അത് എന്റെ സംശയങ്ങള്‍ക്ക് ബലം നല്‍കി; അതിജീവിതയുടെ പ്രതികരണം

നിരന്തരമായ വേദനകള്‍ക്കും കണ്ണീരിനും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ ഞാനിപ്പോള്‍ തിരിച്ചറിയുന്നു, 'നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല' എന്ന തിരിച്ചറിവ് നല്‍കിയതിന് നന്ദി. ഉയര്‍ന്ന നീതി ബോധമുള്ള ന്യായാധിപന്മാര്‍ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്.

author-image
Rajesh T L
New Update
actress assault case vellinakshatram

നടിയെ ആക്രമിച്ച കേസിലെ വിധിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണ്. അതിനിടയില്‍ വിധി വന്ന ശേഷം ആദ്യ പ്രതികരണവുമായി അതിജീവിത. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ തനിക്ക് നീതി നിഷേധിച്ചതായി അതിജീവിത പറയുന്നു. കേസില്‍ നേരിട്ട ദുരനുഭവങ്ങള്‍ വിശദമായി അവര്‍ പരാമര്‍ശിക്കുന്നു.

അതിജീവിതയുടെ കുറിപ്പ്: 

എട്ടു വര്‍ഷം, ഒന്‍പത് മാസം, 23 ദിവസങ്ങള്‍. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാന്‍ കാണുന്നു, പ്രതികളില്‍ ആറുപേര്‍ ശിക്ഷിക്കപ്പെട്ടിരിക്കന്നു എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവര്‍ക്കായി ഞാന്‍ ഈ വിധിയെ സമര്‍പ്പിക്കുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ അല്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അതുപോലെ ഒന്നാംപ്രതി എന്റെ പേഴ്‌സണല്‍ ഡ്രൈവര്‍ ആയിരുന്നു എന്ന് ഇപ്പോഴും പറയുന്നവരോട്, അത് ശുദ്ധമായ നുണയാണ്. അയാള്‍ എന്റെ ഡ്രൈവറോ എന്റെ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയില്‍ പരിചയമുള്ള വ്യക്തിയോ അല്ല, 2016ല്‍ ഞാന്‍ വര്‍ക്കുചെയ്ത ഒരു സിനിമയ്ക്ക് വേണ്ടി പ്രൊഡക്ഷനില്‍ നിന്നും നിയോഗിക്കപ്പെട്ട ഒരാള്‍ മാത്രമാണ് അയാള്‍ ഈ ക്രൈം നടക്കുന്നതിന് മുന്‍പ് ഒന്നോ രണ്ടോ തവണമാത്രമാണ് ഞാന്‍ അയാളെ കണ്ടിട്ടുള്ളത്. അതുകൊണ്ട് ദയവായി നിങ്ങള്‍ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കഥകള്‍ പറയുന്നത് നിര്‍ത്തുമെന്ന് കരുതുന്നു. 

ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം. എന്നാല്‍ എനിക്കിതില്‍ അദ്ഭുതമില്ല. 2020ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങള്‍ എനിക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരില്‍ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോള്‍ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവെന്ന രീതിയില്‍ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസ്സിലായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എനിക്ക് ഈ കോടതിയില്‍ തീര്‍ത്തും വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ട് ഞാന്‍ പലതവണ ബഹുമാനപ്പെട്ട ഹൈക്കോടതിയെയും ബഹുമാനപ്പെട്ട സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. ഈ പ്രസ്തുത ജഡ്ജില്‍നിന്നും ഈ കേസ് മാറ്റണമെന്നുള്ള എന്റെ എല്ലാ ഹര്‍ജികളും പക്ഷേ, നിഷേധിക്കുകയായിരുന്നു. അതിന്റെ വിശദാംശങ്ങള്‍ ഇതിന്റെ അവസാനം ഞാന്‍ ചേര്‍ക്കുന്നുണ്ട്. 

