മന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ ഉടൻ ‘ഒറ്റക്കൊമ്പൻ’ സിനിമയിൽ അഭിനയിക്കുമെന്ന് സുരേഷ് ഗോപി. ചിത്രത്തിലെ നായകന് പ്രചോദനമായ കുരുവിനാക്കുന്നേൽ കുറുവച്ചനെ സുരേഷ് ഗോപി നേരിൽ കണ്ടു. ഇടമറ്റത്തെ വീട്ടിൽ എത്തിയാണ് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി കുറുവച്ചനെ കണ്ടത്.
കുരുവിനാക്കുന്നേൽ ജോസ് എന്ന തന്റെ ജീവിതകഥ സിനിമയാക്കുമ്പോൾ സുരേഷ് ഗോപി നായകനാകണം എന്നാണ് ആഗ്രഹമെന്ന് കുറുവച്ചൻ പറഞ്ഞു. അതിനായി അധികം കാത്തിരിക്കേണ്ടി വരില്ല എന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയിരിക്കുന്നത്. പാലായിൽ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാൻ വന്നപ്പോഴാണ് സുരേഷ് ഗോപി ഇടമറ്റത്തെ കുരുവിനാക്കുന്നേൽ വീട്ടിലുമെത്തിയത്.
കുറുവച്ചന്റെയും സുരേഷ് ഗോപിയുടെയും സുഹൃത്ത് ബിജു പുളിക്കക്കണ്ടം, ബി.ജെ.പി. നേതാവ് എസ്. ജയസൂര്യൻ, ഡിജോ കാപ്പൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ ത്തുടർന്ന് വിശ്രമത്തിലാണ് കുറുവച്ചൻ. അതേസമയം, നേരത്തെ പൃഥ്വിരാജിന്റെ ‘കടുവ’ എന്ന ചിത്രത്തിനെതിരെ കുറുവച്ചൻ രംഗത്തെത്തിയിരുന്നു.
കടുവയിൽ കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്നായിരുന്നു പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. ഇതോടെയാണ് ഈ കഥ തന്റെ ജീവിതമാണെന്ന് ആരോപിച്ച് കുറുവച്ചൻ കോടതിയിൽ എത്തിയത്. പരാതിയെ തുടർന്ന് കുറുവച്ചൻ എന്ന പേര് മാറ്റി കടുവാക്കുന്നേൽ കുര്യൻ എന്നാക്കിയിരുന്നു.