ഷൈന്‍ ടോം ചാക്കോ തമിഴ്നാട്ടിലോ? തിരച്ചില്‍ വ്യാപിപ്പിച്ച് അന്വേഷണ സംഘം

സിനിമാസെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയത് ഷൈന്‍ ടോം ചാക്കോയാണെന്ന് യുവനടി വിന്‍സി അലോഷ്യസ് പരാതി നല്കിയതിനു പിന്നാലെ കാണാതായ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു.

author-image
Akshaya N K
New Update
s

കൊച്ചി:സിനിമാസെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയത് ഷൈന്‍ ടോം ചാക്കോയാണെന്ന് യുവനടി വിന്‍സി അലോഷ്യസ് പരാതി നല്കിയതിനു പിന്നാലെ കാണാതായ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു. ഷൈന്‍ ടോം ചാക്കോയുടെ മൊബൈല്‍ ടവര്‍ അവസാന ലൊക്കേഷന്‍ തമിഴ്‌നാട്ടില്‍ നിന്നായത് കൊണ്ട് കേരളം വിട്ടതായി പൊലീസ് സംശയിക്കുന്നുണ്ട്.

നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടനെ കൊച്ചിയിലും തൃശൂരിലും നടത്തിയ തിരച്ചിലില്‍  കണ്ടെത്താന്‍ സാധിച്ചില്ല. പൊലീസ് തിരച്ചിലിനായി ഹോട്ടലില്‍ എത്തിയതറിഞ്ഞ ഷൈന്‍ കടന്നുകളഞ്ഞത് ബോള്‍ഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണെന്നാണ് സൂചന.

അവിടെ  മുറിയെടുത്ത  ശേഷം  പുലര്‍ച്ചെ മൂന്ന് മണിയോട് കൂടി അവിടെ നിന്നും വെള്ള നിറത്തിലുള്ള ഓണ്‍ലൈന്‍ ടാക്‌സിയില്‍ പോയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.  സിസിടിവി ദൃശ്യങ്ങളില്‍ വാഹനത്തിന്റെ നമ്പര്‍ പതിയാതിരിക്കാന്‍ നടന്‍ ശ്രദ്ധിച്ചിരുന്നതായും സംശയിക്കുന്നു. നടന്‍ കേരളത്തില്‍ നിന്ന് പുറത്തേയ്ക്ക് പോയിരിക്കാം എന്ന പൊലീസ് സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം.

vincy aloshious Tamil Nadu drugs shine tom chacko