/kalakaumudi/media/media_files/2025/02/28/WWdTkFVit3ydPXl9b5cz.jpg)
മുംബൈ: മുപ്പത്തിരണ്ടാം വയസ്സുവരെ വീട്ടില്‍ കര്‍ശനനിയന്ത്രണങ്ങളായിരുന്നു എന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ. രാത്രിയില്‍ പുറത്തുപോകുന്നതില്‍ നിന്നെല്ലാം അമ്മ പൂനം സിന്‍ഹ വിലക്കിയിരുന്നതായി സോനാക്ഷി പറഞ്ഞു.
'ഞാന്‍ ജോലി ചെയ്യാന്‍ തുടങ്ങിയ ശേഷവും രാത്രി ഒന്നരയ്ക്കുള്ളില്‍ വീട്ടില്‍ എത്തണമെന്ന നിബന്ധന അമ്മയ്ക്കുണ്ടായിരുന്നു. മുപ്പത്തിരണ്ടു വയസ്സുവരെയും അത് അങ്ങനെ തന്നെയായിരുന്നു. സഹീറിനു വേണ്ടി മാത്രമാണ് ഈ നിയന്ത്രണങ്ങളെ ഞാന്‍ ഭേദിച്ചു തുടങ്ങിയത്. അന്ന് പത്ത് നിലകളുള്ള 'രാമായണ' എന്ന കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. ഞാന്‍ പത്താം നിലയിലും അമ്മയും അച്ഛനും അഞ്ചാം നിലയിലുമായിരുന്നു. ഞങ്ങള്‍ക്ക് വളരെ കര്‍ക്കശക്കാരനായ ഒരു ടെലഫോണ്‍ ഓപ്പറേറ്റര്‍ ഉണ്ടായിരുന്നു. എന്റെ കാര്‍ എത്തുമ്പോള്‍ അദ്ദേഹം അഞ്ചാംനിലയിലേക്ക് മകള്‍ വന്നെന്നു വിളിച്ചു പറയും. എത്രയോ തവണ ഞാന്‍ വരുന്ന സമയം അമ്മയെ വിളിച്ചു പറയരുതെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. പിറ്റേന്ന് ഞാന്‍ എപ്പോഴാണ് വന്നതെന്ന് അമ്മ ചോദിക്കുമ്പോള്‍ ഞാന്‍ വന്ന കാര്യം അദ്ദേഹം പറഞ്ഞിട്ടില്ലെന്നു മനസ്സിലാകും. നേരത്തെ വന്നു എന്ന് കള്ളം പറയും. ഇത് എല്ലാവീടുകളിലും നടക്കുന്ന കാര്യമാണ്.' സോനാക്ഷി പറഞ്ഞു.
പലപ്പോഴും രാത്രി വൈകി വരുന്നതില്‍ അമ്മ അച്ഛനോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ അച്ഛന്‍ ഒരിക്കലും ഇതിന്റെ പേരില്‍ ശകാരിച്ചിട്ടില്ലെന്നും സോനാക്ഷി വ്യക്തമാക്കി. അമ്മ വളര്‍ന്നത് അങ്ങനെ ഒരു ചുറ്റുപാടിലാണെന്നും അതുകൊണ്ട് അവരെ ഇക്കാര്യത്തില്‍ കുറ്റംപറയാന്‍ സാധിക്കില്ലെന്നും സോനാക്ഷി കൂട്ടിച്ചേര്‍ത്തു.
മതം മാറാന്‍ സഹീറോ കുടുംബാംഗങ്ങളോ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും സോനാക്ഷി പറഞ്ഞു. 'ഞാനും സഹീറും മതവിശ്വാസത്തെ കുറിച്ച് ആലോചിക്കാറില്ല. പരസ്പരം സ്നേഹിച്ച് വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച രണ്ട് വ്യക്തികള്‍ മാത്രമാണ്. സഹീറിന്റെ വിശ്വാസം അദ്ദേഹം എന്നില്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. തിരിച്ചും അങ്ങനെയാണ്.' സോനാക്ഷി വ്യക്തമാക്കി.