/kalakaumudi/media/media_files/2025/04/05/XVGF8ojHIn3wGoKVrxGt.jpg)
കൊച്ചി: എമ്പുരാന്‍ സിനിമയിലെ വിവാദം 24 വെട്ട് വെട്ടി ഇറങ്ങിയിട്ടും കെട്ടടങ്ങിയിട്ടില്ല. നിര്‍മ്മാതാവ് ഗോകുലം ഗോപാലനും പ്രിഥ്വിരാജിനുമടക്കം അത് പരിശോധനയുടെ രൂപത്തില്‍ പുറത്തുവരികയാണെന്നാണ് ആരേപണം. അതിനിടെ സിനിമയുടെ തിരക്കഥാകൃത്ത് മുരളി ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം അഖില്‍ മാരാര്‍.
മനുഷ്യരെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിച്ച് സിനിമയെ മാര്‍ക്കറ്റ് ചെയ്യുകയായിരുന്നു 'എമ്പുരാന്‍' സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ചെയ്തതെന്ന അഖില്‍ മാരാര്‍ പറയുന്നു. ഒരു സിനിമ ഇറങ്ങിയാല്‍ ചര്‍ച്ച ചെയ്യപ്പേടേണ്ടത് മതമല്ല, സിനിമയാണ്. മോഹന്‍ലാലിനോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് മനസ്സിലായി, അദ്ദേഹം ഖേദം പ്രകടിപ്പിച്ചത് വലിയ കാര്യമാണ്. മുരളി ഗോപി ഇതെല്ലാം കണ്ടിട്ടും നിശബ്ദത പാലിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ആളുകള്‍ തമ്മിലടിക്കുന്നത് കണ്ടു രസിക്കുന്ന സൈക്കോ ആണോ എന്നും അഖില്‍ മാരാര്‍ ചോദിക്കുന്നു. പൃഥ്വിരാജ് എന്ന നടനോടും സംവിധായകനോടും ബഹുമാനവും സ്‌നേഹവുമുണ്ട്. പക്ഷേ അദ്ദേഹം എമ്പുരാന്‍ എന്ന സിനിമ മാര്‍ക്കറ്റ് ചെയ്ത രീതി ശരിയായില്ല. ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന ഒരു സിനിമ കേരളത്തില്‍ ചെയ്യാന്‍ കഴിയില്ല എന്നും ചെയ്താല്‍ തന്നെ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല എന്നും അഖില്‍ മാരാര്‍ പറയുന്നു. ഗുജറാത്ത് കലാപം കഴിഞ്ഞ് 23 വര്‍ഷമാവുകയും നരേന്ദ്രമോദി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെയായി അവരതിന്റെ നേട്ടങ്ങളൊക്കെ നേടുകയും ചെയ്തുകഴിഞ്ഞു വീണ്ടും കലാപത്തിന്റെ പേരുപറഞ്ഞ് ബിജെപിക്ക് കൂടുതല്‍ നേട്ടങ്ങളുണ്ടാക്കി കൊടുക്കാനാണ് ഇത്തരം ചര്‍ച്ചകള്‍ സഹായിക്കുന്നത് എന്ന് അഖില്‍ ഒരു അഭിമുഖത്തില്‍ പറയുന്നു.
''എമ്പുരാന്‍ എന്ന സിനിമ ഞാന്‍ ആദ്യദിവസം കണ്ടില്ല. പടം കണ്ടത് രണ്ടു ദിവസം മുമ്പാണ്. ഒരു സിനിമ ഇറങ്ങി കഴിയുമ്പോള്‍ ആദ്യദിനങ്ങളില്‍ വരുന്ന അഭിപ്രായങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കുമല്ലോ. സമൂഹം എങ്ങനെയാണ് ആ സിനിമ ഏറ്റെടുക്കുന്നത്, സിനിമ നല്ലതാണോ എന്നു നോക്കും. അപ്പോള്‍ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം സോഷ്യല്‍ മീഡിയയില്‍ മതപരമായി അങ്ങോട്ടും ഇങ്ങോട്ടും ഉള്ള അടിയായിരുന്നു. അതായത് സംഘികളെ തേച്ചൊട്ടിച്ചു എന്ന് പറഞ്ഞുകൊണ്ട് ഒരു വിഭാഗം പേര്‍ ആഘോഷിക്കുമ്പോള്‍ സംഘികളുടെ ഭാഗത്തുനിന്നുള്ള എതിര്‍പ്പ് നമ്മള്‍ കാണുന്നു. ബിനീഷ് കോടിയേരി ഉള്‍പ്പെടെയുള്ള ആളുകള്‍ പ്രതികരിക്കുന്നു.
പക്ഷേ ഇവരൊക്കെ പോസ്റ്റ് ചെയ്യുന്നത് സിനിമയുടെ അഭിപ്രായമല്ല. സിനിമയെക്കുറിച്ചുള്ള അഭിപ്രായത്തിന് ഉപരിയായി ഗുജറാത്ത് കലപവും അതില്‍ സംഘികള്‍ അല്ലെങ്കില്‍ ഹിന്ദുത്വ ഭീകരവാദികളുടെ നെറുകേട് എന്നൊരു വിഷയമാണ് പ്രതിപാദിക്കപ്പെട്ടത്. ഒരു സിനിമ പുറത്തിറങ്ങുന്നു, ആ സിനിമ മതപരമായി ഭിന്നിപ്പ് സമൂഹത്തില്‍ സൃഷ്ടിക്കാന്‍ കാരണമാകുന്നു എന്നതാണ് ഞാന്‍ കണ്ടത്. അപ്പോള്‍ ദയവു ചെയ്ത് അങ്ങനെ ചെയ്യരുത്, സിനിമയെ സിനിമ ആയി കാണണം എന്നു പറഞ്ഞു കൊണ്ടാണ് ഞാന്‍ ആദ്യം ഒരു പോസ്റ്റ് എഴുതിയത്. ഗുജറാത്ത് കലാപത്തെ ഞാന്‍ ന്യായീകരിച്ചു എന്നാണ് ആ പോസ്റ്റ് കണ്ട പലരും വിചാരിച്ചത്.
