ലവ് ജിഹാദ്, ഘര്‍ വാപ്സി തുടങ്ങി ആക്ഷേപങ്ങള്‍ വന്നു: സെയ്ഫിന്റെ വിവാഹത്തെക്കുറിച്ച് സോഹ

2012-ല്‍ സെയ്ഫ് അലി ഖാനും കരീന കപൂറും വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്റെ കുടുംബത്തിന് നേരിടേണ്ടി വന്ന വെറുപ്പിനെക്കുറിച്ചും സോഹ അലി ഖാന്‍ സംസാരിച്ചു.

author-image
Biju
New Update
soha

മുംബൈ: സെയ്ഫ് അലി ഖാന്‍ കരീന കപൂറിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച സമയത്ത് തനിക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് സംസാരിച്ച് ബോളിവുഡ് നടിയും സെയ്ഫിന്റെ സഹോദരിയുമായ സോഹ അലി ഖാന്‍. ഇരുവരുടേയും മിശ്ര വിവാഹത്തിന് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നതായി അവര്‍ വെളിപ്പെടുത്തി.

നയന്‍ദീപ് രക്ഷതിന്റെ യൂട്യൂബ് ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് സെയ്ഫിന്റെയും കരീനയുടെയും വിവാഹം എത്രത്തോളം വിമര്‍ശിക്കപ്പെട്ടുവെന്ന് സോഹ വെളിപ്പെടുത്തിയത്. 'കരീനയും എന്റെ സഹോദരനും വിവാഹം കഴിച്ചപ്പോഴും വിചിത്രമായ പല കാര്യങ്ങളും സംഭവിച്ചിരുന്നു. ലവ് ജിഹാദ്, ഘര്‍ വാപ്സി എന്നിങ്ങനെയുള്ള വിചിത്രമായ ആക്ഷേപങ്ങളാണ് അന്ന് വന്നത്. 'നിങ്ങള്‍ ഞങ്ങളില്‍നിന്ന് ഒരാളെ എടുത്തു, ഇനി ഞങ്ങള്‍ നിങ്ങളില്‍ നിന്ന് ഒരാളെ എടുക്കും' എന്നൊക്കെയുള്ള സംസാരങ്ങളുമുണ്ടായി,' സോഹ പറഞ്ഞു.

2012-ല്‍ സെയ്ഫ് അലി ഖാനും കരീന കപൂറും വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്റെ കുടുംബത്തിന് നേരിടേണ്ടി വന്ന വെറുപ്പിനെക്കുറിച്ചും സോഹ അലി ഖാന്‍ സംസാരിച്ചു.

കുനാല്‍ ഖേമുവുമായുള്ള മിശ്ര വിവാഹത്തിന്റെ സമയത്ത് തനിക്ക് നേരെയുണ്ടായ വിദ്വേഷത്തെക്കുറിച്ചും സോഹ അലി ഖാന്‍ വെളിപ്പെടുത്തി.

തന്റെ സഹോദരന്‍ സെയ്ഫ് അലി ഖാന്‍ കരീന കപൂര്‍ ഖാനെ ഡേറ്റ് ചെയ്യുന്ന വിവരം ആദ്യം തന്നോട് പറഞ്ഞതിനെക്കുറിച്ചും സോഹ ഓര്‍ത്തെടുത്തു. 'ഞാന്‍ ഷൂട്ട് ചെയ്യുന്നതിനിടയില്‍ സെയ്ഫ് എന്നെ വിളിക്കുകയും, 'എന്റെ കാമുകി നിങ്ങളേക്കാള്‍ രണ്ട് വയസ്സിന് ഇളയവളാണ്' എന്ന രീതിയില്‍ പറയുകയും ചെയ്തത് ഞാന്‍ ഓര്‍ക്കുന്നു,' സോഹ വിശദീകരിച്ചു. ഒരു സൂപ്പര്‍സ്റ്റാറിനെ കാണുമ്പോള്‍ ചില മുന്‍ധാരണകള്‍ ഉണ്ടാകാമെങ്കിലും, ഒരാളെ നേരില്‍ കാണുന്നതിന് മുമ്പ് അവരെ വിലയിരുത്തുന്ന ഒരാളല്ല താനെന്നും സോഹ പറയുന്നു.

സോഹയും കരീനയും തമ്മിലുള്ള ബന്ധം വളര്‍ത്തിയെടുക്കാന്‍ സമയമെടുത്തുവെന്നും അവര്‍ പറയുന്നുണ്ട്. ബന്ധം ഉണ്ടാകുന്നതിന് സമയവും വിശ്വാസവും  ആവശ്യമായിരുന്നുവെന്നും കഴിഞ്ഞ 10-12 വര്‍ഷത്തിനിടയില്‍ സംഭവിച്ച നിരവധി സംഭവങ്ങളാണ് തങ്ങളെ കൂടുതല്‍ അടുപ്പിച്ചതെന്നും സോഹ പറഞ്ഞു.