/kalakaumudi/media/media_files/2025/04/28/p0EZI1dyGZPkUzHwaYlp.png)
ശാലിനി എന്നും മലയാളിക്കൊരു അദ്ഭുതമായിരുന്നു. ദൈവം നേരിട്ട് ഇറങ്ങി വന്ന് തലയില്‍ കൈവച്ച് അനുഗ്രഹിച്ചതു പോലെ ഒരു പെണ്‍കുട്ടി. അതീവസാധാരണമായ ജീവിതസാഹചര്യങ്ങളില്‍ നിന്ന് ഏറ്റവും കുറഞ്ഞ പ്രായത്തില്‍ വലിയ തുക ഇന്‍കംടാക്‌സ് അടയ്ക്കുന്ന വ്യക്തി എന്ന നിലയില്‍ ഗിന്നസ് റെക്കോര്‍ഡ്.
ഈ റെക്കോര്‍ഡ് പില്‍ക്കാലത്ത് ശാലിനിയുടെ അനുജത്തി ശാമിലി തിരുത്തി. അഞ്ച് ഭാഷകളില്‍ താരമൂല്യമുളള ബാലതാരമായിരുന്നു ശാലിനി. അന്ന് മലയാളത്തില്‍ മമ്മൂട്ടി സിനിമകള്‍ പോലും വിജയിക്കണമെങ്കില്‍ ശാലിനിയുടെ സാന്നിധ്യം അനിവാര്യമായിരുന്നു. തെന്നിന്ത്യയിലെ സകല സൂപ്പര്‍താരങ്ങള്‍ക്കുമൊപ്പം ശാലിനി സ്‌ക്രീന്‍സ്‌പേസ് പങ്കിട്ടു. ഒരേ വര്‍ഷം മൂന്ന് സംസ്ഥാന അവാര്‍ഡും ഒപ്പം നാഷ്നല്‍ അവാര്‍ഡും.
1984 ല്‍ ജോഷിയുടെ ‘മിനിമോള്‍ വത്തിക്കാനില്‍’ എന്ന പടത്തില്‍ അഭിനയിക്കാന്‍ പോയ ശാലിനിക്ക് മാര്‍പാപ്പയെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങാന്‍ അവസരം ലഭിച്ചു. ജോഷി അതുകൂടി ഷൂട്ട് ചെയ്ത് സിനിമയുടെ ഭാഗമാക്കി. ‘മാമാട്ടി കട്ട്’ എന്ന പേരില്‍ ശാലിനിയുടെ ഹെയര്‍ സ്‌റ്റൈല്‍ അനുകരിക്കാന്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് മുന്നില്‍ ആളുകള്‍ ക്യൂ നിന്നു. ഓരോ മാതാപിതാക്കളും തങ്ങളുടെ പെണ്‍മക്കളില്‍ ശാലിനിയെ തിരഞ്ഞു. ബാല്യം വിട്ട് കൗമാരത്തിലേക്ക് കടന്നതോടെ ശാലിനി അഭിനയം നിര്‍ത്തി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായി തിരിച്ചു വന്ന ‘അനിയത്തിപ്രാവ്’ എന്ന ചിത്രം സര്‍വകാലഹിറ്റ്. അതിന്റെ തമിഴ് റീമേക്കും മെഗാഹിറ്റായതോടെ ശാലിനി തരംഗമായി. നിറം എന്ന സിനിമ ട്രെന്‍ഡ് സെറ്ററായതോടെ ശാലിനിയെ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയായി. ഈ നേട്ടങ്ങള്‍ക്കെല്ലാം ഉപരിയായി പൊതുസമൂഹം ശാലിനിയെ മതിപ്പോടെ കാണാന്‍ ഇടയാക്കിയ ഒരു വസ്തുതയുണ്ട്. സിനിമയില്‍ വന്ന് ഇത്രയധികം പ്രൊജക്ടുകളുടെ ഭാഗമായിട്ടും ചെറിയ ഒരു പേരുദോഷം പോലും കേള്‍പ്പിക്കാതെ അന്തസിന്റെയും കുലീനതയുടെയും പര്യായമായി നിലകൊളളാന്‍ ഈ നടിക്കു സാധിച്ചു.