ഗുജറാത്ത് കലാപം കഴിഞ്ഞ് 23 വര്‍ഷം കഴിഞ്ഞ് നരേന്ദ്രമോദി മുഖ്യമന്ത്രിയായി, നരേന്ദ്രമോദി പ്രധാനമന്ത്രിയുമായി അവര്‍ അതിന്റെ നേട്ടങ്ങളെല്ലാം കൊയ്തു കഴിഞ്ഞു. അപ്പൊ ഇനിയും ഈ കലാപത്തിന്റെ പേരും പറഞ്ഞ് നേട്ടങ്ങള്‍ കൂടുതല്‍ നിങ്ങള്‍ ബിജെപിക്ക് ഉണ്ടാക്കി കൊടുക്കാന്‍ വേണ്ടിയിട്ടാണെങ്കില്‍ നമുക്ക് എന്നും ഇരുന്നു ചര്‍ച്ച ചെയ്യാം. എതിരാളി എങ്ങനെയാണ് ജയിക്കുന്നതെന്ന് തിരിച്ചറിയാതെ ബിജെപിയെ ജയിപ്പിക്കാന്‍ വേണ്ടി ഇവിടെ വീണ്ടും ഈ വിഷയം ചര്‍ച്ചയ്ക്ക് എടുക്കുമ്പോള്‍ മനുഷ്യന്‍ മതപരമായിട്ട് അങ്ങോട്ടും ഇങ്ങോട്ടും അടിക്കുകയല്ലേ ചെയ്യുന്നത്. അതാണ് ഞാന്‍ ആദ്യം എഴുതിയത്.
പിന്നീട് ഈ സിനിമ ഞാന്‍ കണ്ടു. സിനിമ കണ്ടപ്പോള്‍ ഒറ്റ വരിയിലാണ് ഈ സിനിമയെ കുറിച്ചിട്ടുള്ള എന്റെ ഒരു വിലയിരുത്തല്‍. മുരളി ഗോപിയുടെ വികലമായ എഴുത്തിന് പൃഥ്വിരാജിന്റെ കോടിക്കണക്കിന് മുതല്‍ മുടക്കിയുള്ള വിവരക്കേട് എന്നാണ് ഞാന്‍ എഴുതിയത്. പുതിയ സിനിമയുടെ അഭിപ്രായങ്ങള്‍ ഒന്നും പറയാറില്ല, പക്ഷേ പൃഥ്വിരാജ് തന്നെ പറഞ്ഞിട്ടുണ്ട്, സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പറയാവുന്നതും സത്യസന്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നതും ഒക്കെ അദ്ദേഹത്തിന് ഇഷ്ടമാണെന്ന്. അദ്ദേഹം
അങ്ങനെ സംസാരിക്കുന്ന ഒരാളാണ്. അപ്പോള്‍ നമുക്ക് പറയാമല്ലോ.
ഈ സിനിമയ്ക്കുള്ളില്‍ കാണിക്കുന്ന മറ്റൊരു കാര്യം, മഞ്ജു വാരിയരുടെ കഥാപാത്രം തനിക്ക് ജനങ്ങള്‍ക്കിടയില്‍ ജനപ്രീതി കിട്ടാന്‍ വേണ്ടി നേതാവായി ഇറങ്ങുന്ന നിമിഷം അവരുടെ ഒരു പ്രീ പ്ലാനിങ് ഉണ്ട്. ആ പ്രീ പ്ലാനിങ്ങിലൂടെ നാളെ വന്ന് തന്നെ എന്‍ഐഎ അറസ്റ്റ് ചെയ്യുമ്പോള്‍ എങ്ങനെ അറസ്റ്റ് ചെയ്യപ്പെടണം, എങ്ങനെ കയ്യില്‍ വിലങ്ങു വയ്ക്കണം, അങ്ങനെ വിലങ്ങു വച്ച് ഇറങ്ങുമ്പോള്‍ ആണ് താനൊരു നേതാവായി മാറുന്നത് എന്നുള്ള ഒരു തിരക്കഥാകൃത്തിന്റെ ഒരു പ്ലാനിങ് കാണുന്നുണ്ട്. അപ്പൊ ഏത് രീതിയില്‍ സമൂഹത്തില്‍ ഒരു കുത്തിത്തിരിപ്പ് ഉണ്ടാക്കണം എന്നുള്ള കൃത്യമായ പ്ലാനിങ് ഈ സിനിമയില്‍ തന്നെ ഒരു കഥാപാത്രം കാണിച്ചു തരുന്നുണ്ട്. ജനത്തെ എങ്ങനെ വിഡ്ഢിയാക്കി ഒരു നേതാവായി മാറാം എന്നത് ഈ സിനിമയിലൂടെ തന്നെ കാണിക്കുന്നുണ്ട്. ഇവര്‍ സിനിമയില്‍ പറഞ്ഞ ഇതേ കാര്യത്തെ ഇവര്‍ എടുത്ത് മാര്‍ക്കറ്റ് ചെയ്യാന്‍ ഉപയോഗിച്ചു.
