ജോഷി ഉണ്ണിമുകുന്ദന്‍ ബിഗ് ബജറ്റ് ചിത്രം വരുന്നു

മാര്‍ക്കോയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന പദവിയിലേക്കുയര്‍ന്ന ഉണ്ണി മുകുന്ദന്‍, ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാക്ഷന്‍ ലുക്കിലാണ് എത്തുന്നത് എന്നുള്ള സൂചനകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ഇന്ത്യന്‍ സിനിമയില്‍ തന്റേതായ മുദ്ര പതിപ്പിച്ച ജോഷി സാറിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്

author-image
Biju
New Update
joshy

കൊച്ചി: സംവിധായകന്‍ ജോഷിയുടെ പിറന്നാള്‍ ദിനത്തില്‍, ഉണ്ണി മുകുന്ദന്‍ ഫിലിംസും(യു എം എഫ്) ഐന്‍സ്റ്റീന്‍ മീഡിയയും ചേര്‍ന്ന് പുതിയ ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം പ്രഖ്യാപിച്ചു. ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ചിത്രം ശ്രീ ജോഷിയാണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. മലയാള സിനിമയില്‍ തന്നെ നാഴികകല്ലായി മാറാനായി, പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടുകെട്ടിനാണ് തുടക്കം കുറിക്കുന്നത്. ഉണ്ണി മുകുന്ദന്‍ ഫിലിംസും ഐന്‍സ്റ്റിന്‍ മീഡിയയും ചേര്‍ന്ന് തങ്ങളുടെ ഏറ്റവും വലിയ സംയുക്ത സംരംഭം പ്രഖ്യാപിച്ചു. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സംവിധായകരില്‍ ഒരാളായ ശ്രീ ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഒരു ഹൈ ഒക്ടെയ്ന്‍ ആക്ഷന്‍ ചിത്രമാണിത്.

ചിത്രത്തിലെ പ്രധാന നായകവേഷത്തിലെത്തുന്നത് ഉണ്ണി മുകുന്ദനാണ്. മാര്‍ക്കോയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന പദവിയിലേക്കുയര്‍ന്ന ഉണ്ണി മുകുന്ദന്‍, ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാക്ഷന്‍ ലുക്കിലാണ് എത്തുന്നത് എന്നുള്ള സൂചനകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ഇന്ത്യന്‍ സിനിമയില്‍ തന്റേതായ മുദ്ര പതിപ്പിച്ച ജോഷി സാറിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. പകരം വെക്കാനില്ലാത്ത പൈതൃകവുമായി നിരവധി തലമുറകള്‍ക്ക് തന്റെ ബ്ലോക്ക്ബസ്റ്റ്ര്‍ ചിത്രങ്ങളിലൂടെ പ്രചോദനം നല്‍കിയ ശ്രീ ജോഷി, ഐന്‍സ്റ്റീന്‍ മീഡിയ തന്നെ നിര്‍മിച്ച ആന്റണിക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണെന്ന പ്രത്യേകതകൂടി ഇതിനുണ്ട്.

ദേശീയ അവാര്‍ഡ് ലഭിച്ച 'മേപ്പടിയാന്‍' എന്ന ചിത്രവും, 100 കോടി ക്ലബ്ബില്‍ കയറി പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററായ മാര്‍ക്കോക്ക് ശേഷം ഉണ്ണി മുകുന്ദന്‍ ഫിലിംസ് (യു എം എഫ്) മലയാള സിനിമയിലേക്ക് ഒരു പുതിയ കൊമേര്‍ഷ്യല്‍ ആക്ഷന്‍ ചിത്രവുമായി എത്തുകയാണ് എന്നത് പ്രതീക്ഷയോടെയാണ് സിനിമാലോകവും പ്രേക്ഷകരും നോക്കിക്കാണുന്നത്. സംവിധായകന്‍ ജോഷിക്കൊപ്പം ചേരുന്നത് 'പൊറിഞ്ചു മറിയം ജോസ്', ' കിംഗ് ഓഫ് കൊത്ത' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് എന്‍. ചന്ദ്രനാണ്. കഥാപാത്രങ്ങളുടെ സൂക്ഷ്മതകളെ കേന്ദ്രീകരിച്ചുള്ള ആഴമുള്ള തിരക്കഥകള്‍ക്ക് പേരുകേട്ട അദ്ദേഹത്തിന്റെ തനത് ശൈലിയില്‍ ആവേശകരമായ ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം ഹൃദയസ്പര്‍ശിയായ കഥയും പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം. 'ആന്റണി', 'പുരുഷ പ്രേതം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഐന്‍സ്റ്റീന്‍ മീഡിയ നിര്‍മ്മിക്കുന്ന ഈ ചിത്രം, മലയാള സിനിമയെ ദേശീയ അന്തര്‍ദേശീയ തലങ്ങളിലേക്ക് ഉയര്‍ത്താന്‍ ഉതകുന്ന ഒന്നാകുമെന്ന് സിനിമാലോകം പ്രത്യാശിക്കുന്നു.

Unni Mukundan