/kalakaumudi/media/media_files/2025/04/12/cvbkYrBL6sEWS5h7rzve.jpg)
പാലക്കാട്: 'ജയിലര്‍ 2' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് കേരളത്തില്‍. അട്ടപ്പാടയില്‍ എത്തിയ താരത്തിന്റെ വിഡിയോ വൈറലാണ്. ഏകദേശം 20 ദിവസത്തേക്ക് നടന്‍ കേരളത്തില്‍ ഉണ്ടായിരിക്കും എന്നാണ് വിവരങ്ങള്‍. മാര്‍ച്ചില്‍ ചെന്നൈയില്‍ ആരംഭിച്ച 'ജയിലര്‍ 2' ന്റെ രണ്ടാം ഷെഡ്യൂളാണ് കേരളത്തില്‍ പുരോഗമിക്കുന്നത്.
തന്റെ കാറിനുള്ളില്‍ നിന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്ന രജനീകാന്തിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാത്തുനിന്ന ആരാധകരെ അദ്ദേഹം കൈവീശുന്നതായി ചിത്രത്തില്‍ കാണാം. വൈറലായ മറ്റൊരു വിഡിയോയില്‍, ഹോട്ടല്‍ ജീവനക്കാര്‍ രജനീകാന്തിനെ സ്വാഗതം ചെയ്യുന്നതും പുഷ്പമാലയും പൂച്ചെണ്ടും സമ്മാനിക്കുന്നതും കാണാം. ഏകദേശം 20 ദിവസത്തേക്ക് 'ജയിലര്‍ 2' ന്റെ ഷൂട്ടിങ്ങിലായിരിക്കുമെന്ന് വിമാനത്താവളത്തില്‍ വച്ച് രജനീകാന്ത് വ്യക്തമാക്കിയിരുന്നു.
2023 ല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത, നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത 'ജയിലര്‍' ബോക്‌സ് ഓഫിസില്‍ വന്‍ വിജയം നേടിയ ചിത്രമാണ്. ബോക്‌സ് ഓഫിസില്‍ 600 കോടി രൂപ നേടി രജനീകാന്തിന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി ജയിലര്‍ മാറി.