/kalakaumudi/media/media_files/2025/06/30/commfg-2025-06-30-13-01-25.jpg)
കൊച്ചി:മോഹന്‍ലാല്‍ ചിത്രങ്ങളായ ഛോട്ടാ മുംബൈയും, ദേവദൂതനും മണിച്ചിത്രത്താഴുമെല്ലാം വീണ്ടും ബിഗ് സ്‌ക്രീനുകള്‍ ഇളക്കി മറിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു സൂപ്പര്‍ ഹിറ്റ് മലയാളം സിനിമ കൂടി റീ റിലീസിന് ഒരുങ്ങുകയാണ്. സുരേഷ് ഗോപി നായകനായ കമ്മീഷണര്‍ ആണ് വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുന്നത്.
ഛോട്ടാ മുംബൈ, ദേവദൂതന്‍ തുടങ്ങിയ സിനിമകള്‍ റീമാസ്റ്റര്‍ ചെയ്ത ഹൈ സ്റ്റുഡിയോസ് തന്നെയാണ് കമ്മീഷണറിന്റെ റീമാസ്റ്റര്‍ വര്‍ക്കിന്റെ പിന്നിലും. 4കെ യില്‍ ഡോള്‍ബി അറ്റ്‌മോസിലാണ് കമ്മീഷണര്‍ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ഓണത്തിനോട് അനുബന്ധിച്ചാകും ചിത്രം റീ റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. പുറത്തിറങ്ങി 31 വര്‍ഷത്തിന് ശേഷമാണ് ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്.
1994 ലാണ് ഷാജി കൈലാസിന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായി കമ്മീഷണര്‍ റിലീസിനെത്തുന്നത്. സുരേഷ് ഗോപിയുടെ സൂപ്പര്‍ താര പദവിയില്‍ വലിയ പങ്കുവഹിച്ച സിനിമയാണ് ഇത്. ശോഭന, രതീഷ്, ഭീമന്‍ രഘു, വിജയരാഘവന്‍, ഗണേഷ് കുമാര്‍, രാജന്‍ പി ദേവ് തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കള്‍. ഈ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു.
മികച്ച വിജയമായിരുന്നു സിനിമ അവിടെ നിന്നും നേടിയത്. ചിത്രം ആന്ധ്രാപ്രദേശില്‍ 100 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തിലൂടെ തെലുങ്കില്‍ സുരേഷ് ഗോപിക്ക് വലിയ ഫാന്‍ ബേസ് ഉണ്ടായി. രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതിയ സിനിമ നിര്‍മിച്ചത് എം മണി ആയിരുന്നു.