ഈ സിനിമയില്‍ ആദ്യം ഒരു പെട്രോള്‍ കുപ്പി വന്നു വീഴുന്നത് കാണിക്കുന്നുണ്ട്. അതാരും ശ്രദ്ധിക്കാത്തത് കൊണ്ടാകാം കാണാത്തത്. ട്രെയിനില്‍ തീ പിടിച്ചതല്ല എന്നും ആരോ പെട്രോള്‍ ബോംബ് അല്ലെങ്കില്‍ പെട്രോള്‍ എറിഞ്ഞ് തീ പിടിപ്പിച്ചതാണെന്നും തന്നെയാണ് സിനിമ കാണിക്കുന്നത്. അത് ആര് എറിഞ്ഞു എന്നുള്ളതിനെക്കുറിച്ച് കാണിക്കുന്നില്ല. പക്ഷേ പിന്നീട് ബില്‍ക്കിസ് ബാനു വിഷയവും പണ്ട് ഗുജറാത്തില്‍ സംഭവിച്ച വളരെ ദൗര്‍ഭാഗ്യകരമായ കാര്യവും വളരെ വൈകാരികമായ രീതിയില്‍
ചിത്രീകരിച്ചിട്ടുണ്ട്. അത് കാണുന്ന എല്ലാ മനുഷ്യര്‍ക്കിടയിലും വലിയ വേദന ഉണ്ടാകുന്ന ഒരു കാര്യമാണ്. അത് അങ്ങനെ തന്നെ ചിത്രീകരിച്ചിട്ടുണ്ട്. നമുക്ക് ഈ സിനിമ കാണുമ്പോള്‍ തുടക്കത്തില്‍ തോന്നും ഇത് മനോഹരമായിട്ട് പോര്‍ട്രേറ്റ് ചെയ്യപ്പെട്ട ഒരു പൊളിറ്റിക്കല്‍ സിനിമയാണെന്ന്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഒക്കെ പോലെ പച്ചയായ രാഷ്ട്രീയം പറയുന്ന പച്ചയായ ജീവിതം പറയുന്ന ഈ രാജ്യത്തിന്റെ രാജ്യത്തെ തീവ്രവാദ നിലപാടുകളെ തുറന്നു കാണിക്കുന്ന യാഥാര്‍ഥ്യ ബോധത്തോടുകൂടിയുള്ള സിനിമയാണെന്ന് നമ്മള്‍ വിചാരിക്കുന്നു. അത് കഴിഞ്ഞപ്പോഴത്തേക്കും പിന്നീട് ഈ സിനിമ സഞ്ചരിക്കുന്നത് വിവരക്കേടുകളില്‍ നിന്ന് വിവരവക്കേടുകളിലേക്കാണ്.
കൂറുമാറ്റ നിരോധന നിയമം കേട്ടിട്ടുണ്ടോ. നമ്മള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായി മത്സരിച്ച് എംഎല്‍എ ആയാല്‍ നമ്മള്‍ ആ പാര്‍ട്ടി വിട്ടാല്‍ നമുക്ക് എംഎല്‍എ ആയി തുടരാന്‍ പറ്റില്ല. ഇവിടെ എന്തായാലും ഇപ്പുറത്തെ ഹിന്ദുത്വ ഭീകരവാദികളെയാണ് കാണിക്കുന്നതെന്ന് ഒരു വിഭാഗം പേര് അംഗീകരിച്ചാല്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സമാനമായ ആയ രണ്ട് ക്യാരക്ടറൈസേഷന്‍ കൊടുത്തുകൊണ്ട് കോണ്‍ഗ്രസിനെയും അല്ലെങ്കില്‍ യുഡിഎഫിനെയും ആണ് പ്രതിനിധീകരിക്കുന്നത് എന്നുള്ള കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലല്ലോ. അങ്ങനെയെങ്കില്‍ രാഹുല്‍ ഗാന്ധി ഒരു മോശം മുഖ്യമന്ത്രി അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അധികാര സ്ഥാനത്ത് ഇരുന്നുകൊണ്ട് വളരെ മോശപ്പെട്ടവനാണെന്നും അയാള്‍ അധികാരത്തിന് വേണ്ടിയിട്ട് ഹിന്ദുത്വവാദികളോട് കൈകോര്‍ക്കുന്നവനാണെന്നുമാണ് ഈ സിനിമ കാണിക്കുന്നത്.
