എമ്പുരാൻ കാണാൻ മോഹൻലാൽ എത്തിയ ഓർമ്മ പങ്കു വച്ച് സിദ്ധു

കവിത തീയേറ്ററിൽ ഭയങ്കര തിരക്കായിരിക്കും അതുകൊണ്ട് ഓരോരുത്തരും അവരവരുടെ കാറിൽ പോകണ്ട, എല്ലാവരും കൂടി ഒരു കാറിൽ പോകാം എന്ന് തീരുമാനിച്ചു.

author-image
Anitha
New Update
hfhnsckn

എമ്പുരാൻ’ സിനിമ തന്റെ ആരാധകർക്കൊപ്പം കാണാൻ മോഹൻലാൽ എത്തിയതിന്റെ വിശേഷങ്ങൾ പങ്കുവച്ച് പ്രൊഡക്‌ഷൻ കൺട്രോളര്‍ സിദ്ധു പനയ്ക്കൽ.

‘മാർച്ച് 27 രാവിലെ അഞ്ചു മണിക്ക് ഞാൻ എറണാകുളത്ത് ലാലേട്ടന്റെ ഉടമസ്ഥതയിലുള്ള ‘ആശിർവാദ് ട്രാവൻകൂർ കോർട്ട്’ ഹോട്ടലിൽ എത്തി. ഇന്ന് എമ്പുരാൻ റിലീസ് ആണ്. രാവിലെ അഞ്ചരയ്ക്ക് ലാലേട്ടനോടും, പൃഥ്വിരാജിനോടും, മുരളിയേട്ടനോടും, സുപ്രിയയോടുമൊപ്പം എമ്പുരാൻ സിനിമ കാണാൻ പോകണം. അഞ്ചരക്ക് ലാലേട്ടൻ എത്തി. മുരളിയേട്ടൻ ട്രാവൻകൂർ കോർട്ടിൽ തന്നെയാണ് താമസം. അദ്ദേഹം താഴേക്ക് ഇറങ്ങി വന്നു. അപ്പോഴേക്കും രാജുവും സുപ്രിയയും എത്തി.

കവിത തീയേറ്ററിൽ ഭയങ്കര തിരക്കായിരിക്കും അതുകൊണ്ട് ഓരോരുത്തരും അവരവരുടെ കാറിൽ പോകണ്ട, എല്ലാവരും കൂടി ഒരു കാറിൽ പോകാം എന്ന് തീരുമാനിച്ചു. ഞാനടക്കം അഞ്ചു പേർ. ഒരു ഇന്നോവ ക്രിസ്റ്റ. പുറപ്പെടാൻ നേരം ഞാൻ ആദ്യം കാറിന്റെ ഏറ്റവും ബേക്ക്‌ സീറ്റിൽ കയറിയിരുന്നു. എന്റെ തൊട്ടു പിന്നാലെ ലാലേട്ടനും ബാക്ക്‌ സീറ്റിൽ കയറി. എന്നെ പോലെ തടിയില്ലാത്ത ഒരാൾക്ക് രണ്ട് സീറ്റുകളുടെ ഇടയിൽ കൂടി കയറുക എളുപ്പമാണ്. ലാലേട്ടൻ കുറച്ച് ബുദ്ധിമുട്ടിയാണ് കയറിയത്. ഉടനെ രാജു ഓടി വന്നു പറഞ്ഞു ഞാൻ ഇരിക്കാം ബാക്കിൽ ലാലേട്ടൻ ഫ്രണ്ടിലേക്ക് വരണം. ലാലേട്ടൻ സമ്മതിച്ചില്ല. മുൻപും ഇതുപോലെയൊക്കെ യാത്ര ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു ലാലേട്ടൻ. ഒരു ഇന്നോവ ക്രിസ്റ്റയുടെ ബാക്ക് സീറ്റിൽ ലാലേട്ടനെപ്പോലുള്ള ഒരാൾക്ക് ശരിക്ക് ഇരിക്കാൻ പോലും കഴിയില്ല. ചരിഞ്ഞു ഇരിക്കണം. ലാലേട്ടനോടൊപ്പം ബാക്ക് സീറ്റിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ ഞാൻ ആലോചിച്ചു. സിനിമയിൽ സാധാരണ ഒരു ആർട്ടിസ്റ്റും ഇന്നോവ പോലൊരു കാറിന്റെ ബാക് സീറ്റിൽ കയറാൻ തയ്യാറാവില്ല. എന്തിന് ടെക്‌നീഷ്യൻമാരിൽ പലരും അങ്ങോട്ട് കയറില്ല. ബാക് സീറ്റിൽ കയറുന്നത് തങ്ങളുടെ സ്റ്റാറ്റസിന് ചേർന്നതല്ല എന്നാണ് പലരുടെയും ധാരണ. കാറിന്റെ ഫ്രണ്ട് സീറ്റിലോ ബാക്ക് സീറ്റിലോ ഇരിക്കുന്നതല്ല തങ്ങളുടെ ജോലിയിലെ മികവാണ് അംഗീകാരത്തിനുള്ള കാരണമെന്ന് അറിയാത്ത പോലെയാണ് ഇപ്പോഴും പലരുടെയും പെരുമാറ്റം. ഞാൻ സിനിമയിൽ വരുന്ന കാലത്ത് ഒരു അംബാസിഡർ കാറിൽ കല്യാണത്തിന് പോകുന്നത് പോലെയാണ് ആളുകൾ കയറുക, ആറും ഏഴും പേർ. ആർക്കും പരാതി ഉണ്ടായിരുന്നില്ല. ഇപ്പോൾ ഉള്ള താരങ്ങൾക്ക് ആലോചിക്കാൻ പോലും പറ്റാത്ത കാര്യവുമുണ്ടായിരുന്നു ആ കാലത്ത് ആർട്ടിസ്റ്റുകളും ഒരു മുറിയിൽ രണ്ട് പേരായിരുന്നു താമസം. 80 കളുടെ ആദ്യം സിനിമയിൽ വന്ന ലാലേട്ടന് ഇതുപോലുള്ള അനുഭവങ്ങൾ ധാരാളമുണ്ടായിരിക്കും. ഈ യാത്രയിൽ അദ്ദേഹം ആ കാലങ്ങൾ ഓർത്തിട്ടുമുണ്ടാകും’.– സിദ്ധു പനയ്ക്കൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

empuran malayalam movies mohan lal