രാജമൗലി ചിത്രത്തില്‍ 'കൊടൂര' വില്ലനായി പൃഥ്വി

ചിത്രത്തില്‍ പൃഥ്വിരാജ് ഉണ്ടെന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം സ്ഥിരീകരണമുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പൃഥ്വിയുടെ കഥാപാത്രത്തിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്.

author-image
Biju
New Update
prithvi

രാജമൗലി- മഹേഷ് ബാബു കൂട്ടുകെട്ടിന്റേതായി തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എസ്എസ്എംബി 29. ചിത്രത്തില്‍ പൃഥ്വിരാജ് ഉണ്ടെന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം സ്ഥിരീകരണമുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പൃഥ്വിയുടെ കഥാപാത്രത്തിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. കുംഭ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വി എത്തുന്നത്.

പ്രിയങ്ക ചോപ്രയാണ് ചിത്രത്തില്‍ നായികയായെത്തുക. ഒരു ഹൈടെക് വീല്‍ചെയറില്‍ ഇരിക്കുന്ന പൃഥ്വിരാജിനെയാണ് പോസ്റ്ററില്‍ കാണാനാവുക. 'കുംഭ നിങ്ങളിലേക്ക്, ഞാനിതുവരെ ചെയ്തതില്‍ ഏറ്റവും സങ്കീര്‍ണ്ണമായ കഥാപാത്രം. മഹേഷ് ബാബു നിങ്ങള്‍ക്കായി ഞാന്‍ തയ്യാറാണ്. പ്രിയങ്ക ചോപ്രാ ഗെയിം ആരംഭിക്കുന്നു, എന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ഒരു ലോകം ഒരുക്കിയ രാജമൗലി സാറിന് നന്ദി'. - പൃഥ്വിരാജ് പോസ്റ്റര്‍ പങ്കുവച്ച് കുറിച്ചു.

അതേസമയം ചിത്രത്തിന്റെ പോസ്റ്ററിന് നേരെയും വിമര്‍ശനമുയരുന്നുണ്ട്. ഡോക്ടര്‍ ഒക്ടോപസ് ഇന്ത്യന്‍ വേര്‍ഷന്‍, മുഖം വെട്ടി ഒട്ടിച്ച പോലെയുണ്ട്, 24 ലെ സൂര്യയെ പോലെയുണ്ട് എന്നൊക്കെയാണ് പോസ്റ്ററിന് താഴെ നിറയുന്ന കമന്റുകള്‍. നവംബര്‍ 15 ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ വച്ചാണ് ചിത്രത്തിന്റെ ലോഞ്ച് നടക്കുന്നത്. മഹേഷ് ബാബു, പൃഥ്വിരാജ്, പ്രിയങ്ക ചോപ്ര എന്നിവര്‍ ആദ്യമായി ഒരുമിക്കുന്ന ചിത്രമാണിത്.

ഒരു ആക്ഷന്‍ - അഡ്വഞ്ചര്‍ സിനിമയായാണ് എസ്എസ്എംബി ഒരുങ്ങുന്നത്. കെനിയ ഉള്‍പ്പെടെ ആറ് രാജ്യങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. 1000 കോടിയ്ക്ക് മുകളിലാണ് ചിത്രത്തിന്റെ ബജറ്റെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇത്. മഹേഷ് ബാബുവിന്റെ കരിയറിലെ 29-ാമത്തെ ചിത്രം കൂടിയാണിത്.