''സര്‍, നമുക്കൊരു വൈകുന്നേരം കൂടാം'; മോഹന്‍ലാലിന്റെ അഭിനന്ദനത്തിന് ഷാരൂഖ് ഖാന്റെ മറുപടി

മോഹന്‍ലാലിനുള്ള ഷാരൂഖ് ഖാന്റെ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. തന്റെ കരിയറിലെ ആദ്യത്തെ ദേശീയ അവാര്‍ഡാണ് ഷാരൂഖ് ഖാന്‍ സ്വന്തമാക്കിയിരിക്കുന്നത്. യുവനടന്‍ വിക്രാന്ത് മാസിക്കൊപ്പം പുരസ്‌കാരം പങ്കിടുകയാണ് ഷാരൂഖ് ഖാന്‍

author-image
Biju
New Update
lal

കൊച്ചി: മോഹന്‍ലാലിന്റെ അഭിനന്ദനത്തിന് മറുപടി നല്‍കി ഷാരൂഖ് ഖാന്‍. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ ഷാരൂഖ് ഖാനെ മോഹന്‍ലാല്‍ അഭിനന്ദിച്ചിരുന്നു. പിന്നാലെയാണ് ഷാരൂഖ് ഖാന്‍ മറുപടിയുമായെത്തുന്നത്. തന്റെ സ്വതസിദ്ധമായ തമാശയോടെയായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി.

''നന്ദി മോഹന്‍ലാല്‍ സര്‍, ഒരു വൈകുന്നേരം അവധിയെടുത്ത് നമുക്ക് കൂടാം'' എന്നാണ് ഷാരൂഖ് ഖാന്‍ മോഹന്‍ലാലിന് നല്‍കിയ മറുപടി. ''ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. കരുത്തുറ്റ പ്രകടനങ്ങളിലൂടെ അര്‍ഹമായ ആദരം നേടിയ ഉര്‍വശിയ്ക്കും വിജയരാഘവനും സ്പെഷ്യല്‍ സല്യൂട്ട്. ഷാരൂഖ് ഖാന്‍, വിക്രാന്ത് മാസി, റാണി മുഖര്‍ജി എന്നിവരുടെ വിജയങ്ങള്‍ക്കും ഊഷ്മളമായ അഭിനന്ദനങ്ങള്‍'' എന്നായിരുന്നു മോഹന്‍ലാലിന്റെ പോസ്റ്റ്.

മോഹന്‍ലാലിനുള്ള ഷാരൂഖ് ഖാന്റെ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. തന്റെ കരിയറിലെ ആദ്യത്തെ ദേശീയ അവാര്‍ഡാണ് ഷാരൂഖ് ഖാന്‍ സ്വന്തമാക്കിയിരിക്കുന്നത്. യുവനടന്‍ വിക്രാന്ത് മാസിക്കൊപ്പം പുരസ്‌കാരം പങ്കിടുകയാണ് ഷാരൂഖ് ഖാന്‍. ജവാന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഷാരൂഖ് ഖാനെ തേടി പുരസ്‌കാരമെത്തിയത്. ട്വല്‍ത് മാന്‍ ആണ് വിക്രാന്ത് മാസിയെ മികച്ച നടനാക്കിയത്. മിസിസ് ചാറ്റര്‍ജി വെഴ്സ്സ നോര്‍വെയിലൂടെയാണ് റാണി മുഖര്‍ജി മികച്ച നടിയായത്.

അതേസമയം മലയാളത്തിന്റെ വിജയരാഘവനും ഉര്‍വശിയും സഹനടനും സഹനടിയ്ക്കുമുള്ള പുരസ്‌കാരങ്ങളാണ് നേടിയത്. പൂക്കാലം എന്ന ചിത്രമാണ് വിജയരാഘവനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഉള്ളൊഴുക്കിലെ പ്രകടനത്തിലൂടെയാണ് ഉര്‍വശി പുരസ്‌കാരം നേടിയത്.

ഇതിനിടെ ദേശീയ പുരസ്‌കാരത്തില്‍ മലയാള സിനിമകളെ അവഗണിച്ചതായുള്ള വിമര്‍ശനം ശക്തമാണ്. പൃഥ്വിരാജ് നായകനായ, ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം അടക്കമുള്ള സിനിമകള്‍ പുരസ്‌കാര പട്ടികയില്‍ ഇടം നേടാതെ പോയത് കടുത്ത വിമര്‍ശനം നേരിടുന്നുണ്ട്. കേരളത്തെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്ന ദ കേരള സ്റ്റോറി മികച്ച സംവിധാനം, മികച്ച ഛായാഗ്രഹണം എന്നീ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 

mohanlal Sharukh Khan