/kalakaumudi/media/media_files/2025/11/18/priyanka-2025-11-18-17-57-46.jpg)
എസ്.എസ് രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ 'വാരണാസി'യിലൂടെ ഏറെ കാലത്തിനു ശേഷം ഇന്ത്യന്‍ സിനിമയിലേക്ക് തിരിച്ചുവരികയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ജോനാസ്. തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം പൃഥ്വിരാജും പ്രിയിങ്കയ്‌ക്കൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്നു.
കഴിഞ്ഞ ദിവസം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന വമ്പന്‍ ലോഞ്ച് ഇവന്റില്‍ ചിത്രത്തിന്റെ ടൈറ്റിലും ടീസറും പുറത്തിറക്കിയിരുന്നു. ടീസര്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം തരംഗമാണ്. ഇപ്പോഴിതാ, മലയാളത്തിലെയും തെലുങ്കിലെയും രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒന്നിക്കാന്‍ സാധിച്ചത് വലിയ ബഹുമതിയായി കണക്കാക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക.
പൃഥ്വിരാജിനും മഹേഷ് ബാബുവിനും ഒപ്പമുള്ള ചിത്രം പോസ്റ്റു ചെയ്തുകൊണ്ടായിരുന്നു താരം കുറിപ്പ് പങ്കുവച്ചത്. ചിത്രത്തിനായുള്ള കാത്തിരിപ്പും പ്രതികരണങ്ങളും ആവേശകരമാണെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എല്ലാവരുടെയും പ്രതീക്ഷയോട് നീതിപുലര്‍ത്തുമെന്നും പ്രിയങ്ക പറഞ്ഞു.
മന്ദാകിനി എന്ന കഥാപാത്രമായാണ് പ്രിയങ്ക വാരണാസിയില്‍ എത്തുന്നത്. നേരത്തെ പുറത്തുവിട്ട പ്രിയങ്കയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ശ്രദ്ധനേടിയിരുന്നു. രുദ്ര എന്ന കഥാപാത്രമായാണ് മഹേഷ് ബാബു ചിത്രത്തിലെത്തുന്നത്. കുംഭയെന്ന പ്രതിനായക കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കും വാരണാസി എന്നാണ് സൂചന. ഒന്നിലേറെ പാര്‍ട്ടുകളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം 2027 ല്‍ തിയേറ്ററുകളിലെത്തും. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിയുടെ തിരക്കഥ ഒരുക്കുന്നത്. എം.എം കീരവാണിയാണ് സംഗീതം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
