/kalakaumudi/media/media_files/2025/11/01/pranav-2025-11-01-18-24-38.jpg)
കൊച്ചി: ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ ചിത്രം ഡീയസ് ഈറെയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. സൈക്കോളജിക്കല്‍ ഹൊറര്‍ ജോണറിലിറങ്ങിയ ചിത്രം ശരിക്കും ഞെട്ടിച്ചു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. സിനിമയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ഉദ്വേഗവും ആകാംഷയും മിസ്റ്ററിയും നിറഞ്ഞ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ചിത്രത്തില്‍ രോഹന്‍ എന്ന കഥാപാത്രത്തെയാണ് പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നരീതിയിലാണ് ചിത്രത്തിന്റെ മേക്കിങ് എന്ന് ട്രെയിലറില്‍ തന്നെ സൂചനകളുണ്ടായിരുന്നു. അഭിനേതാക്കളുടെ പ്രകടനത്തിനൊപ്പമോ, ഒരു പടി മുകളിലോ പ്രേക്ഷകരെ ആകര്‍ഷിച്ചത് സിനിമയുടെ മ്യൂസിക് തന്നെ എന്നതില്‍ തര്‍ക്കമില്ല. സീനുകള്‍ക്കിണങ്ങിയ തരത്തില്‍ സംഗീതത്തെ ലയിപ്പിച്ചിട്ടുണ്ട്. ചില നേരങ്ങളില്‍ നിശബ്ദത പോലും ഭീകരത സൃഷ്ടിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.
ഷെഹ്നാദ് ജലാലിന്റെ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും ഷഫീക്ക് മുഹമ്മദ് അലിയുടെ എഡിറ്റിങ്ങും എം ആര്‍ രാജാകൃഷ്ണന്റെ സൗണ്ട് മിക്സിങ്ങും സിനിമയുടെ മൂല്യങ്ങളോടും ലക്ഷ്യങ്ങളോടും നീതിപുലര്‍ത്തിയെന്ന അഭിപ്രായമുണ്ട്. ഭൂതകാലത്തിനും ഭ്രമയുഗത്തിനും പിന്നാലെ 'ക്രോധത്തിന്റെ ദിനം' അഥവാ ഡീയസ് ഈറെയും പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്നാണ് ട്രെന്‍ഡ് സൂചിപ്പിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