പിതാവ് ബാബു നിഴല്‍ പോലെ ഒപ്പമുളളതു കൊണ്ടാവാം ഇതെന്ന് ചിലര്‍ വ്യാഖ്യാനിച്ചു. എന്നാല്‍ അതുകൊണ്ട് മാത്രമായിരുന്നില്ല. ശാലിനിയുടെ അടിസ്ഥാന വ്യക്തിത്വം അങ്ങനെയായിരുന്നു. മാന്യതയുളളവര്‍ക്കും സിനിമയില്‍ നിലനില്‍ക്കാമെന്ന് ശാലിനി കാണിച്ചുകൊടുത്തു. അത്രമേല്‍ ജനപ്രിയതയുളള ശാലിനിയെ സിനിമാലോകം ആദരവോടെ മാത്രം കണ്ടു.
അന്ന് ശാലിനി ഷൂട്ടിങ് സെറ്റില്‍ വന്നാല്‍ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത വിധം ജനങ്ങള്‍ വന്ന് പൊതിയും. പലപ്പോഴും ഷൂട്ടിങില്‍ പങ്കെടുക്കാതെ ഹോട്ടല്‍ റൂമിലേക്ക് തിരിച്ചു പോയിട്ടുണ്ട്.
അജിത്ത് എന്ന നടനെ ആകര്‍ഷിച്ചത് ശാലിനിയുടെ പണമോ പ്രശസ്തിയോ ഒന്നുമായിരുന്നില്ല. സ്വഭാവശുദ്ധിയും വ്യക്തിപ്രഭാവവുമായിരുന്നു. സെറ്റില്‍ വന്നാല്‍ ഷോട്ട് കഴിഞ്ഞ് ഒരിടത്ത് മാറിയിരുന്ന് പുസ്തകങ്ങളില്‍ മുഖം പുഴ്ത്തുന്ന നടി. ആരോടും ആവശ്യമില്ലാതെ സംസാരിക്കാന്‍ പോലും നില്‍ക്കില്ല. അങ്ങനെയൊരു പെണ്‍കുട്ടിയോട് അടുക്കാന്‍ ശ്രമിക്കും തോറും അകന്ന് പോകും പോലെയാണ് ശാലിനി പെരുമാറിയത്. ആരുടെയും സ്‌നേഹവലയത്തില്‍ വീഴുന്ന കൂട്ടത്തിലല്ല ശാലിനിയെന്ന് അജിത്തിന് ബോധ്യമായി. അപ്രാപ്യമായ ഒരു പുഷ്പത്തെ അടുപ്പിക്കാനുളള വാശിയും അതിനോട് തോന്നുന്ന ആകര്‍ഷണവുമാണ് അജിത്തിന്റെ മനസില്‍ ശാലിനിയോടുളള പ്രണയമായി വളര്‍ന്നതെന്ന് പിന്നീട് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
എന്നാല്‍ ഒരിക്കലും അജിത്ത് ഇത്തരം സ്വകാര്യതകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയതേയില്ല. മൗനമായിരുന്നു എന്നും അദ്ദേഹത്തിന്റെ ആയുധം. നായകന്‍മാരേക്കാള്‍ ജനപ്രീതിയുളള ശാലിനിയെ തങ്ങളുടെ ഹീറോയിനാക്കാന്‍ വലിയ താരങ്ങള്‍ കാത്തിരിക്കുന്ന കാലത്താണ് ശാലിനിയുടെ ഹീറോയായി അജിത്ത് എന്ന താരതമ്യേന നവാഗതനായ നടന്‍ വരുന്നത്. അതിന്റെ തുടക്കം തന്നെ പതിവ് രീതികളില്‍ നിന്നും വേറിട്ടതായിരുന്നു. ശാലിനിയുടെ ഡേറ്റുകള്‍ നോക്കുന്നത് പിതാവ് ബാബുവാണ്. ഒരു ദിവസം ഡയറക്ടര്‍ ശരണിന്റെ അസിസ്റ്റന്റ് ഹരി വിളിച്ച് ‘അമര്‍ക്കളം’ എന്ന സിനിമയുടെ കാര്യം സൂചിപ്പിച്ചിട്ട് പറഞ്ഞു.
