ജനനായകന്‍ തിയേറ്ററുകളിലേക്ക്; നിയമക്കുരുക്ക് അഴിയുന്നു

കോടതിയിലെ നിയമ പോരാട്ടം തുടര്‍ന്നാല്‍ റിലീസ് അനിശ്ചിതത്വം തുടരുമെന്നതാണ് നിര്‍മ്മാതാക്കളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഇനി സിംഗിള്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയാല്‍ നടപടികള്‍ ആരംഭിക്കാന്‍ തന്നെ ചുരുങ്ങിയത് 20 ദിവസമെങ്കിലുമെടുക്കും

author-image
Biju
New Update
jana4

ചെന്നൈ: കോടതികളില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടി നേരിട്ടതിന് പിന്നാലെ സെന്‍സര്‍ ബോര്‍ഡിന് എതിരായ ഹര്‍ജി പിന്‍വലിച്ച് ജനനായകന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍. വിജയ്‌യുടെ അവസാന ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന്റേതാണ് നിര്‍ണ്ണായക നീക്കം. കേസുമായി മുന്നോട്ടുപോകാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാമെന്നും നിര്‍മ്മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം അറിയിച്ചുകൊണ്ട് ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍മ്മാതാക്കളുടെ അഭിഭാഷകന്‍ കത്ത് നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് പി ടി ആശയുടെ മുന്നില്‍ ഇക്കാര്യം നാളെ പരാമര്‍ശിക്കും.

കോടതിയിലെ നിയമ പോരാട്ടം തുടര്‍ന്നാല്‍ റിലീസ് അനിശ്ചിതത്വം തുടരുമെന്നതാണ് നിര്‍മ്മാതാക്കളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഇനി സിംഗിള്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയാല്‍ നടപടികള്‍ ആരംഭിക്കാന്‍ തന്നെ ചുരുങ്ങിയത് 20 ദിവസമെങ്കിലുമെടുക്കും. അതിന് ശേഷം സെന്‍സര്‍ ബോര്‍ഡിന് എട്ട് ആഴ്ച വരെ സമയം നല്‍കാന്‍ കോടതിക്ക് സാധിക്കും. സിംഗിള്‍ ബെഞ്ചില്‍ നിന്ന് ഒരു അനുകൂല ഉത്തരവുണ്ടായാല്‍ തന്നെ സെന്‍സര്‍ ബോര്‍ഡ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോകും. ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് സുപ്രീം കോടതിയിലേക്കും വ്യവഹാരം നീളും. നിയമപോരാട്ടവുമായി മുന്നോട്ട് പോകുന്നപക്ഷം ചിത്രം എപ്പോള്‍ തിയറ്ററുകളില്‍ എത്തിക്കാനാവുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരും. തമിഴ്‌നാട് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തീയതി പ്രഖ്യാപിച്ചാല്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വരും. അപ്പോള്‍ കൂടുതല്‍ നിയമ കുരുക്കുകളിലേക്ക് ഇത് കടക്കും. അങ്ങനെ വന്നാല്‍ ചിത്രം നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് നീളും തെരഞ്ഞെടുപ്പില്‍ ടിവികെയ്ക്ക് തിരിച്ചടി നേരിട്ടാല്‍ വിജയ്ക്ക് ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യത ലഭിക്കണമെന്നില്ല.

500 കോടിയോളം മുടക്കുള്ള ചിത്രത്തിന്റെ പൊങ്കല്‍ റിലീസ് മുടങ്ങിയതിനാല്‍ 100 കോടിയോളം തങ്ങള്‍ക്ക് നഷ്ടമായിട്ടുണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നത്. ചിത്രം പെട്ടിയില്‍ ഇരിക്കുന്തോറും ഈ നഷ്ടവും വര്‍ധിക്കും. ഒപ്പം മറ്റ് അപ്കമിംഗ് റിലീസുകളും ഉള്ളതിനാല്‍ പ്രതീക്ഷിക്കുന്ന റിലീസ് തീയതി ലഭിക്കണമെന്നില്ല. ഇതിന് പുറമെ ഒടിടി റൈറ്റ്‌സ് വാങ്ങിയിരിക്കുന്ന ആമസോണ്‍ പ്രൈം വീഡിയോ അടക്കം റിലീസിനായി സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യവുമുണ്ട്. ഇതെല്ലാം പരിഗണിച്ച് പ്രായോഗിക തീരുമാനം എന്ന നിലയ്ക്കാണ് നിര്‍മ്മാതാക്കള്‍ ഹര്‍ജി പിന്‍വലിച്ചിരിക്കുന്നത്.

അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ഈ തീരുമാനം മുന്‍പേ എടുത്തില്ല എന്ന ചോദ്യത്തിന് സെന്‍സര്‍ ബോര്‍ഡ് ചട്ടങ്ങളിലെ ഒരു ക്ലോസ് ആണ് കാരണമെന്നാണ് ടിവികെ വൃത്തങ്ങള്‍ മുന്‍പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നത്. സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ് റിവൈസിംഗ് കമ്മിറ്റിയുടെ തീരുമാനം തൃപ്തികരമായില്ലെങ്കില്‍ രണ്ടാമതൊരു റിവൈസിംഗ് കമ്മിറ്റിക്ക് കൂടി വിടാനുള്ള അധികാരമുണ്ട്. 20 ദിവസത്തിനുള്ളില്‍ റിവൈസിംഗ് കമ്മിറ്റി രൂപീകരിച്ചാല്‍ മതി. കമ്മിറ്റിയുടെ തീരുമാനം വരാന്‍ സമയമെടുക്കാം. അന്തിമ തീരുമാനം 25 മുതല്‍ 50 ദിവസം വരെ വൈകും. ആ ഭയം കാരണമാണ് അത്തരമൊരു തീരുമാനത്തിലേക്ക് നിര്‍മ്മാതാക്കള്‍ തുടക്കത്തില്‍ പോകാതിരുന്നത്.