അപ്പോള്‍ അത് ഇവര്‍ക്ക് അംഗീകരിക്കാന്‍ പറ്റുമോ. ഇനി ആ രംഗം തന്നെ ആലോചിച്ചു നോക്കൂ, ഒരു മുഖ്യമന്ത്രി ഒരു വലിയ പൊതു സമ്മേളനം വിളിക്കുന്നു. പൊതുവെ മുഖ്യമന്ത്രിമാര്‍ക്ക് അങ്ങനെ പൊതുസമ്മേളനം വിളിക്കാന്‍ പറ്റില്ല. അത് ഗവണ്‍മെന്റിന്റെ ഔദ്യോഗിക പോസ്റ്റ് അല്ലേ. നമ്മളില്‍ ഒരാള്‍ കോണ്‍ഗ്രസുകാരനോ ഏത് പാര്‍ട്ടിക്കാരനോ ആവട്ടെ നമ്മുടെ പാര്‍ട്ടി പരിപാടിക്ക് പോയി നില്‍ക്കുമ്പോള്‍ നേതാവ് വന്നിരുന്നുകൊണ്ട് ഒരു സുപ്രഭാതത്തില്‍ പറയുന്നു ഞാന്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ പോവുകയാണ്, അങ്ങനെ പറഞ്ഞാല്‍ ഏതെങ്കിലും ഒരു 10 പേരെങ്കിലും എതിര്‍ക്കേണ്ടേ. ഇത്രയും വിവരം കെട്ടവരും വിഡ്ഢികളും ആയിട്ടുള്ള മനുഷ്യരാണ് കോണ്‍ഗ്രസില്‍ ഉള്ളത് എന്നാണോ മുരളി ഗോപി ഉദ്ദേശിക്കുന്നത്? കോണ്‍ഗ്രസിന് മതേതരത്വ മൂല്യം കാത്തുസൂക്ഷിക്കുന്ന ഒരാളും ഇല്ലെന്നും രാഹുല്‍ ഗാന്ധിയെ പോലെ ഒരാള്‍ വന്ന് നാളെ ഇങ്ങനെ പറഞ്ഞാല്‍ അല്ലെങ്കില്‍ ഒരു നേതാവ് വന്ന് ഇതുപോലത്തെ ഒരു കാര്യം ഒരു പൊതുവേദിയില്‍ അവതരിപ്പിച്ചാല്‍ ആ മുഖ്യമന്ത്രി പറയുന്നത് കേട്ട് പഞ്ചപുച്ചമടക്കി പോകുന്ന അനുയായികളാണ് എന്നല്ലേ നമ്മള്‍ ആ രംഗംകൊണ്ട് മനസ്സിലാക്കേണ്ടത്. പുള്ളിയുടെ കൂടെ വല്ല എംഎല്‍എമാരെയും കണ്ടോ? എത്ര എംഎല്‍എമാര്‍ ഇദ്ദേഹത്തിന് പിന്തുണ കൊടുത്തു, എത്ര മന്ത്രിമാര്‍ ഇദ്ദേഹത്തിന് പിന്തുണ കൊടുത്തു? ഇതൊന്നും നമുക്ക് ഈ സിനിമയില്‍ കാണിക്കാനില്ല. അപ്പൊ ആരുടെ പിന്തുണയിലാണ് ഇയാള്‍ മുഖ്യമന്ത്രിയായി തുടരുന്നത്? അപ്പൊ അതായത് യാഥാര്‍ഥ്യത്തില്‍ നിന്ന് വളരെ വ്യതിചലിക്കുന്ന ഒരു രംഗം.
മറ്റൊരു കാര്യം അബ്രാം ഖുറേഷിക്ക് ലോകത്തെ മൊത്തം നിയന്ത്രിക്കാന്‍ ശേഷിയുണ്ട്. പക്ഷേ ഈ പാവം പിടിച്ച സയീദ് മസൂദിന്റെ വീട്ടുകാരെ മൊത്തം തട്ടിയവര്‍ക്കു വേണ്ടി 23 വര്‍ഷമാണ് പുള്ളി കാത്തിരുന്നത്. ഇതിന്റെ ആവശ്യമില്ലല്ലോ. ഇതു ഫാന്റസി ആണെന്നോ ഫിക്ഷന്‍ ആണെന്നോ പറയുകയാണെങ്കില്‍ കുഴപ്പമില്ല, എന്നാല്‍ കമേഴ്‌സ്യല്‍ സിനിമ ആണെങ്കില്‍ തുടക്കത്തില്‍ മറ്റേത് കാണിക്കരുത്. ഇവിടുത്തെ മുല്ലപ്പെരിയാറിനെ എടുത്തു വച്ച് ബന്ധപ്പെടുത്തരുത്. നമ്മള്‍ എത്രയോ സിനിമകള്‍ കണ്ടേക്കുന്നു, പക്ഷേ പച്ചയായ രാഷ്ട്രീയം പറഞ്ഞ മഹത്തായ കലാസൃഷ്ടി എന്നു പറഞ്ഞുകൊണ്ട് വരരുത്. ഇത് പച്ചയായ രാഷ്ട്രീയമല്ല പറഞ്ഞത്. രാജ്യത്ത് നടന്ന ഒരു സംഭവത്തെ ഓര്‍മപ്പെടുത്തി ഇവര്‍ ഇവരുടെ നിലപാട് പ്രഖ്യാപിച്ചതായിട്ട് എനിക്ക് തോന്നുന്നില്ല.
മനുഷ്യനെ തമ്മിലടിപ്പിച്ച് എങ്ങനെ പണം ഉണ്ടാക്കാം. അതാണ് ഈ കണ്ടതും അതാണ് ആള് കേറിയതും. എന്റെ ഒരുപാട് സുഹൃത്തുക്കള്‍ നോമ്പ് കഴിഞ്ഞ് പടം പോയി കണ്ടു അവര്‍ എന്നെ വിളിച്ചു പറഞ്ഞു എവിടെയെങ്കിലും കുറച്ച് ക്യാമറന്മാരെ ആള്‍ക്കാരെ പറഞ്ഞുവിട് അളിയാ ഞങ്ങളുടെ അഭിപ്രായം പറയാമെന്ന്. അവര്‍ക്ക് പടം ഇഷ്ടപ്പെട്ടില്ല. പടം ഇഷ്ടപ്പെടാത്ത എത്രയോ ആള്‍ക്കാര്‍ ഇവിടെ ഉണ്ട്. പക്ഷേ മതേതരത്വത്തിന്റെ പേരില്‍ ബിജെപിയെ എതിര്‍ക്കുക എന്നതിന്റെ പേരില്‍ ഈ സിനിമയെ കുറിച്ചിട്ടുള്ള സത്യസന്ധമായ അഭിപ്രായം പോലും പറയാന്‍ പറ്റാതെ നിശബ്ദരാക്കപ്പെട്ട ഒരു ജനതയാണ് ഇവിടെ ഉള്ളത്. ഈ സിനിമയില്‍ ഇപ്പൊ അബ്രാം ഖുറേഷിയുടെ കഥാപാത്രത്തിന് സ്റ്റീഫന്‍ ആയിട്ടുള്ള കണക്ഷനോ ബന്ധങ്ങളോ ഒന്നും കാണിക്കാതെ പത്ര മാധ്യമങ്ങള്‍ അബ്രാം ഖുറേഷി കൊല്ലപ്പെടുന്ന സമയത്ത് ആഘോഷിക്കുകയാണ്. ഈ സിനിമയുടെ വിലയിരുത്തലിനെ കുറിച്ച് ചിന്തിച്ചാല്‍ സിനിമയില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട്. പക്ഷേ പുറത്ത് ചര്‍ച്ച ചെയ്യപ്പെട്ടത് മതമായിപ്പോയി, ഒരു സിനിമ ഇറങ്ങിയാല്‍ മതമല്ല ചര്‍ച്ച ചെയ്യപ്പെടേണ്ടത്. സിനിമയുടെ കഥ ആണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്.
