/kalakaumudi/media/media_files/2025/08/25/swasika-2025-08-25-15-45-35.jpg)
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ച നടിയാണ് സ്വാസിക വിജയ്. സഹതാരമായി അഭിനയിച്ച പ്രേം ജേക്കബിനെയാണ് സ്വാസിക വിവാഹം ചെയ്‍തത്. ഒരു മോഡൽ കൂടിയാണ് പ്രേം. ഭർത്താവിന് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതും കാലിൽ വീണ് അനുഗ്രഹം വാങ്ങുന്നതുമൊക്കെ തനിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണെന്ന് വിവാഹത്തിനു മുൻപേ തന്നെ സ്വാസിക പറഞ്ഞിരുന്നു. ഇതേത്തുടർന്ന് താരം നിരവധി വിമർശനങ്ങളും ട്രോളുകളും നേരിട്ടിരുന്നു. ഇപ്പോളിതാ ആരൊക്കെ ട്രോളിയാലും വിമർശിച്ചാലും ഇത്തരം നിലപാടുകളിൽ ഉറച്ചു നിൽക്കുമെന്നും അതെല്ലാം തന്റെ ഇഷ്ടങ്ങളാണെന്നും തുറന്നു പറയുകയാണ് താരം. വാസന്തി എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വാസിക.സ്വാസികയുടെ വാക്കുകളിലേക്ക് ;''നമുക്ക് ചെറുപ്പത്തിലേ ചില ഇഷ്ടങ്ങൾ മനസിൽ കയറിക്കൂടില്ലേ? അതെങ്ങനെ നമ്മുടെ ഉള്ളിൽ കയറിക്കൂടുന്നു എന്ന് നമ്മൾ പോലും അറിയില്ല. അത്തരത്തിലൊന്നാണ് ഇതും. ടീനേജ് പ്രായം മുതലേ ഇതൊക്കെ ഞാൻ ആഗ്രഹിക്കുന്നതാണ്. സിന്ദൂരം ധരിക്കാനാണ് ഞാൻ വിവാഹം കഴിച്ചതു തന്നെ. ആളുകൾ എപ്പോഴും എന്നെ കളിയാക്കുന്നതും ഇതിന്റെയൊക്കെ പേരിൽ ആണല്ലോ. എന്നെ ഒരു കുലസ്ത്രീ എന്നാണല്ലോ കളിയാക്കുന്നത്. പക്ഷേ എനിക്ക് ആ വാക്ക് ഇഷ്ടമാണ്. കുലസ്ത്രീ ആകാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇപ്പോൾ ഞാൻ കുറച്ച് സിന്ദൂരമേ ഇട്ടിട്ടുള്ളൂ. പക്ഷേ എനിക്ക് കുറച്ചുകൂടി നീളത്തിൽ സിന്ദൂരം ധരിക്കാൻ ഇഷ്ടമാണ്. അത് അങ്ങനെ ധരിക്കണമെന്ന് ആണ് ഐതീഹ്യം എന്നാണ് ഞാൻ മനസിലാക്കിയത്. താലി ധരിക്കാനും എനിക്കിഷ്ടമാണ്. ഇതൊക്കെ എന്റെ ഇഷ്ടങ്ങൾ ആണ്.എന്നെ ട്രോളുന്നതിന്റെ പേരിൽ ഈ ഇഷ്ടങ്ങളൊക്കെ ഞാൻ മാറ്റിവെയ്ക്കുകയേ ഇല്ല. നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടത്തിന് എന്നെ ട്രോളുകയോ വിമർശിക്കുകയോ ഒക്കെ ചെയ്യാം, പക്ഷേ സിന്ദൂരം ഇടുക, താലിയിടുക എന്നൊക്കെ പറയുന്നത് എന്റെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്'', സ്വാസിക പറഞ്ഞു.ആരൊക്കെ തന്നെ വിമർശിച്ചാലും തന്റെ ഇഷ്ടങ്ങൾ ഒന്നും മാറ്റാൻ തയ്യാറല്ലെന്ന് സ്വാസിക ഇതിനോടകം തന്നെ പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട് .