അച്ഛന് അപര്‍ണാ സെന്നിനോട് പ്രണയമായിരുന്നു, അതിനാണ് ബംഗാളി പഠിച്ചത്: വെളിപ്പെടുത്തി ശ്രുതി ഹാസന്‍

ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന താരമാണ് കമല്‍ഹാസന്‍. ഒരു സിനിമയില്‍ ബംഗാളി ഭാഷ മനോഹരമായി കൈകാര്യം ചെയ്യുന്നതു കണ്ടുവെന്ന സത്യരാജിന്റെ വാക്കുകളോടു പ്രതികരിച്ചുകൊണ്ടായിരുന്നു ശ്രുതിയുടെ ഈ മറുപടി

author-image
Biju
New Update
kamal

ചെന്നൈ: കമല്‍ഹാസന് നടി അപര്‍ണ സെന്നിനോട് അടങ്ങാത്ത പ്രണയമായിരുന്നുവെന്ന് വെളിപ്പെടുത്തി കമലഹാസന്റെ മകളും നടിയുമായ ശ്രുതി ഹസന്‍. അപര്‍ണ  സെന്നിന്നോടുള്ള ആരാധന കാരണമാണ് അച്ഛന്‍ ബംഗാളി ഭാഷ പഠിച്ചതെന്നും ശ്രുതി ഹാസന്‍ പറഞ്ഞു.  'കൂലി'യിലെ സഹതാരം സത്യരാജിനോട് തന്റെ സിനിമാജീവിതത്തെപ്പറ്റി മനസ്സ് തുറക്കുന്ന വേളയിലാണ് ശ്രുതി ഹാസന്റെ വെളിപ്പെടുത്തല്‍.

'അച്ഛന്‍ ബംഗാളി പഠിച്ചത് എന്തിനാണെന്നറിയാമോ?  ആ സമയത്ത് അച്ഛന് അപര്‍ണ സെന്നിനോട് പ്രണയമായിരുന്നു.  അപര്‍ണ സെന്നിനെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് അച്ഛന്‍ ബംഗാളി പഠിച്ചത്, അല്ലാതെ സിനിമയ്ക്ക് വേണ്ടിയല്ല. അപര്‍ണ സെന്നിനോട് സംസാരിക്കാന്‍ വേണ്ടി മാത്രം.  'ഹേ റാം' എന്ന സിനിമയില്‍ റാണി മുഖര്‍ജിക്ക് അപര്‍ണ  എന്ന പേര് നല്‍കിയതും ആ നടിയോടുള്ള പ്രണയം കാരണമാണ്. അപര്‍ണ സെന്നിനെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് അന്ന് അച്ഛന്‍ ബംഗാളി പഠിച്ചെടുത്തത്.' ശ്രുതി ഹസന്‍ പറയുന്നു.

ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന താരമാണ് കമല്‍ഹാസന്‍.  ഒരു സിനിമയില്‍ ബംഗാളി ഭാഷ മനോഹരമായി കൈകാര്യം ചെയ്യുന്നതു കണ്ടുവെന്ന സത്യരാജിന്റെ വാക്കുകളോടു പ്രതികരിച്ചുകൊണ്ടായിരുന്നു ശ്രുതിയുടെ ഈ മറുപടി.

പ്രണയത്തിന്റെ പേരില്‍ എക്കാലവും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന താരമാണ് കമലഹാസന്‍.  1978 ല്‍ നര്‍ത്തകിയായിരുന്ന വാണി ഗണപതിയെ വിവാഹം കഴിച്ച കമലഹാസന്‍ വിവാഹബന്ധത്തില്‍ ഇരിക്കുമ്പോള്‍ തന്നെ നടി സരികയുമായി പ്രണയത്തിലായി.  വാണിയുമായുള്ള ബന്ധം വേര്‍പെടുത്തിയ കമല്‍ 1988ല്‍ സരികയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ പിറന്ന മക്കളാണ് ശ്രുതി ഹാസനും അക്ഷര ഹാസനും.  2004 ല്‍ ഈ ബന്ധവും അവസാനിച്ചു. നടി ഗൗതമിയുമായി നീണ്ട 11 വര്‍ഷം കമല്‍ ലിവ് ഇന്‍ ബന്ധത്തിലായിരുന്നു. 2016 ല്‍ ഇരുവരും പിരിഞ്ഞു.

Kamala Haasan