കശ്മീരി ഫയല്‍സിനെകുറിച്ച് പറഞ്ഞാലോ കേരള സ്റ്റോറിയെക്കുറിച്ച് പറഞ്ഞാലോ ഒന്നും ന്യായീകരിക്കാന്‍ പറ്റില്ല. ഈ കേരള സ്റ്റോറി ഇവിടെ ആര് കണ്ടു, ഇവിടെ സംഘപരിവാര്‍കാര്‍ പോലും കണ്ടിട്ടില്ല. ഇവിടെ 'പുഴ മുതല്‍ പുഴ വരെ' എന്ന് പറയുന്ന ഒരു പടം എടുത്തു, രാമസിംഹന്‍ അതോടുകൂടി പാര്‍ട്ടി വിട്ടു. കാരണം സംഘികള്‍ പോലും കണ്ടിട്ടില്ല. ഞാന്‍ 'ഛാവ' എന്ന പടം കാണാന്‍ പോയി, ഇന്റര്‍വെല്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഇറങ്ങിപ്പോയി. എനിക്ക് അതിതീവ്ര വികാരളഉ= ദേശീയതയഉ= കുത്തിനിറച്ച പടം ഒന്നും കാണണ്ട. നമ്മള്‍ സിനിമയാണ് കാണാന്‍ പോകുന്നത്. ഞാന്‍ എന്റെ സിനിമയില്‍ കെ. സുരേന്ദ്രന്‍ എന്ന് പറയുന്ന നേതാവിനെ പരിഹസിച്ചു എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ശത്രുത കാണിച്ചു എന്ന് സന്ദീപ് വാരിയര്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഒരു സിനിമ ഇറങ്ങുമ്പോള്‍ ആ സിനിമയുടെ പ്രമേയം ചര്‍ച്ച ചെയ്യപ്പെടണം. അത് പുറത്ത് മനുഷ്യരെ തമ്മിലടിപ്പിക്കുന്ന രീതിയില്‍ ആയി മാറാന്‍ പാടില്ല.
ലാലേട്ടന്‍ പോസ്റ്റ് ഇടുന്നതിനു മുന്നേ ഞാന്‍ ലാലേട്ടന് രാവിലെ മെസ്സേജ് അയച്ചിരുന്നു, അദ്ദേഹം മറുപടി ഇട്ടിട്ടുണ്ടായിരുന്നു. കോളജില്‍ പണ്ട് മമ്മൂട്ടി-മോഹന്‍ലാല്‍ എന്ന് പറഞ്ഞാണ് അടി നടന്നുകൊണ്ടിരുന്നത്, ഇപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും മാറി മുസ്ലിം എന്നും ഹിന്ദു എന്നും പറഞ്ഞ് അടി നടത്തുകയാണ്. അങ്ങനെ ഒരു അടി അവിടെ നടക്കുകയും ഈ അടി പുറത്തേക്ക് വ്യാപിക്കുകയും ഇത് ഏറ്റെടുക്കാന്‍ ഈ രാജ്യത്തെ, ഈ നാട്ടിലെ ഇരു വിഭാഗത്തില്‍ പെട്ട മത തീവ്രവാദികള്‍ എത്തുകയും ചെയ്യും. ഞാന്‍ ഒരു സംഘടനയല്ല പറയുന്നത് മനുഷ്യരിലുള്ള വ്യത്യസ്തമായ സ്വഭാവഗുണങ്ങളില്‍ ഓരോരുത്തരും വ്യത്യസ്തമായിരിക്കും, അവന്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചാലും അവന്റെ മനസ്സില്‍ വികൃതമായ നിമിഷങ്ങള്‍ കാണും. ഇത് അവന്‍ ഏറ്റെടുത്താല്‍ ഇത് കേരളത്തില്‍ ആളിക്കത്തില്ലേ. അക്കാര്യമാണ് ഞാന്‍ പ്രധാനമായി ലാലേട്ടന് മെസ്സേജ് അയച്ചത്. അദ്ദേഹം അത് കൃത്യമായിട്ട് മനസ്സിലാക്കുകയും എനിക്ക് തിരിച്ചു റിപ്ലൈ ഇടുകയും ചെയ്തിട്ടുണ്ട്.
മുരളി ഗോപി ഒരു അക്ഷരം മിണ്ടിയില്ല. ഇതെല്ലാം കണ്ടിട്ട് സന്തോഷിക്കുന്ന സൈക്കോ ആണോ പുള്ളി? അങ്ങനെയാണെങ്കില്‍ എന്ത് നിലപാട് ആണിത്?
നാട് മുഴുവന്‍ കലാപം നടക്കുന്നു, നാട് മുഴുവന്‍ മനുഷ്യന്‍ തമ്മില്‍ അടിക്കുന്നു. നിശബ്ദത എന്ന് പറഞ്ഞാല്‍ ഒരാളുടെ നിലപാട് ആണോ. എനിക്കത് തോന്നുന്നില്ല.