നിരന്തരമായ വേദനകള്‍ക്കും കണ്ണീരിനും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ ഞാനിപ്പോള്‍ തിരിച്ചറിയുന്നു, 'നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല' എന്ന തിരിച്ചറിവ് നല്‍കിയതിന് നന്ദി. ഉയര്‍ന്ന നീതി ബോധമുള്ള ന്യായാധിപന്മാര്‍ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. ഈ യാത്രയിലത്രയും കൂടെ നിന്ന മനുഷ്യത്വമുള്ള സകല മനുഷ്യരെയും ഞാന്‍ നന്ദിയോടെ ചേര്‍ത്ത് പിടിക്കുന്നു അതുപോലെ അധിക്ഷേപകരമായ കമന്റുകളും പണം വാങ്ങിയുള്ള നുണക്കഥകളും ഉപയോഗിച്ച് എന്നെ ആക്രമിക്കുന്നവരോട്, നിങ്ങള്‍ അത് തുടരുക- അതിനാണ് നിങ്ങള്‍ പണം വാങ്ങിയിരിക്കുന്നത്. 

ഈ ട്രയല്‍ കോടതിയില്‍ എന്റെ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായ കാര്യങ്ങള്‍: ഈ കേസില്‍ എന്റെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ല. ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായ മെമ്മറി കാര്‍ഡ്, കോടതി കസ്റ്റഡിയില്‍ ഉണ്ടായിരിക്കെ മൂന്നു തവണ അനധികൃതമായി തുറന്നുവെന്നും പരിശോധിച്ചുവെന്നും കണ്ടെത്തി. ഈ കേസില്‍ ആദ്യം എത്തിയ രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയിലെ അന്തരീക്ഷം പ്രോസിക്യൂഷനോട് ശത്രുതാപരമായി പെരുമാറുന്നതായി വ്യക്തമാക്കിക്കൊണ്ട് രാജിവെച്ചു. അവര്‍ ഇരുവരും എന്നോട് വ്യക്തിപരമായി പറഞ്ഞത്, ഈ കോടതിയില്‍ നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ല എന്നാണ്- അവര്‍ക്ക് ഈ കോടതിയില്‍ പക്ഷപാതം ഉണ്ടെന്ന തോന്നല്‍ ഉറപ്പായതിനാലാണ് അത്. മെമ്മറി കാര്‍ഡ് അനധികൃതമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഞാന്‍ പലതവണ ആവശ്യപ്പെട്ടു. എന്നാല്‍ അതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നല്‍കിയിരുന്നില്ല. പിന്നീട് ഹൈക്കോടതി നിര്‍ദേശ പ്രകാരം മാത്രമാണ് നല്‍കപെട്ടത്. 

ഞാന്‍ ഒരു ന്യായമായ വിചാരണയ്ക്കായി ജഡ്ജിനെ മാറ്റണമെന്ന ഹര്‍ജിയുമായി ഫൈറ്റ് ചെയ്യുമ്പോള്‍, പ്രതിഭാഗം ഇതേ ജഡ്ജി തന്നെ ഈ കേസ് തുടര്‍ന്നും പരിഗണിക്കണം എന്ന ആവശ്യവുമായി ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നു. ഇത് എന്റെ സംശയങ്ങള്‍ക്ക് ബലം നല്‍കുന്നതായിരുന്നു. എന്റെ ആശങ്കകളും അനുഭവങ്ങളും അറിയിച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതിക്കും, ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും എനിക്ക് കത്തുകള്‍ അയക്കേണ്ടതായും വന്നിട്ടുണ്ട്. ഈ കേസിന്റെ നടപടികള്‍ ഓപ്പണ്‍ കോടതിയില്‍ പൊതുജനങ്ങളും മാധ്യമങ്ങളും നേരിട്ട് കാണാന്‍ കഴിയുന്ന രീതിയില്‍ നടത്തണമെന്ന് ഞാന്‍ ഈ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ആ അപേക്ഷയും തീര്‍ത്തും നിഷേധിക്കപ്പെടുകയായിരുന്നു. 

malayalam cinema actress assault case