രാംഗോപാല്‍ വര്‍മ ഒളിവില്‍ ;ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അപകീര്‍ത്തികരമായ സമൂഹമാധ്യമ പോസ്റ്റുകളിട്ട കേസില്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മയ്‌ക്കെതിരെ ആന്ധ്ര പൊലീസിന്റെ ലുക് ഔട്ട് നോട്ടിസ്.

author-image
Rajesh T L
New Update
varma

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അപകീര്‍ത്തികരമായ സമൂഹമാധ്യമ പോസ്റ്റുകളിട്ട കേസില്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മയ്‌ക്കെതിരെ ആന്ധ്ര പൊലീസിന്റെ ലുക് ഔട്ട് നോട്ടിസ്. തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും തിരച്ചില്‍ തുടങ്ങി. സംവിധായകന്റെ ഹൈദരാബാദിലെ വീടിനു മുന്നില്‍ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

നായിഡുവിന്റെയും ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെയും മോര്‍ഫ് ചെയ്ത ചിത്രങ്ങളടക്കം വര്‍മ പോസ്റ്റ് ചെയ്‌തെന്നു ചൂണ്ടിക്കാട്ടി രാമലിംഗം എന്നയാളാണു പരാതി നല്‍കിയത്. ഇതില്‍ പൊലീസ് കേസെടുക്കുകയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാംഗോപാല്‍ വര്‍മയ്ക്ക് സമന്‍സ് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റുണ്ടാകുമെന്ന സംശയത്തില്‍ രാംഗോപാല്‍ വര്‍മ ഒളിവില്‍ പോകുകയായിരുന്നു. രാംഗോപാല്‍ വര്‍മയുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. ചോദ്യം ചെയ്യലിന് വെര്‍ച്വലായി ഹാജരാകാമെന്ന് അഭിഭാഷകന്‍ മുഖേന പൊലീസിനെ അറിയിച്ചതായാണ് വിവരം.

വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ, രാംഗോപാല്‍ വര്‍മ തന്റെ 'വ്യൂഹം' എന്ന സിനിമയുടെ പ്രമോഷനുകള്‍ക്കിടെ ചന്ദ്രബാബു നായിഡു, നാരാ ലോകേഷ്, ഭാര്യ ബ്രാഹ്മണി എന്നിവരെ ലക്ഷ്യമിട്ട് അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവച്ചെന്ന് അഭ്യൂഹം ഉയര്‍ന്നിരുന്നു. ഇതില്‍ സംസ്ഥാനത്തുടനീളം രാംഗോപാല്‍ വര്‍മയ്‌ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പൊലീസില്‍നിന്നു നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്ന് അറസ്റ്റില്‍നിന്നു സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചു. സിനിമാ ഷൂട്ടിങ് തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ഹര്‍ജി തള്ളിയ ഹൈക്കോടതി, പൊലീസിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു.

Movies