/kalakaumudi/media/media_files/2025/07/08/sjine-2025-07-08-13-26-42.jpg)
കൊച്ചി: വിവാദങ്ങള്‍ക്ക് വിരാമം കുറിച്ച് ഷൈന്‍ ടോം ചാക്കോയും വിന്‍സി അലോഷ്യസും ഒരുമിച്ചെത്തി. 'സൂത്രവാക്യം' സിനിമയുടെ പ്രൊമോഷനു വേണ്ടി ഒന്നിച്ചെത്തിയ താരങ്ങള്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയിലുണ്ടായ സംഭവങ്ങളിലെ തെറ്റിദ്ധാരണകളും പ്രശ്‌നങ്ങളും തിരിച്ചറിഞ്ഞ് തിരുത്തിയെന്നും വെളിപ്പെടുത്തി. വളരെ ചെറുപ്പം മുതല്‍ അറിയുന്ന ഒരു നടനാണ് ഷൈന്‍ എന്നും അദ്ദേഹത്തില്‍ നിന്നുണ്ടായ അപ്രതീക്ഷിത പെരുമാറ്റം വേദനിപ്പിച്ചെന്നും വിന്‍സി പറഞ്ഞു. വിന്‍സിയോട് പരസ്യമായി ക്ഷമ ചോദിച്ച ഷൈന്‍ തന്റെ മുന്‍കാല പെരുമാറ്റങ്ങളിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും വെളിപ്പെടുത്തി.
വിന്‍സിയുടെ വാക്കുകള്‍: ''എന്തുകൊണ്ട് ആ വിഷയം അങ്ങനെ ഞാന്‍ എടുത്തു എന്നതില്‍ വ്യക്തമായ ഉത്തരം നല്‍കേണ്ടതുണ്ട്. അതിനു മുമ്പ് പണ്ട് എന്റെ ജീവിതത്തില്‍ നടന്നൊരു കാര്യം കൂടി പറയണം. ഷൈന്‍ ചേട്ടന്‍ സിനിമയില്‍ വരുന്നത് കമല്‍ സര്‍ വഴിയാണ്. അതേപോലൊരു കാലത്ത്, ഞാന്‍ പ്ലസ് ടു പഠിക്കുന്ന സമയമാണ്, ആദ്യമായി എനിക്ക് സിനിമയില്‍ അഭിനയിക്കണമെന്നു തുറന്നു പറഞ്ഞ ഒരു അഭിനേതാവ്, അത് ഷൈന്‍ ചേട്ടനാണ്
എന്റെ മുന്നില്‍ വന്നു നില്‍ക്കുന്ന ആദ്യ ആര്‍ട്ടിസ്റ്റ്. മാത്രമല്ല ഞങ്ങള്‍ ഒരേ ഇടവകയ്ക്കാരാണ്. അതുകൊണ്ട് തന്നെ ആ വ്യക്തി സ്‌പെഷല്‍ ആയിരിക്കും. ഒരു നടിയെന്ന നിലയില്‍ വ്യക്തിപരമായ ഷൈന്‍ േചട്ടന്റെ കരിയറിലെ ഉയര്‍ന്ന സ്വാധീനിച്ചിട്ടുണ്ട്. 'അന്നയും റസൂലും' സിനിമയൊക്കെ അദ്ദേഹം ചെയ്തിരിക്കുന്ന സമയത്താണ് നേരിട്ട് സംസാരിച്ചത്.
പിന്നീട് കുറേ കാലങ്ങള്‍ക്കു ശേഷം ഷൈന്‍ ചേട്ടന്റെ അഭിമുഖങ്ങള്‍ കാണുമ്പോഴും ഹൈപ്പര്‍ പരിപാടികള്‍ കാണുമ്പോഴും ഇതൊക്കെ എന്താണെന്നു ചിന്തിച്ചിരുന്നു. എന്നാല്‍ ഐശ്വര്യ ലക്ഷ്മി ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞിട്ടുണ്ട്, ഷൈന്‍ എന്ന വ്യക്തി ജീവിതത്തില്‍ അങ്ങനെയല്ലെന്ന്. ആ സമയത്താണ് ഞങ്ങളൊരുമിച്ച് ഈ ചിത്രം വരുന്നത്. ഒരേ നാട്ടുകാരന്‍, ജീവിതത്തില്‍ പ്രചോദനമായ വ്യക്തി അങ്ങനെ വളരെ ആകാംക്ഷയോടെയും ഇഷ്ടത്തോടെയുമാണ് അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ തീരുമാനിക്കുന്നത്.
