സിനിമകള്‍ക്ക് പണം നല്‍കുന്നത് തെറ്റായി കാണുന്നില്ല: മന്ത്രി സജി ചെറിയാന്‍

പണം നല്‍കി ഇറങ്ങിയ സിനിമകള്‍ എല്ലാം അതിഗംഭീര സിനിമകള്‍ ആണെന്നും അടൂരിന്റെ പരാമര്‍ശത്തില്‍ മന്ത്രി പ്രതികരിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന സിനിമാ കോണ്‍ക്ലേവ് സമാപനവേദിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം

author-image
Biju
New Update
SAJI

തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശങ്ങളില്‍ അടൂര്‍ ഗോപാലകൃഷ്ണനും ശ്രീകുമാരന്‍ തമ്പിക്കും മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. സ്ത്രീകള്‍ക്കും എസ്സി, എസ്ടി വിഭാഗങ്ങള്‍ക്കും നല്‍കുന്ന സിനിമാ ഫണ്ടില്‍ ഒന്നരക്കോടി പോലും ഒന്നുമാകില്ലെന്ന് മന്ത്രി പ്രതികരിച്ചു. എസ്സി, എസ്ടി വിഭാഗങ്ങള്‍ക്ക് സിനിമയിലേക്ക് കടന്നുവരാന്‍ കഴിഞ്ഞിട്ടില്ല. സ്ത്രീകളും പൂര്‍ണമായും എത്തിയിട്ടില്ല. സ്‌ക്രീനിംഗ് കമ്മിറ്റി ചേര്‍ന്ന് കഴിവ് ഉള്ളവര്‍ക്കാണ് പണം നല്‍കുന്നത്. പണം നല്‍കി ഇറങ്ങിയ സിനിമകള്‍ എല്ലാം അതിഗംഭീര സിനിമകള്‍ ആണെന്നും അടൂരിന്റെ പരാമര്‍ശത്തില്‍ മന്ത്രി പ്രതികരിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന സിനിമാ കോണ്‍ക്ലേവ് സമാപനവേദിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

പണം നല്‍കുന്നത് മുഖ്യധാരയിലേക്ക് എത്തിക്കാനാണ്. എസ്സി, എസ്ടി വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും സിനിമ നിര്‍മിക്കാന്‍ പണം നല്‍കും. ഇവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനാണ് പണം നല്‍കുന്നത്. പട്ടികജാതി / പട്ടിക വര്‍ഗങ്ങള്‍ക്ക് 98 വര്‍ഷം ആയിട്ടും സിനിമയുടെ മുഖ്യധാരയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. അവര്‍ക്ക് സഹായം നല്‍കും. സ്ത്രീകള്‍ക്കും അതേ പരിഗണന നല്‍കും. സിനിമകള്‍ക്ക് പണം നല്‍കുന്നത് തെറ്റായി താന്‍ കാണുന്നില്ല. കൂടുതല്‍ പണം നല്‍കുമ്പോള്‍ ലാഭം ഉണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു.

ഹേമാ കമ്മിറ്റിയുമായി ബന്ധപ്പെട്ട ശ്രീകുമാരന്‍ തമ്പിയുടെ പരാമര്‍ശത്തിലും മന്ത്രി പ്രതികരിച്ചു. ഹേമ കമ്മിറ്റി എവിടെ പോയി ശ്രീകുമാരന്‍ തമ്പി ചോദിച്ചു. അത് പോകാത്തതുകൊണ്ടാണ് ഈ പരിപാടി ഇവിടെ നടന്നത്. സിനിമയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കിയാകും സിനിമാ നയം രൂപീകരിക്കുകയെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

സ്ത്രീകള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിനെതിരെയാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദപരാമര്‍ശം. സിനിമ നിര്‍മിക്കുന്നവര്‍ക്ക് വ്യക്തമായ പരിശീലനം നല്‍കണം. വ്യക്തമായ പരിശീലനം ഇല്ലാതെ സിനിമ എടുത്താല്‍ ആ പണം നഷ്ടം ആകുമെന്നും അടൂര്‍ വിമര്‍ശിച്ചു.

ഹേമ കമ്മിറ്റിയ്ക്ക് അവസാനം എന്ത് സംഭവിച്ചുവെന്നാണ് ശ്രീകുമാരന്‍ തമ്പി ചോദിച്ചത്. പരാതി പറഞ്ഞവര്‍ തന്നെ പരാതി പിന്‍വലിച്ചു. കമ്മിറ്റിയ്ക്ക് വേണ്ടി വിനിയോഗിച്ച പണം എവിടെ പോയിയെന്നും ശ്രീകുമാരന്‍ തമ്പി ചോദിച്ചു.

adoor gopalakrishnan minister saji cherian