/kalakaumudi/media/media_files/2025/04/18/D755LtBBqYrSyYahvNly.png)
കൊച്ചി: തിയറ്ററിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഒടിടി പ്ലാറ്റ്ഫോമിൽ കയ്യടി നേടുകയാണ് 'ഋ' എന്ന കൊച്ചുചിത്രം. ആമസോൺ പ്രൈമിൽ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ക്യാമ്പസ് രാഷ്ട്രീയവും പ്രണയവും ചർച്ച ചെയ്യുന്ന സിനിമ ഷേക്സ്പിയറിന്‍റെ ഒഥല്ലോയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.
സര്‍വകലാശാല കാമ്പസിൽ നടക്കുന്ന മൂന്ന് പ്രണയങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരേ സമുദായത്തിൽ പെട്ടവരുടെ പ്രണയം, മുസ്‍ലിം യുവതിയും ഹിന്ദു യുവാവും തമ്മിലുള്ള പ്രണയം, ദളിത് യുവാവും ഉയർന്ന സമുദയത്തിൽ പെട്ട യുവതിയുമായുള്ള പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഋയുടെ പ്രമേയം. വര്‍ണരാഷ്ട്രീയവും ജാതി രാഷ്ട്രീയവും സിനിമയിൽ ചര്‍ച്ചയാകുന്നുണ്ട്. പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിലുള്ളതാണ് ചിത്രത്തിന്‍റെ ക്ലൈമാക്സ്. ഒഥല്ലോയോട് അങ്ങേയറ്റം നീതി പുലര്‍ത്തുന്നതാണ് ഋയിലെ ക്ലൈമാക്സും. മഹാത്മാഗാന്ധി സര്‍വകലാശാല കാമ്പസിലാണ് ചിത്രം പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്.
ചിത്രത്തിന് 'ഋ' എന്ന പേരിടാനും കാരണമുണ്ട്. മലയാള അക്ഷരമാലയിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട അക്ഷരമാണ് ഋ. ചിത്രത്തിലെ പ്രധാന കഥാപാത്രവും അരികുവത്ക്കരിക്കപ്പെട്ട സമൂഹത്തിൽ നിന്നുള്ളയാളാണ്.
രഞ്ജി പണിക്കര്‍, രാജീവ് രാജൻ, നയന എൽസ, ഡെയിന്‍ ഡേവിസ്, അഞ്ജലി നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. വൈദികനായ ഫാ. വര്‍ഗീസ് ലാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലെറ്റ്‌ഴ്‌സ് അധ്യാപകനായ ഡോ. ജോസ് കെ. മാനുവലിന്‍റെതാണ് തിരക്കഥ. കാമ്പസിലെ പൂര്‍വ വിദ്യാര്‍ഥിയും നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ശിവയാണ് ഛായാഗ്രഹണം.