ഒരുകാര്യത്തില്‍ ഞാന്‍ ഉറപ്പു പറയാം, അതി ഗംഭീര പെര്‍ഫോമര്‍ ആണ് ഷൈന്‍ ടോം ചാക്കോ എന്ന നടന്‍. എന്നാല്‍ വ്യക്തിപരമായി അദ്ദേഹത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. പിന്നെ ഒരു സ്‌പെയ്‌സിലുണ്ടായ അനുഭവം, ഞാന്‍ നോക്കി കണ്ട ആളില്‍ നിന്നും വരുന്ന ചെറിയൊരു കാര്യം, അത് മനഃപൂര്‍വമായിരിക്കില്ല, പക്ഷേ, ഞാനത് പ്രതീക്ഷിച്ചില്ല.''
വിന്‍സിയുടെ വാക്കുകള്‍ക്കിടയില്‍ ഷൈന്‍ ഇടപെട്ടു. തന്റെ പെരുമാറ്റവും വാക്കുകളും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു ഷൈന്‍ പറഞ്ഞത്.
''വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. തീര്‍ച്ചയായും അതൊരാളെ വേദനിപ്പിക്കും. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഫണ്‍ രീതിയിലുള്ള സംസാരങ്ങള്‍ ലൂസ് ടോക്ക് പോലെ പറയുമ്പോള്‍, അത് മറ്റുള്ളവരെ വേദനിപ്പിക്കുന്നുണ്ടെന്ന് പലപ്പോഴും നാം അറിയാറില്ല. എല്ലാവരും ഒരേപോലെയല്ല, അത് കാണുന്നതും കേള്‍ക്കുന്നതും മനസ്സിലാക്കുന്നതും ആസ്വദിക്കുന്നതും. എല്ലാം വ്യത്യസ്തമാണ് എല്ലാവര്‍ക്കും. ഒരു കാര്യം കേള്‍ക്കുമ്പോള്‍ അഞ്ച് പേരും അഞ്ച് രീതിയിലാകും എടുക്കുക, എല്ലാവരും അത് ആസ്വദിച്ചെന്നു വരില്ല. പലപ്പോഴും ഇതെനിക്ക് മനസ്സിലായിരുന്നില്ല. അങ്ങനെ എന്റെ ഭാഗത്തു നിന്ന് വിന്‍സി വേദനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ സോറി.''ഷൈന്‍ ടോമിന്റെ വാക്കുകള്‍.
''ഇത് വളരെ വ്യക്തിപരമായ കാര്യമാണ്, മാധ്യമങ്ങളുടെ മുന്നില്‍ പറയേണ്ട കാര്യമല്ല എന്ന് തോന്നുന്നു. ഇനി പറയണമെങ്കില്‍ പറയാം. ഇത് ഒരുപാട് വിവാദമായ വിഷയമാണ്. ചേട്ടന്‍ ഇപ്പോള്‍ സ്വന്തം തെറ്റുകള്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട് . ആ മാറ്റത്തില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. ഇപ്പോള്‍ ഷൈന്‍ ടോം ചാക്കോ എന്ന വ്യക്തിയോട് വളരെയധികം ബഹുമാനമാണ് എനിക്ക് തോന്നുന്നത്. ഞാനും എല്ലാം തികഞ്ഞ വ്യക്തിയൊന്നും അല്ല. ആ വിവാദത്തില്‍ കുടുംബാംഗങ്ങളെയും വലിച്ചിഴച്ചിരുന്നു. ആ കുറ്റബോധം എപ്പോഴും മനസ്സിലുണ്ടാകും. ഇതോടെ ഈ വിവാദം അവസാനിക്കണം.''വിന്‍സി വ്യക്തമാക്കി.