ഇപ്പോള്‍ ചിലര്‍ പറയും മാപ്പ് എഴുതിയപ്പോള്‍ സംഘി ആയി സവര്‍ക്കറായി എന്നൊക്കെ, മാപ്പ് എന്ന് പറയുന്നത് ഒരു മനുഷ്യനു ഏറ്റവും മഹത്തായി ചെയ്യാന്‍ കഴിയുന്ന കാര്യമാണ്. നമ്മള്‍ ഒരു മാപ്പ് പറഞ്ഞാല്‍ ആ മാപ്പ് കൊണ്ട് ഒരുപാട് പ്രശ്‌നങ്ങള്‍ കെട്ടടക്കുമെങ്കില്‍ മാപ്പ് എന്ന് പറയുന്നത് ഏറ്റവും മൂല്യമുള്ള ഒന്നാണ്. അതേസമയം നമ്മള്‍ തെറ്റ് ചെയ്തിട്ടില്ല, നമ്മള്‍ ചെയ്ത പ്രവൃത്തി സത്യസന്ധവും വിനീതിയുക്തവും ആണെങ്കില്‍ നമ്മള്‍ മാപ്പ് പറയണ്ട.
ബിഗ് ബോസില്‍ എന്റെ അടുത്ത് തലകുത്തി നിന്ന് പലരും എന്നെക്കൊണ്ട് മാപ്പ് പറയിക്കാന്‍ നോക്കിയപ്പോള്‍ ഞാന്‍ മാപ്പ് പറഞ്ഞിട്ടില്ലല്ലോ. പക്ഷേ മാപ്പ് എത്രയോ പ്രാവശ്യം ഞാന്‍ പറഞ്ഞിട്ടുണ്ട്, ഞാന്‍ ചെയ്തത് തെറ്റാണെന്ന് എനിക്ക് ബോധ്യപ്പെട്ടാല്‍ മാപ്പ് പറയാം. അപ്പോഴല്ലേ നമ്മള്‍ മനുഷ്യനാകുന്നത്. ക്ഷമിക്കുമ്പോഴും മാപ്പ് പറയുമ്പോഴും ഒക്കെ അല്ലേ നമ്മള്‍ മനുഷ്യനാകുന്നത്.
എന്റെ സിനിമയിലും രാഷ്ട്രീയ പാര്‍ട്ടികളെ ഭയങ്കരമായി പരിഹസിച്ചിട്ടുണ്ട്. സിനിമ വലിയ ഹിറ്റ് ആവാത്തത് കൊണ്ട് ആരും അറിഞ്ഞില്ല. പക്ഷേ അതിലെ ചില സീക്വന്‍സുകള്‍ എത്രയോ ഹിറ്റ് ആയിട്ട് ഓടിയിട്ടുണ്ട്. അടിസ്ഥാനപരമായിട്ട് ഈ രാജ്യത്തെ ബിജെപി ചെയ്ത കലാപത്തേക്കാള്‍ ഉപരി അവിടുത്തെ ഹിന്ദുത്വ തീവ്രവാദികള്‍ ചെയ്ത കലാപം എന്ന് തന്നെയാണ് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്. ബിജെപി രാജ്യത്ത് ഒരു കലാപം സൃഷ്ടിച്ചു എന്ന് ഏതെങ്കിലും സംഘടന പറഞ്ഞതായിട്ട് അറിയാമോ. നരേന്ദ്രമോദി ഇതിന്റെ പിന്നില്‍ ഉണ്ടെന്ന് ഏതെങ്കിലും സംഘടന പറഞ്ഞോ ? എന്റെ അറിവിലില്ല. അങ്ങനെ ഉണ്ടെങ്കില്‍ എതിര്‍ത്ത് സംസാരിക്കാം. നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റാണ്. പക്ഷേ നരേന്ദ്രമോദിയോട് കൂടി തന്നെ ശത്രുതയുള്ള മറ്റ് ഹൈന്ദവ സംഘടനകള്‍ ഈ രാജ്യത്തുണ്ട്. അവരില്‍ പെട്ട ആള്‍ക്കാര്‍ ഇത് ചെയ്‌തേക്കാം. ഹിന്ദുത്വ തീവ്രവാദം എന്ന് പറയുന്നത് ഈ രാജ്യത്ത് ഇല്ലെന്നൊന്നും ഞാന്‍ ഒരിക്കലും പറയില്ല. അതുകൊണ്ട് അപ്പുറത്ത് പറയുന്ന പോലെ തന്നെ ഇപ്പുറത്ത് ഉണ്ട്, പക്ഷേ അത് ഈ രാജ്യം ഭരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി
തന്നെയാണ് എന്ന് പറയണമെങ്കില്‍ നമ്മുടെ കയ്യില്‍ തെളിവ് വേണം, നമുക്ക് സുപ്രീം കോടതിയുടെയോ രാജ്യത്തെ ഏതെങ്കിലും അന്വേഷണ ഏജന്‍സിയുടെയോ സ്റ്റേറ്റ്‌മെന്റുകള്‍ ഉണ്ടാവണം അല്ലാതെ വിവരക്കേട് വിളിച്ചു പറയരുത്.