‘ഹീറോ അജിത്ത് സര്‍ വിളിക്കും’
അല്‍പ്പസമയം കഴിഞ്ഞ് അജിത്ത് വിളിച്ച് സ്വയം പരിചയപ്പെടുത്തിയിട്ട് പറഞ്ഞു. ‘അടുത്ത പടത്തില്‍ നായികയായി ശാലിനി വേണം’
ബാബു അമ്പരന്ന് പോയി. സാധാരണ ഗതിയില്‍ ഡേറ്റ് സംബന്ധമായ കാര്യങ്ങള്‍ക്ക് വിളിക്കുന്നത് സംവിധായകനോ നിര്‍മാതാവോ പ്രൊഡക്‌ഷന്‍ കണ്‍ട്രോളറോ ആവും. നടന്‍ നേരിട്ട് വിളിക്കുന്നത് ഇതാദ്യം. അതും യാതൊരു മുന്‍പരിചയവുമില്ലാത്ത ആള്‍. ബാബു അതത്ര കാര്യമാക്കിയില്ല. ഒന്നാമത് പുതിയ പയ്യന്‍. മാത്രമല്ല ഇവരുടെയൊക്കെ സ്വഭാവം നമുക്കറിയില്ലല്ലോ? കുറച്ച് കഴിഞ്ഞ് കമ്പനി മാനേജര്‍ വിളിച്ചിട്ട് പറഞ്ഞു.
നായകനും നായികയ്ക്കും തുല്യപ്രാധാന്യമുളള പടമാണ്.’ വലിയ പ്രതിഫലവും ഓഫര്‍ ചെയ്തു. എന്നിട്ടും ബാബു പിടികൊടുത്തില്ല. അലൈപായുതേയും നിറവും ഒക്കെ ചെയ്യുന്ന സമയമാണ്. അതിലുപരി പ്ലസ് ടു പരീക്ഷയുടെ തിരക്കുകളുമുണ്ട്. എന്തൊക്കെ ഒഴികഴിവുകള്‍ പറഞ്ഞിട്ടും അവര്‍ നിര്‍ബന്ധം തുടരുകയാണ്. ഒടുവില്‍ സമ്മതിക്കേണ്ടി വന്നു.
ഷൂട്ടിങ് തുടങ്ങിയ ശേഷമാണ് ബാബു അജിത്തിനെ ശ്രദ്ധിക്കുന്നത്. മറ്റ് നായകന്‍മാരില്‍ നിന്നും ഏറെ വ്യത്യസ്തനാണ് അജിത്ത്. ഭയങ്കര മാന്യന്‍. നല്ല മനസ്. മറ്റുളളവരോട് ഉളളില്‍ തട്ടിയ സ്‌നേഹവും ആത്മാര്‍ത്ഥതയും. എത്ര നല്ല രീതിയിലാണ് അദ്ദേഹം എല്ലാവരോടും പെരുമാറുന്നത്.
പ്രൊഡക്ഷനിലുളള ഓരോരുത്തരെയും സാമ്പത്തികമായി സഹായിക്കുക, ലൈറ്റ് ബോയ്‌സിന് മഴയത്ത് റെയിന്‍കോട്ട് വാങ്ങികൊടുക്കുക. ഇതൊക്കെ കണ്ട് ബാബു അദ്ഭുതപ്പെട്ടു. പല നടന്‍മാരും വലിയ ഹെഡ് വെയിറ്റുളളവരും സെറ്റില്‍ വന്നാല്‍ തന്റെ തരപ്പടിക്കാരോട് മാത്രം സംസാരിക്കുന്നവരുമാണ്. ഇതുപോലൊരു ഹീറോയെ ഇന്നേവരെ കണ്ടിട്ടില്ല.
