോണ്‍ ട്രാന്‍സ് വ്യക്തിയാണ്.
ദ് ബ്രൂട്ടലിസ്റ്റ്, വിക്കഡ് എന്നീ സിനിമകള്‍ക്കു 10 നാമനിര്‍ദേശം വീതം ലഭിച്ചു. ഡയക്ടറേഴ്‌സ് ഗില്‍ഡ്, പ്രൊഡക്ഷന്‍ ഗില്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയതോടെ 'അനോറ' സാധ്യതാപ്പട്ടികയില്‍ മുന്നിലായിരുന്നുവെങ്കിലും ഈ അട്ടിമറി പ്രേക്ഷകരും പ്രതീക്ഷിച്ചില്ല.
മികച്ച നടിക്കുള്ള നാമനിര്‍ദേശങ്ങളില്‍ ദ് സബ്സ്റ്റന്‍സിലെ നായികയായ ഡെമി മൂറും ബാഫ്ത അടക്കം പുരസ്‌കാരങ്ങള്‍ ലഭിച്ച അനോറയിലെ മൈക്കി മാഡിസനുമായിരുന്നു മുന്നില്‍. മികച്ച നടനുളള പുരസ്‌കാരത്തിനായി മുന്നിലുള്ളത് ഏഡ്രിയന്‍ ബ്രോഡി (ദ് ബ്രൂട്ടലിസ്റ്റ്), തിമോത്തി ഷലമേ (എ കംപ്ലീറ്റ് അന്‍നോണ്‍) എന്നിവരായിരുന്നു. മികച്ച ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യന്‍ സിനിമയായ അനുജ പുറത്താക്കപ്പെട്ടു. പ്രിയങ്ക ചോപ്രയും ഗുനീത് മോങ്കയും ചേര്‍ന്നു നിര്‍മിച്ചതാണിത്. ജനുവരി 23 ന് ആണ് നാമനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്.
അതേസമയം, ഓസ്‌കറിന്റെ പ്രഥമ പരിഗണന പട്ടികയില്‍ ഇടം നേടിയിരുന്ന ആടുജീവിതം, കങ്കുവ, ഓള്‍ വീ ഇമാജിന്‍ അസ് ലൈറ്റ് എന്നീ ചിത്രങ്ങള്‍ പ്രഥമ പരിഗണനപട്ടികയുടെ അവസാന ഫലത്തില്‍ പുറത്തായിരുന്നു. ലൊസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര വിതരണം. കൊമേഡിയനും അമേരിക്കന്‍ ടിവി ഷോ സ്റ്റാറുമായ കൊനാന്‍ ഒബ്രയോണ്‍ ആണ് ഇത്തവണ ഓസ്‌കറിലെ അവതാരകന്‍. ഇതാദ്യമായാണ് ഒബ്രയോണ്‍ അവതാരകനായെത്തുന്നത്.
മികച്ച സൗണ്ട്: ഡ്യൂണ്‍ പാര്‍ട്ട് 2
മികച്ച ഒറിജനില്‍ സ്‌കോര്‍: ദ് ബ്രൂട്ടലിസ്റ്റ് (ഡാനിയല്‍ ബ്ലുംബെര്‍ഗ്)
മികച്ച ഒറിജനല്‍ സോങ്: എല്‍ മാല്‍ (എമിലിയ പെരസ്)
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: ഐ ആം നോട്ട് എ റോബോട്ട്
മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം: ദ് ഒണ്‍ലി ഗേള്‍ ഇന്‍ ദ് ഓര്‍ക്കെസ്ട്ര
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം: നോ അദര്‍ ലാന്‍ഡ്
മികച്ച വിഷ്വല്‍ ഇഫക്ട്‌സ്: ഡ്യൂണ്‍ പാര്‍ട്ട് 2
മികച്ച എഡിറ്റിങ്: ഷോണ്‍ ബേക്കര്‍ (അനോറ)
മികച്ച വിദേശ ഭാഷ ചിത്രം: ഐ ആം സിറ്റില്‍ ഹിയര്‍
മികച്ച കോസ്റ്റ്യൂം ഡിസൈന്‍: പോള്‍ ടേസ്വെല്‍ (വിക്കെഡ്)
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: വിക്കെഡ്: നഥാന്‍ ക്രൗലി (പ്രൊഡക്ഷന്‍ ഡിസൈന്‍, ലൈ സാന്‍ഡലെസ് (സെറ്റ് ഡെക്കറേഷന്‍)
മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിങ്: ദ് സബ്സ്റ്റന്‍സ്: പിയേറെ-ഒലിവര്‍ പെര്‍സിന്‍, സ്റ്റെഫാനി ഗില്ലന്‍, മറിലിന്‍ സ്‌കാര്‍സെല്ലി
മികച്ച അവലംബിത തിരക്കഥ: പീറ്റര്‍ സ്‌ട്രോഗന്‍ (കോണ്‍ക്ലേവ്)
മികച്ച യഥാര്‍ഥ തിരക്കഥ: ഷോണ്‍ ബേക്കര്‍ (അനോറ)
മികച്ച അനിമേറ്റഡ് ഷോര്‍ട് ഫിലിം: ഇന്‍ ദ് ഷാഡോ ഓഫ് ദ് സൈപ്രൈസ്
മികച്ച അനിമേഷന്‍ ചിത്രം: ഫ്‌ലോ