ബിസിനസ്സിന് വേണ്ടി തന്നെയാണ് ഒരു സിനിമ നിര്‍മിക്കപ്പെടുന്നത് പക്ഷേ പണം ഉണ്ടാക്കാന്‍ ഭിന്നിപ്പുണ്ടാക്കുക, മതപരമായി തമ്മിലടിപ്പിക്കുക അവിടെയല്ലേ ഏറ്റവും വലിയ അപകടം. അതിനെയല്ലേ നമ്മള്‍ എതിര്‍ക്കുന്നത്. സിനിമ എല്ലാവരും പോയി കണ്ടില്ലേ, പക്ഷേ മനുഷ്യര്‍ക്കിടയില്‍ ഉണ്ടാകുന്ന വിഭാഗീയത ഇതെങ്ങനെ മാറും. സോഷ്യല്‍ മീഡിയ അതുവരെ സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന രണ്ടുപേര് മതപരമായിട്ട് ഒരു അഭിപ്രായ വ്യത്യാസം വരുകയും ഇവര്‍ തമ്മില്‍ അങ്ങ് അകലും മാനസികമായി
മനുഷ്യര്‍ക്കിടയില്‍ ഒരു അകല്‍ച്ച സംഭവിക്കും. നമുക്ക് ബിജെപിയെ എതിര്‍ക്കാം, ബിജെപി കേരളത്തില്‍ ഒരു സീറ്റ് പോലും പിടിക്കാതിരിക്കത്തക്ക രീതിയില്‍ വര്‍ക്ക് ചെയ്യണമെങ്കില്‍ അതിന് പൊളിറ്റിക്കലി വര്‍ക്ക് ചെയ്യണം, ബിജെപിയെ എങ്ങനെ പരാജയപ്പെടുത്താം എന്ന് പഠിക്കണം.
മുരളി ഗോപി ഇതുപോലെ 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എഴുതിയിട്ടുണ്ട് അത് പൊളിറ്റിക്കലി ക്രിട്ടിസൈസിങ് ആണ്, ഒരു പ്രശ്‌നവും ഇല്ല. ഒരു കലാപം ഉണ്ടായി ഈ രാജ്യത്ത് ഒരു അന്വേഷണ കമ്മീഷന്‍ വച്ചു, അതിനു ശേഷം അംഗീകരിക്കപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 11 പേര്‍ക്ക് വധശിക്ഷ വിധിച്ചു. അങ്ങനെ ഒരു വലിയ വിഭാഗം വിശ്വസിക്കുന്നു. ശരിയോ തെറ്റോ എന്നുള്ളതല്ല. അങ്ങനെ ഒരു കോടതി തീരുമാനം നില്‍ക്കുമ്പോള്‍ പ്രതികള്‍ ജയിലില്‍ കിടക്കുമ്പോള്‍ അപ്പുറത്താണ് സത്യം എന്ന് ഇവര്‍ക്ക് എങ്ങനെ പറയാന്‍ പറ്റും. ഒന്നുകില്‍ രണ്ടു വശവും കൃത്യമായി കാണിച്ചുകൊണ്ട് ഇന്ന രീതിയില്‍ സംഭവിച്ചിട്ടുള്ളതാകും മറ്റവര്‍ ഇങ്ങനെ ചെയ്തത് ഒരു കുഴപ്പവുമില്ല എന്ന് പറയാം പക്ഷേ ഇത് അങ്ങനെ അല്ലല്ലോ. ഇതില്‍ എന്ത് പൊളിറ്റിക്‌സ് ആണ് പറയുന്നത്.
കേരളത്തില്‍ എന്തുകൊണ്ടാണ് 'മെക്‌സിക്കന്‍ അപാരത' എന്ന് പറയുന്ന സിനിമ യഥാര്‍ഥ സംഭവത്തില്‍ നിന്ന് മാറ്റി ഒരു സംവിധായകനു എടുക്കേണ്ടി വന്നത്? യഥാര്‍ഥത്തില്‍ മഹാരാജാസില്‍ എസ്എഫ്‌ഐക്കെതിരെ പോരാടി വിജയിച്ച കെഎസ്യുവിന്റെ ചരിത്രമല്ലേ ചരിത്രമായിട്ടുള്ളത്. എന്തുകൊണ്ട് ഒരു നിര്‍മാതാവ് അങ്ങനെ ഒരു ചരിത്രം പറയാന്‍ വന്നില്ല? എന്തുകൊണ്ട് കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായി പറഞ്ഞ സിനിമകള്‍ മാത്രം വിജയിക്കപ്പെടുകയും ഇടതുപക്ഷത്തിന് എതിരെ വന്നിട്ടുള്ള സിനിമകള്‍ ഇവിടെ പരാജയപ്പെടുകയും ചെയ്യുകയോ അല്ലെങ്കില്‍ അത് ഇറങ്ങാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവുകയോ അല്ലെങ്കില്‍ അത് മുളയിലെ നുള്ളുകയും ചെയ്യുന്നത്? അപ്പൊ അവരെയാണ് ഭയക്കേണ്ടത്. ഏറ്റവും കൂടുതല്‍ പരിഹസിക്കപ്പെട്ടിട്ടുള്ള കേരളത്തിലെ മുഖ്യമന്ത്രിമാരില്‍ ഒരാള്‍ കെ. കരുണാകരനാണ്. എന്റെ അടുത്ത് രണ്‍ജി പണിക്കര്‍ സര്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹം കരുണാകരനെ വളരെ പരിഹസിച്ച് സിനിമ എടുത്തിട്ട് കരുണാകരന്റെ ഒപ്പം ഇരുന്ന് സിനിമ കണ്ടിട്ടുണ്ട്. 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്ന് പറയുന്ന സിനിമ ഇറങ്ങിയപ്പോള്‍ ഇവിടെ പ്രോത്സാഹിക്കപ്പെട്ടു എന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്. ശക്തമായ എതിര്‍പ്പ് ഉണ്ടായിട്ടുണ്ട്. പക്ഷേ അവര്‍ ബുദ്ധിപരമായി ചിന്തിച്ചു ഒരു പരിധിക്കുള്ളില്‍ എതിര്‍ത്തു. ഈ സിനിമ ഹിറ്റ് ആക്കേണ്ട എന്ന് തീരുമാനിച്ചു. അന്ന് പാര്‍ട്ടിയുടെ ബുദ്ധിപരമായ തീരുമാനമായിരുന്നു അത്. അപ്പൊ ആ സിനിമയെ തിയറ്ററില്‍ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല.