സിനിമയിലെ ഒരു സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ അജിത്തിന്റെ കൈയിലിരുന്ന കത്തികൊണ്ട് ശാലിനിയുടെ കൈ നന്നായി മുറിഞ്ഞു. വേദന കൊണ്ട് ഉറക്കെ കരയുന്ന ശാലിനിയെ കണ്ട് അജിത്തിന് വല്ലാത്ത വിഷമമായി. മനഃപൂര്‍വം സംഭവിച്ചതല്ലെങ്കിലും തന്റെ ഭാഗത്തു നിന്നുണ്ടായ പിഴവാണ്. പോരാത്തതിന് വേദന വേദന തന്നെയാണല്ലോ. മുറിവ് ഉണങ്ങും വരെ ശാലിനി സെറ്റില്‍ നിന്നും ബ്രേക്കെടുത്തു. അജിത്ത് ഓരോ ദിവസവും വിളിച്ച് സുഖവിവരം അന്വേഷിക്കും. സംഭവിച്ചു പോയ കാര്യത്തില്‍ ശാലിനിയേക്കാള്‍ വിഷമം അജിത്തിനാണെന്ന് തോന്നിപ്പോകും. ഏതായാലും ആ സംഭവത്തോടെ പരസ്പരമുളള അകല്‍ച്ച മാറി ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലായി. അജിത്ത് ശാലിനിയോടും പിതാവിനോടും ദീര്‍ഘനേരം സംസാരിക്കുന്നത് പതിവായി.
ആദ്യമൊന്നും അതിന്റെ കാരണം വ്യക്തമായില്ലെങ്കിലും പുളളിയുടെ മനസില്‍ മറ്റ് ചില കണക്ക് കൂട്ടലുകളുണ്ടെന്ന് ബാബുവിന് തോന്നി. ശാലിനിയുടെ സ്വഭാവവും കുടുംബത്തിന്റെ ധാര്‍മ്മിക മൂല്യങ്ങളുമെല്ലാം അജിത്തിനെ ഒരുപാട് ആകര്‍ഷിച്ചുവെന്ന് അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്ന് തന്നെ വ്യക്തമായി. തങ്ങളെക്കുറിച്ച് മറ്റാരേക്കാള്‍ നന്നായി മനസിലാക്കിയ ഒരാളാണ് അജിത്തെന്ന് ശാലിനിക്കും ബാബുവിനും തോന്നി. ശാലിനിയുടെ ഗുണഗുണങ്ങള്‍ അദ്ദേഹം അക്കമിട്ട് പറയും. എല്ലാം പുളളിക്ക് കാണാപാഠമാണ്.
ഇന്നേവരെ ഒരു ഗോസിപ്പുകളിലും പ്രണയക്കുരുക്കിലും ചെന്നു പെടാത്ത തീര്‍ത്തും ഹോംലിയായ പെണ്‍കുട്ടി. സെക്‌സി വേഷങ്ങള്‍ ചെയ്യില്ല, പാട്ട് സീനുകളില്‍ പോലും സഭ്യമല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കില്ല,. എത്ര ലക്ഷങ്ങള്‍ ഓഫര്‍ ചെയ്താലും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവില്ല. ഇത്ര കര്‍ശനമായ ചിട്ടവട്ടങ്ങള്‍ എന്തുകൊണ്ട് എന്ന അന്വേഷണത്തിന് ബാബു നല്‍കിയ മറുപടിയും അജിത്തിന് ഇഷ്ടപ്പെട്ടു. ‘മലയാളികള്‍ സ്വന്തം വീട്ടിലെ ഒരു മോളെ പോലെയാണ് അവളെ കാണുന്നത്. കുടുംബത്തിന് ഒന്നിച്ചിരുന്ന് കാണാന്‍ പറ്റാത്ത പടങ്ങളില്‍ അവള്‍ വരാന്‍ പാടില്ല’.
തടസങ്ങള്‍ അകന്ന് വിവാഹത്തിലേക്ക്...
‘അമര്‍ക്കള’ത്തിന്റെ ഷൂട്ടിനിടയില്‍ അജിത്ത് മറ്റൊരു സിനിമയ്ക്കും ഡേറ്റ് കൊടുത്തിരുന്നു. ആ പടത്തിലേക്ക് പോകുന്ന കാര്യം ശരണുമായി സംസാരിച്ചിരിക്കവെ അജിത്ത് പറഞ്ഞു.
