എമ്പുരാന് ഹിന്ദു വിരുദ്ധ അജന്‍ഡ: വിമര്‍ശിച്ച് ആര്‍എസ്എസ് മുഖപത്രം

സാമൂഹിക ഐക്യത്തിനു ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ തികഞ്ഞ പക്ഷപാതത്തോടെയാണ് സിനിമയിലെ ഉള്ളടക്കം കൈകാര്യം ചെയ്തിരിക്കുന്നതെന്ന് ഓര്‍ഗനൈസറിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം ആരോപിക്കുന്നു.

author-image
Biju
New Update
empuran

മുംബൈ : എമ്പുരാന്‍ സിനിമയ്ക്ക് ഹിന്ദു വിരുദ്ധ രാഷ്ട്രീയ അജന്‍ഡയുണ്ടെന്നും അതു ചരിത്ര വസ്തുതകളെ ബോധപൂര്‍വം വളച്ചൊടിക്കുകയാണെന്നുമുള്ള വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. 

സാമൂഹിക ഐക്യത്തിനു ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ തികഞ്ഞ പക്ഷപാതത്തോടെയാണ് സിനിമയിലെ ഉള്ളടക്കം കൈകാര്യം ചെയ്തിരിക്കുന്നതെന്ന് ഓര്‍ഗനൈസറിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം ആരോപിക്കുന്നു. ചിത്രത്തിനെതിരെ പരസ്യ പ്രചാരണം വേണ്ടെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം വന്നതിനു പിന്നാലെയാണ് ആര്‍എസ്എസ് മുഖപത്രത്തില്‍ ലേഖനം വന്നത്.

2002ലെ ഗുജറാത്ത് കലാപത്തില്‍ ഹിന്ദുക്കളാണ് കുറ്റക്കാരെന്നു വരുത്താനും രണ്ടു സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനും ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കാനും സിനിമയില്‍ ശ്രമമുണ്ടെന്നും ലേഖനം പറയുന്നു. ഹിന്ദുക്കളെ രക്ഷകരായി ചിത്രീകരിക്കാവുന്ന സാഹചര്യങ്ങളില്‍ പോലും വില്ലന്മാരായി അവതരിപ്പിക്കുന്നു. 

സംവിധായകന്‍ പൃഥ്വിരാജിന്റെ രാഷ്ട്രീയ ചായ്വുകള്‍ വളരെ വ്യക്തമാണെന്നും എമ്പുരാനില്‍ ആ ചായ്വുകള്‍ വളരെ സൂക്ഷ്മതയോടെ അവതരിപ്പിച്ചിരിക്കുകയാണെന്നും മുന്‍പ് പൗരത്വ ഭേദഗതി നിയമത്തിലടക്കം പൃഥ്വിരാജ് സ്വീകരിച്ച നിലപാടുകള്‍ രാജ്യവിരുദ്ധമാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. 

ഹിന്ദുക്കളെ അധിക്ഷേപിക്കുക മാത്രമല്ല, ഹിന്ദു അനുകൂല രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ എതിര്‍ക്കുന്നതുമാണ് ചിത്രത്തിന്റെ ആഖ്യാന രീതി. ബിജെപി അനുയായിയെന്നു തോന്നിക്കുന്ന ഒരു കഥാപാത്രത്തെ, കേരളത്തിന്റെ സംസ്‌കാരത്തെ തകര്‍ക്കാന്‍ ദൃഢനിശ്ചയം ചെയ്ത ക്രൂരനായ വ്യക്തിയായിട്ടാണ് ചിത്രീകരിക്കുന്നത്. 

ഇത്തരം സിനിമയില്‍ അഭിനയിക്കാനുള്ള മോഹന്‍ലാലിന്റെ തീരുമാനം അദ്ദേഹത്തിന്റെ ആരാധകരോടുള്ള വഞ്ചനയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയ ഭേദമന്യേ അദ്ദേഹത്തെ പിന്തുണച്ച ആരാധകര്‍ ഇപ്പോള്‍ പ്രയാസത്തിലാണെന്നും ലേഖനം പറയുന്നു.

എമ്പുരാന്‍ സിനിമയുടെ സെന്‍സറിങ്ങില്‍ വീഴ്ച പറ്റിയതായി കഴിഞ്ഞ ദിവസം ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സിനിമയിലെ ചില പരാമര്‍ശങ്ങള്‍ മാറ്റാന്‍ നോമിനേറ്റ് ചെയ്ത സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ശ്രദ്ധിക്കണമെന്നായിരുന്നു വിമര്‍ശനം.

 

Empuraan