/kalakaumudi/media/media_files/2025/10/17/pathirathri-2025-10-17-15-49-40.jpg)
രത്തീന സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ 'പാതിരാത്രി' ഒരു അന്വേഷണത്തിന്റെ കഥയാണ് പറയുന്നത്.
അത് കേവലം കുറ്റകൃത്യത്തിന്റെ അന്വേഷണം മാത്രമല്ല, മനുഷ്യന്റെ വൈകാരിക തലങ്ങളിൽ രൂപപ്പെടുന്ന ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങളുടെ അന്വേഷണം കൂടിയാകുന്നു. നവ്യ നായർ, സൗബിൻ ഷാഹിർ, ആൻ അഗസ്റ്റിൻ, സണ്ണി വെയ്ൻ, ഹരിശ്രീ അശോകൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. രണ്ട് പൊലീസുകാരുടെ ദൈനംദിന ജീവിതവും, അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന കുറ്റകൃത്യത്തിന്റെ അന്വേഷണവും, തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് പാതിരാത്രിയുടെ പ്രമേയം.
സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പാതിരാതിയിലാണ് സിനിമയിലെ പ്രധാനപ്പെട്ട സംഭവവികാസങ്ങളെല്ലാം തന്നെ അരങ്ങേറുന്നത്. ജാൻസി (നവ്യ), ഹരീഷ് (സൗബിൻ) എന്നിവർ രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥരാണെങ്കിലും, ഇരുവരും വ്യക്തിപരമായും ജോലി സംബന്ധമായും കടന്നുപോവുന്ന മാനസിക തലങ്ങൾ തുല്യമാണ്.
അത്തരത്തിലുള്ള രണ്ട് മാനസിക തലങ്ങൾ ഒരു കുറ്റകൃത്യം തെളിയിക്കപ്പെടാൻ എങ്ങനെയാണ് സഹായകമാകുന്നത് എന്നാണ് സിനിമ സംസാരിക്കുന്നത്. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ റിയലിസ്റ്റിക് പൊലീസ് സിനിമകൾ ധാരാളമുണ്ടെങ്കിലും, അതിൽ നിന്നെല്ലാം വ്യത്യസ്‍തമായി കുടുംബബന്ധങ്ങൾ എങ്ങനെയാണ് അപരിചിതരായ മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്നതെന്ന് സിനിമ പറയുന്നു.