‘ശരണ്‍ജി ഈ പടം ഇനി നീട്ടിവയ്ക്കണ്ടാ..എത്രയും വേഗം ഇത് തീര്‍ക്കണം. ആ പെണ്‍കുട്ടിയുമായി ഞാന്‍ പ്രണയത്തിലാവുമോയെന്ന് ഭയപ്പെടുന്നു’
തൊട്ടപ്പുറത്ത് മേക്കപ്പ് ചെയ്തുകൊണ്ടിരുന്ന ശാലിനിയുടെ മുഖത്തെ നടുക്കവും ശരണ്‍ ശ്രദ്ധിച്ചു. അജിത്തിനോട് ശാലിനിയോടുളള അഗാധമായ പ്രണയത്തോടൊപ്പം തന്നെ ഈ ബന്ധത്തിന് അവര്‍ സമ്മതിക്കുമോ എന്ന ഭയവുമുണ്ടായിരുന്നു. ഒരിക്കല്‍ അജിത്ത് തനിക്ക് ശാലിനിയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നും ശാലിനിയോട് തന്നെ തുറന്ന് പറഞ്ഞു. നായകന്‍മാരുടെ പതിവ് പല്ലവി എന്നതിനപ്പുറം ശാലിനി അതിനൊന്നും തീരെ വിലകൊടുത്തില്ല. അജിത്ത് വീണ്ടും പഴയ പല്ലവി ആവര്‍ത്തിച്ചപ്പോള്‍ ശാലിനി വന്ന് ബാബുവിനോട് പറഞ്ഞു.
‘ഡാഡി അയാള്‍ ഇങ്ങനെയൊക്കെ സംസാരിക്കുന്നു’
ബാബു മറുപടി കൊടുത്തു: ‘മോള്‍ അതൊന്നും മൈന്‍ഡ് ചെയ്യാന്‍ പോകണ്ട’
അടുത്ത ദിവസം സംവിധായകന്‍ ശരണും ശുപാര്‍ശയുമായെത്തി. ‘അജിത്ത് സര്‍ നല്ല മനുഷ്യനാണ്. വിവാഹം നടക്കുകയാണെങ്കില്‍ അതൊരു നല്ല കാര്യമാണ്’
ബാബുവും ശാലിനിയും അപ്പോഴും കാര്യമാക്കിയില്ല. ഷൂട്ടിങ് തീര്‍ന്നിട്ടും അക്കാര്യത്തില്‍ ഒരു തീരുമാനമായില്ല. ഒരു ദിവസം അജിത്ത് അച്ഛനെ വിളിച്ചുകൊണ്ടു വന്ന് ബാബുവിനെ പരിചയപ്പെടുത്തി. വളരെ ബുദ്ധിപൂര്‍വമായിരുന്നു അജിത്തിന്റെ നീക്കങ്ങള്‍. ശാലിനി ക്രിസ്ത്യന്‍ വിഭാഗത്തിലും അജിത്ത് ബ്രാഹ്‌മണവിഭാഗത്തിലും പെട്ടവരാണ്. അജിത്തിന്റെ വീട്ടില്‍ വിവാഹത്തിന് എതിര്‍പ്പൊന്നുമില്ലെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. വിവാഹക്കാര്യത്തില്‍ അജിത്ത് വളരെ സീരിയസാണെന്ന് തോന്നിയെങ്കിലും അപ്പോഴും ബാബു മുന്‍കൈ എടുത്തില്ല.
ആ സമയത്ത് ശാലിനിയുടെ വിവാഹം എന്നത് വീട്ടുകാരുടെ മനസില്‍ പോലുമുണ്ടായിരുന്നില്ല. അത്രയ്ക്ക് തിരക്കുളള ദിവസങ്ങളിലുടെയാണ് കടന്നു പോകുന്നത്. പക്ഷേ അവിടം കൊണ്ടൊന്നും പിന്‍മാറാന്‍ അജിത്ത് ഒരുക്കമായിരുന്നില്ല. ശാലിനിയെ ചുറ്റി സഞ്ചരിക്കുന്ന ഒരു ഗ്രഹം പോലെയായിരുന്നു അജിത്ത്. സദാസമയവും ശാലിനി എന്ന മന്ത്രജപവുമായി നില്‍ക്കും. ഇത്രയധികം ആഴത്തില്‍ സ്‌നേഹിക്കുന്ന ഒരാളോട് ക്രമേണ ശാലിനിക്കും ഇഷ്ടം തോന്നിത്തുടങ്ങി. അജിത്ത് ശാലിനിയോടെന്ന പോലെ ആ കുട്ടിയുടെ വീട്ടുകാരോടും വളരെ സ്‌നേഹമായി പെരുമാറാന്‍ ശ്രദ്ധിച്ചിരുന്നു. എല്ലാവരും തമ്മില്‍ മാനസികമായ ഒരു ഐക്യം രൂപപ്പെട്ടതോടെ പിന്നോട്ട് വലിക്കുന്ന ഘടകങ്ങള്‍ ഒന്നുമില്ലാതായി.
