പ്രതിശുത വരനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര

ചെന്നൈ∙ പ്രതിശ്രുതവരനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര

author-image
Devina
New Update
Suchitra

ചെന്നൈ∙ പ്രതിശ്രുതവരനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര. ഗാർഹിക പീഡനം, സാമ്പത്തിക തട്ടിപ്പ്, വീട് കയ്യേറൽ തുടങ്ങിയ ആരോപണങ്ങളാണ് ഗായിക ഉന്നയിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് സുചിത്ര താൻ നേരിട്ട പീഡനങ്ങളെക്കുറിച്ചു തുറന്നുപറഞ്ഞത്. പ്രതിശ്രുത വരനായ യുവാവ് ചെന്നൈയിലെ വീട്ടിൽ നിന്ന് തന്നെ പുറത്താക്കിയെന്നും ജോലി ലഭിച്ചതിനെ തുടർന്ന് ഏതാനും മാസങ്ങൾക്കു മുൻപ് മുംബൈയിലേക്കു താമസം മാറിയെന്നും ഗായിക പറയുന്നു. വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടതിനെക്കുറിച്ച് സൂചന നൽകിക്കൊണ്ടുള്ള സമൂഹമാധ്യമ പോസ്റ്റ് സുചിത്ര നീക്കം ചെയ്തിരുന്നു. നിരവധി ഗാനങ്ങളിലൂടെയും സിനിമാരംഗത്തെ പിടിച്ചുലച്ച ‘സുചി ലീക്ക്സ്’ വിവാദത്തിലൂടെയും ഏറെ ചർച്ച ചെയ്യപ്പെട്ട ഗായികയാണ് സുചിത്ര. സുചി ലീക്ക്സ് വിവാദത്തിനു ശേഷമുള്ള തന്റെ ദുർബലമായ അവസ്ഥയെ യുവാവ് മുതലെടുത്തുവെന്നും വൈകാരികമായി തന്നെ ചൂഷണം ചെയ്തുവെന്നും സുഹൃത്തുക്കളിൽ നിന്ന് അകറ്റിയെന്നും സുചിത്ര പറഞ്ഞു .‘‘സുചി ലീക്ക്സ് സംഭവത്തിനു ശേഷം, ഇതിലും മോശമായി ഒന്നും സംഭവിക്കാനില്ലെന്ന് ഞാൻ കരുതി. പക്ഷേ അതും സംഭവിച്ചു. ഞാൻ പ്രണയത്തിലായി. ഒരു രക്ഷകനെപ്പോലെയാണ് അയാൾ എന്റെ ജീവിതത്തിലേക്കു കടന്നുവന്നത്. അയാളെ വർഷങ്ങളായി എനിക്ക് അറിയാം. ഞങ്ങളുടെ ബന്ധം വിവാഹനിശ്ചയം വരെ എത്തി.എന്നാൽ എനിക്ക് അയാളിൽ നിന്ന് പലതവണ മർദനമേറ്റു. ബൂട്ട് ഇട്ട് അയാൾ എന്നെ ചവിട്ടി. ഞാൻ ഒരു മൂലയിലിരുന്ന് വാവിട്ട് കരയുകയും മർദിക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്തു. ആദ്യ ഭാര്യ കാരണം അയാൾ തകർന്നുപോയെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷേ അയാൾ വിവാഹമോചനം നേടിയിട്ടില്ലെന്ന് ഞാൻ പിന്നീട് മനസ്സിലാക്കി. അയാളുടെ ആദ്യ ഭാര്യ എന്റെയടുത്ത് വന്ന്, ഞാനയാളെ തിരിച്ചെടുക്കണമെന്ന് യാചിക്കുകപോലും ചെയ്തു’’– സുചിത്ര പറഞ്ഞു.സുചിത്രയുടെ വെളിപ്പെടുത്തൽ ഇപ്പോൾ വലിയ ചർച്ചകൾക്കു തുടക്കമിട്ടിരിക്കുകയാണ്. തന്നെ സാമ്പത്തികമായി ചൂഷണം ചെയ്തതിനാൽ യുവാവിനെതിരെ കോടതിയെ സമീപിക്കുമെന്നും തന്റെ പണം തിരികെ ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും സുചിത്ര പറഞ്ഞു. അനുവാദമില്ലാതെ അയാൾ തന്റെ വീടിന്റെ വിലാസം ആധാർ കാർഡിൽ ഉപയോഗിച്ചതിന്റെ തെളിവാണെന്ന് പറഞ്ഞ് മറ്റൊരു പോസ്റ്റും സുചിത്ര പങ്കുവച്ചിട്ടുണ്ട്.