മേജര്‍ രവി ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്. അതുകൊണ്ട് അദ്ദേഹത്തിനു ഒരു നിഷ്പക്ഷ അഭിപ്രായം പറയാന്‍ പറ്റില്ല. ഞാന്‍ ഒരു പാര്‍ട്ടിയുടെ മെമ്പര്‍ ആകാത്തിടത്തോളം കാലം എനിക്ക് എന്റെ അഭിപ്രായം പറയാം. ഞാന്‍ ഒരു പാര്‍ട്ടിയുടെ മെമ്പര്‍ ആവുകയോ ആ പാര്‍ട്ടിയുടെ ഔദ്യോഗികമായ പോസ്റ്റ് വരികയോ ചെയ്താല്‍ എനിക്ക് ആ പാര്‍ട്ടിയെ ഡിഫെന്‍ഡ് ചെയ്യേണ്ടി വരും. മേജര്‍ രവിക്ക് അദ്ദേഹം പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയെ ഡിഫെന്‍ഡ് ചെയ്യേണ്ട സാഹചര്യമുണ്ട്. അവര്‍ എന്ന് പറയുന്ന വ്യക്തിയുടെ അഭിപ്രായത്തിന് അവിടെ പ്രസക്തിയില്ല. മേജര്‍ രവി എന്ന് പറയുന്ന വ്യക്തിയുടെ അഭിപ്രായം പ്രസക്തമാകുന്നത് അയാള്‍ക്ക് പാര്‍ട്ടിയില്‍ പോസ്റ്റ് ഇല്ലാത്തപ്പോഴാണ്. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ആയ മേജര്‍ രവിക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരു നിലപാട് സ്വീകരിക്കേണ്ടി വരുമ്പോള്‍ സ്വാഭാവികമായിട്ടും പറഞ്ഞത് വിഴുങ്ങേണ്ടി വരും, പറഞ്ഞത് മാറ്റി പറയേണ്ടി വരും, പാര്‍ട്ടി എടുക്കുന്ന നിലപാടുകള്‍ ഒപ്പം നില്‍ക്കേണ്ടി വരും. വ്യക്തിപരമായി അദ്ദേഹത്തെ അതിന്റെ പേരില്‍ എനിക്ക് പരിഹസിക്കാനോ ആക്ഷേപിക്കാനോ ഒന്നും പറ്റില്ല.
വളരുന്ന ഒരാള്‍ക്ക് എതിര്‍പ്പുകള്‍ ഉണ്ടാകും. ഞാന്‍ വ്യക്തിപരമായി പൃഥ്വിരാജ് എന്ന മനുഷ്യനെ എതിര്‍ക്കുകയല്ല, ഈ എമ്പുരാനിലൂടെ സംഭവിച്ച മാര്‍ക്കറ്റിങ് സ്ട്രാറ്റജിയെ എതിര്‍ക്കുകയാണ്. പൃഥ്വിരാജ് മലയാള സിനിമയുടെ അഭിമാനമായ താരമാണ്. ഈ മലയാള സിനിമയെ ലോകനിലവാരത്തില്‍ എത്തിക്കാന്‍ ശേഷിയുള്ള ഒരേ ഒരാളാണ്. അദ്ദേഹത്തോട് കലാകാരന്‍ നിലയിലും സംവിധായകന്‍ എന്ന നിലയിലും ഉള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് എമ്പുരാന്‍ എന്ന സിനിമ കേരളത്തില്‍ മാര്‍ക്കറ്റ് ചെയ്യപ്പെടേണ്ട രീതി മതം വച്ച് ആയിരുന്നില്ല എന്ന് പറയുകയാണ്. അതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. മതം വെച്ചല്ല നമ്മള്‍ സിനിമ മാര്‍ക്കറ്റ് ചെയ്യേണ്ടത്.
ഇപ്പോള്‍ ഞാന്‍ പോലും കോണ്‍ഗ്രസിന്റെ പരിപാടിയും കഴിഞ്ഞ് പ്രതിപക്ഷ നേതാവിന്റെ ഇഫ്താറിലും പങ്കെടുത്തിട്ട് വന്ന ശേഷവും ഇങ്ങനെ അഭിപ്രായം പറയുമ്പോള്‍എന്നെ സംഘി ആക്കാന്‍ നടക്കുകയാണ് ആളുകള്‍. എന്നെ സംഘി ആക്കാന്‍ നടക്കുന്നത് തീവ്രവാദികളാണ്. ഇന്ന് രാവിലെ രമേശ് ചെന്നിത്തല വിളിച്ചിട്ടുണ്ട്. മറ്റന്നാള്‍ ഉള്ള ഒരു പ്രോഗ്രാമില്‍ അദ്ദേഹത്തിനോടൊപ്പം ഇരിക്കണം എന്നു പറഞ്ഞ്. കെഎസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന ഭാരവാഹികള്‍ വിളിക്കാറുണ്ട്. അവര്‍ക്കൊന്നും തോന്നാത്ത ഒരു സംഘിവിളി എനിക്ക് തരുന്നുണ്ടെന്നുണ്ടെങ്കില്‍ അവന്റെ ഉദ്ദേശ്യം എന്താ ഞാന്‍ ഒരിക്കലും കോണ്‍ഗ്രസില്‍ പോകരുത്. ഞാന്‍ രാഷ്ട്രീയത്തില്‍ പോകാന്‍ തീരുമാനിച്ചിട്ടില്ല. പക്ഷേ എന്നെ എതിര്‍ക്കുന്നവന്റെ ഉദ്ദേശ്യം ഞാന്‍ ഒരിക്കലും കോണ്‍ഗ്രസില്‍ പോകരുത്, ബിജെപിയില്‍ തന്നെ പോകണം എന്നാണ്.''-അഖില്‍ മാരാറിന്റെ വാക്കുകള്‍.