അഭിനയത്തോട് വിട പറയുന്നു
ആലപ്പുഴയില്‍ ഷൂട്ടിങ് നടക്കുമ്പോള്‍ ബാബു അവിടെയുളള പ്രശസ്തനായ ഒരു ജ്യോതിഷനെ കണ്ട് ജാതകങ്ങള്‍ തമ്മില്‍ ഒത്തുനോക്കി. എല്ലാ പൊരുത്തങ്ങളുമുണ്ട്. അതോടെ മുന്നോട്ട് പോകാന്‍ ധൈര്യമായി. വിവാഹം എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനിടയില്‍ ഒരു ദിവസം അജിത്ത് ബാബുവിനെ വിളിച്ച് ചോദിച്ചു.
‘ഇപ്പോള്‍ ഏറ്റെടുത്ത പടങ്ങള്‍ കഴിഞ്ഞ് ശാലു സിനിമ ചെയ്യുന്നുണ്ടോ?’
ബാബുവിന്റെ മറുപടി ഇതായിരുന്നു. ‘അത് തീരുമാനിക്കേണ്ടത് ഞാനല്ല മോളാണ്. അഭിനയിക്കാന്‍ ഒരിക്കലും ഞാന്‍ നിര്‍ബന്ധിക്കില്ല’
ഒടുവില്‍ അജിത്തും ശാലിനിയും സംസാരിച്ച് ധാരണയായി. ശാലിനി പറഞ്ഞു. ‘എനിക്ക് എല്ലാം തന്നത് സിനിമയാണ്. പക്ഷേ ഇനി കുടുംബജീവിതത്തില്‍ ഒതുങ്ങിക്കൂടാനാണ് എനിക്കിഷ്ടം’
അപ്പോഴേക്കും അജിത്ത് കോടികള്‍ പ്രതിഫലം വാങ്ങുന്ന നായകനായി വളര്‍ന്നിരുന്നു. അസാമാന്യമാം വിധം ഭാഗ്യജാതകമായിരുന്നു ശാലിനിയുടേത്. ആ വ്യക്തിയോട്
അടുത്തു നില്‍ക്കുന്നവര്‍ക്ക് പോലും വാരിക്കോരി ഭാഗ്യവര്‍ഷം ലഭിക്കുന്ന ജാതകം. തുടക്കത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ അജിത്തിന് ശാലിനിയുമായി പ്രണയത്തിലായ ശേഷം നല്ലകാലം വന്ന് തുടങ്ങി. തുടര്‍ച്ചയായി വന്‍ഹിറ്റുകള്‍. അജിത്തിന്റെ താരമൂല്യം സങ്കല്‍പ്പിക്കാനാവാത്ത വിധം കുതിച്ചുയര്‍ന്നു. ചെന്നൈ കണ്ട ഏറ്റവും വലിയ വിവാഹച്ചടങ്ങായിരുന്നു ശാലിനി-അജിത്തിന്റേത്. ജയലളിത, കരുണാനിധി, ശിവാജി, രജനി, കമല്‍, വിജയ് ...തുടങ്ങിയ പ്രമുഖരെല്ലാം തന്നെ സംബന്ധിച്ചു. ടാജ് കണ്ണിമാറയില്‍ മൂന്ന് ദിവസം നീണ്ടുനിന്ന റിസപ്ഷന്‍.
അജിത്ത് : കരുതലിന്റെ നന്മയുടെ തുടര്‍ച്ച...
