/kalakaumudi/media/media_files/2025/12/12/rajanikanth-2025-12-12-08-41-26.jpg)
ചെന്നൈ: സ്റ്റൈല്‍ മന്നന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ഇന്ന് 75-ാം പിറന്നാള്‍. ഇന്ത്യയിലെ പ്രമുഖ അഭിനേതാക്കളില്‍നിന്ന് രജനിക്ക് ആശംസകളുടെ പ്രവാഹമാണ്. അമിതാഭ് ബച്ചന്‍, ഋത്വിക് റോഷന്‍, കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി വലിയൊരു താരനിരതന്നെ ആശംസകള്‍ അറിയിച്ചു.
സിനിമയുടെ വിജയപരാജയങ്ങളൊന്നും രജനിയുടെ കരിയര്‍ഗ്രാഫിനെ ഇതുവരെ ബാധിച്ചിട്ടില്ല. അതിനുംമേലെയാണ് പ്രേക്ഷക ഹൃദയത്തില്‍ അദ്ദേഹത്തിനുള്ള ഇടം. ഭാഷകള്‍ക്കും രാജ്യങ്ങള്‍ക്കും അപ്പുറത്തേക്ക് വലിയൊരു ആരാധകവൃന്ദം രജനിക്കുണ്ട്. ദശലക്ഷക്കണക്കിന് ആരാധകര്‍ക്ക് രജനി വെറുമൊരു മനുഷ്യനല്ല, ദൈവതുല്യനാണ്. പ്രതിസന്ധികളുടെ കനല്‍ക്കട്ടകളില്‍ ചവുട്ടിയായിരുന്നു താരപദവിയിലേക്കുള്ള രജനിയുടെയാത്ര.
ബെംഗളൂരു ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസിലെ (ബിടിഎസ്) സാധാരണ ബസ് കണ്ടക്ടറെ നടനാക്കി മാറ്റിയത് കെ. ബാലചന്ദര്‍ എന്ന പ്രമുഖ സംവിധായകനാണ്. 1975-ല്‍ പുറത്തിറങ്ങിയ ബാലചന്ദറിന്റെ 'അപൂര്‍വരാഗങ്ങ'ളില്‍നിന്ന് തുടങ്ങിയ അഭിനയ ജൈത്രയാത്ര 171 സിനിമകളിലൂടെ കടന്നുപോയി ഇപ്പോള്‍ കൂലിയില്‍ എത്തിനില്‍ക്കുന്നു. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാനെത്തിയ ശിവാജിറാവു ഗെയ്ക്വാദ് എന്ന വിദ്യാര്‍ഥിയാണ് ബാലചന്ദര്‍ നല്‍കിയ പേരിലൂടെ രജനീകാന്ത് എന്ന താരമായി മാറിയത്.
ബില്ല, മുരട്ടുകാളൈ, ദളപതി, 'അണ്ണാമലൈ', 'ബാഷ', പടയപ്പ', 'മുത്തു', ചന്ദ്രമുഖി, 'ശിവാജി', 'യന്തിരന്‍, കബാലി', കാല, ലിംഗ, അണ്ണാത്തെ, ദര്‍ബാര്‍, ജയിലര്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ രജനി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ചു. നായകസങ്കല്പങ്ങളെപ്പറ്റിയുള്ള കീഴ്വഴക്കങ്ങള്‍ മാറ്റിമറിച്ച അദ്ദേഹം തന്റെ രൂപവുംഭാവവും മാനറിസങ്ങളും സ്വന്തം ശക്തിയാക്കി മാറ്റി. അതോടെ സിനിമയില്‍ പുതിയൊരു ശൈലിയുണ്ടായി. ഒപ്പം രജനിക്കൊരു പേരും ലഭിച്ചു- സ്‌റ്റൈല്‍ മന്നന്‍.
ബസ് കണ്ടക്ടറില്‍നിന്ന് സൂപ്പര്‍സ്റ്റാറിലേക്കുള്ള തന്റെ ജിവിതഗതിയെക്കുറിച്ച് ഒരിക്കല്‍ രജനിയോട് ചോദിച്ചപ്പോള്‍ അദ്ഭുതം എന്നായിരുന്നു മറുപടി. സിനിമാഭിനയത്തില്‍ 51-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും ആ അദ്ഭുതം അദ്ദേഹം തുടരുമെന്നു തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
75 വയസ്സായിട്ടും അദ്ദേഹം ഇപ്പോഴും തമിഴ് സിനിമയുടെ നമ്പര്‍ 1 ഹീറോയാണ്.
ചെന്നൈ ബോയിസ് ഗാര്‍ഡനില്‍ രജനിയുടെ ഉടമസ്ഥതയിലുള്ള ഒരു വലിയ ബംഗ്ലാവ് ഉണ്ട്. ഇതുകൂടാതെ ചെന്നൈയില്‍ വിവാഹ മണ്ഡപവും ബിഎംഡബ്ല്യു, ഓഡി തുടങ്ങിയ ആഡംബര കാറുകളും രജനിക്കുണ്ട്. അദ്ദേഹത്തിന്റെ ആസ്തി മാത്രം 430 കോടിയിലധികം വരും. ഇത്രയും കോടികളുടെ ആസ്തിയുണ്ടായിട്ടും ലളിത ജീവിതം നയിക്കാനാണ് രജനിയുടെ ആഗ്രഹം. അതും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