ഒരു പ്രണയത്തിലോ വിവാഹത്തിലോ അവസാനിക്കുന്ന ഒന്നല്ല അജിത്ത്. അതൊരു തുടര്‍ച്ചയാണ്. നന്മയുടെ കരുതലിന്റെ സ്‌നേഹത്തിന്റെ തുടര്‍ച്ച...ഒരിക്കല്‍ ബാബു പറഞ്ഞൂ:
‘മുന്‍പ് എനിക്ക് മൂന്ന് മക്കളായിരുന്നു. ഇപ്പോള്‍ അജിത്ത് ഉള്‍പ്പെടെ നാലുപേരാണ്. ഇത്ര നല്ല മനസുളള ഒരാള്‍ എന്റെ അറിവില്‍ ഇല്ല. വിദേശത്ത് ഷൂട്ടിങിലായിരിക്കുമ്പോള്‍ എനിക്ക് പനിയാണെന്നറിഞ്ഞാല്‍ ഓടി നാട്ടില്‍ വരും. അതുപോലെ സ്വന്തം അച്ഛനും സഹോദരിമാര്‍ക്കുമൊക്കെ വേണ്ടി ജീവന്‍ കളയും. ഭയങ്കര കുടുംബസ്‌നേഹിയായ മനുഷ്യന്‍. 50 ദിവസത്തെ ഷൂട്ടിന് പോയാല്‍ 10 ദിവസം കഴിയുമ്പോള്‍ ഓടിവരും’
കുടുംബത്തെ മാത്രമല്ല എല്ലാവരെയും സ്‌നേഹിക്കുന്ന ഒരാളാണ് അജിത്ത്. ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്റെ നിര്‍മാതാവിന്റെ പഴയ ബാധ്യതകള്‍ പോലും അജിത്ത് ഏറ്റെടുക്കുന്നത് കണ്ടവരുണ്ട്. ഒരിക്കല്‍ അജിത്തിന്റെ മേക്കപ്പ് മാന്‍ തലചുറ്റി വീണു. ഹോസ്പിറ്റലില്‍ എത്തിച്ചപ്പോള്‍ ശിരസിനാണ് പ്രശ്‌നം. സര്‍ജറിക്ക് ലക്ഷങ്ങള്‍ വേണം. അജിത്ത് അപ്പോള്‍ തന്നെ അത് കൊടുത്ത് സഹായിച്ചു. ഒരാള്‍ തന്റെ ഭാര്യയെ എത്ര മേല്‍ ആഴത്തില്‍ സ്‌നേഹിക്കുന്നു എന്ന് തിരിച്ചറിയാനായി ഒരു പ്രണയമാപിനിയുണ്ട്. ഭാര്യയ്ക്ക് ഏറ്റവും വേണ്ടപ്പെട്ടവരെയും അതേ ഇന്റന്‍സിറ്റിയില്‍ സ്‌നേഹിക്കാനും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും കഴിയണം. അജിത്തിനെ ശാലിനിയും കുടുംബവും ആഴത്തില്‍ മനസിലാക്കിയ ഒരു സംഭവമുണ്ട്.
ശാലിനിയുടെ മുത്തശ്ശി (അച്ഛന്റെ അമ്മ) കൊല്ലത്താണ്. ബാബു നാട്ടില്‍ അപൂര്‍വമായി മാത്രം പോകുന്ന ആളാണ്. പക്ഷേ അജിത്ത് അദ്ദേഹത്തെ കാണുമ്പോഴെല്ലാം അമ്മയെക്കുറിച്ച് തിരക്കും. അജിത്ത് ജീവിതത്തില്‍ ഒരിക്കലും അമ്മയെ കണ്ടിട്ടില്ല. കല്യാണസമയത്ത് അസുഖം മൂലം അമ്മയ്ക്ക് വരാന്‍ കഴിഞ്ഞില്ല. 2008 ഒക്‌ടോബറില്‍ അജിത്ത് ബാബുവിനോട് ചോദിച്ചു.
‘അമ്മയ്ക്ക് ഇപ്പോള്‍ എങ്ങനെയുണ്ട്?’
‘84 വയസ്സായി. അത്ര സുഖമില്ല’
‘നമുക്ക് ഉടനെ നാട്ടില്‍ പോയി അമ്മയെ കാണണം’
‘കുറച്ച് കഴിഞ്ഞ് പോരേ?’
‘പോരാ. ഉടനെ പോണം’
അടുത്ത ഫ്‌ളൈറ്റില്‍ തന്നെ ഇരുവരും തിരുവനന്തപുരത്ത് എത്തി അവിടെ നിന്നും ഒരു ഇന്നോവയില്‍ കൊല്ലത്തേക്ക് പോയി. അവര്‍ ചെല്ലുമ്പോള്‍ അമ്മ തീര്‍ത്തും അവശയായി സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. അജിത്ത് മുന്‍കൈ എടുത്ത് അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പകല്‍ മുഴുവന്‍ ആശുപത്രിയിലിരുന്ന് അമ്മയെ ശുശ്രൂഷിച്ച ശേഷം രാത്രി ബീച്ചിനടുത്തുളള ഹോട്ടലിലേക്ക് പോയി. ഇതിനിടെ അജിത്ത് ശാലിനിയുടെ ബന്ധുക്കളെ വിളിച്ച് ഡിന്നര്‍ കൊടുത്തു. അമ്മയ്ക്ക് അസുഖം കുറഞ്ഞ ശേഷമാണ് ചെന്നെയിലേക്ക് മടങ്ങിയത്.
പിന്നീട് ഏതാനും ദിവസങ്ങള്‍ക്കുളളില്‍ അമ്മ മരിച്ചു. അജിത്തിന് പെട്ടെന്ന് അമ്മയെ കാണണമെന്ന് തോന്നിയതും ചെന്ന് കണ്ടതുമെല്ലാം ഒരു നിമിത്തം പോലെ ഇന്നും ആ കുടുംബം കാണുന്നു. അജിത്തിന്റെ ഈ സ്‌നേഹവും കരുതലുമാണ് ഇതര സിനിമാ ദാമ്പത്യങ്ങളില്‍ നിന്ന് വിഭിന്നമായി അദ്ദേഹത്തിന്റെ കുടുംബജീവിതം ഭദ്രമായി നിലനിര്‍ത്തുന്നത്.
പരസ്പരം ഒന്നും അടിച്ചേല്‍പ്പിക്കുന്ന ദമ്പതികളല്ല അവര്‍. ശാലിനിക്ക് താത്പര്യമെങ്കില്‍ അവര്‍ അഭിനയം തുടരുന്നതിനും അജിത്ത് എതിരല്ല. പക്ഷെ അഭിനയത്തേക്കാള്‍ താന്‍ ആസ്വദിക്കുന്നത് കുടുംബജീവിതമാണെന്ന് ശാലിനി തന്നെ പറയുന്നു. ബാഡ്മിന്റണ്‍ കളിയില്‍ സ്‌റ്റേറ്റ് ലെവല്‍ ചാമ്പ്യനായിരുന്ന ശാലിനിയുടെ അത്തരം താത്പര്യങ്ങള്‍ക്കൊന്നും അജിത്ത് എതിര് നില്‍ക്കാറില്ല. ശാലിനി ഇപ്പോഴും അതിലെല്ലാം സജീവമാണ്.
അനൗഷ്‌ക, ആദ്‌വിക് എന്നിങ്ങനെ രണ്ട് കുട്ടികളാണ് ഈ ദമ്പതികള്‍ക്ക്. മക്കളുടെ വെക്കേഷന്‍ സമയത്ത് അജിത്ത് സിനിമകളില്‍ അഭിനയിക്കാറില്ല. ആ സമയത്ത് തനിക്കും വെക്കേഷനാണെന്ന് അദ്ദേഹം പറയും. എത്ര തിരക്കുളളപ്പോഴും ഓരോ മാസവും നിശ്ചിത ദിവസങ്ങള്‍ അദ്ദേഹം കുടുംബത്തിനായി മാറ്റി വയ്ക്കാറുണ്ട്. അതനുസരിച്ച് ഷൂട്ടിങ് ഷെഡ്യൂള്‍ പ്ലാന്‍ ചെയ്യും. സിനിമയില്‍ അപൂര്‍വമായ ഈ സന്തുഷ്ട ദാമ്പത്യത്തിന് പിന്നില്‍ പ്രത്യേക രഹസ്യങ്ങളൊന്നുമില്ല. പരസ്പരം മാനിക്കുന്ന രണ്ട് വ്യക്തികള്‍. ആരും ആരെയൂം നിയന്ത്രിക്കാന്‍ ശ്രമിക്കാതെ സ്വാതന്ത്ര്യം നല്‍കുന്നു. അവരുടെ ബന്ധം ഓരോ വര്‍ഷം പിന്നിടും തോറും കൂടുതല്‍ കെട്ടുറപ്പുളളതായി തീരുന്നു.