അജയന്റെ രണ്ടാം മോഷണം എന്ന സിനിമയ്‌ക്കൊപ്പം പലരും പ്രശംസകൾ കൊണ്ട് മൂടുന്ന പേരാണ് സുരഭി ലക്ഷ്മിയുടേത്. ദേശീയ പുരസ്‌കാരം കിട്ടിയപ്പോൾ പോലും വാഴ്ത്താത്തവർ എആർഎമ്മിലെ മാണിക്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുകുയാണിപ്പോൾ. ഇന്നത്തെ ഈ വിജയത്തിലേക്കുള്ള സുരഭി ലക്ഷ്മിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. പലതും സഹിച്ചും, ത്യജിച്ചും പൊരുതി നേടിയെടുത്തതാണ് ഈ വിജയം.
കലോത്സവ വേദികളിലെല്ലാം സജീവമായ സുരഭി ലക്ഷ്മിയ്ക്ക് ചെറുപ്പം മുതലേ കലയോട് തന്നെയായരുന്നു താത്പര്യം. സാമ്പത്തികമായി അതിന് സാധിക്കാതെ വന്നതോടെ സാഹചര്യങ്ങളോടുള്ള സുരഭിയുടെ പോരാട്ടം അവിടെ നിന്ന് തുടങ്ങി. ശ്രീശങ്കരചാര്യ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഭരതനാട്യത്തിൽ ഒന്നാം റാങ്കോടുകൂടെയാണ് സുരഭി ബിരുദം പൂർത്തിയാക്കിയത്. തിയേറ്റർ ആട്‌സിൽ ബിരുദാനന്തര ബിരുദം നേടി. പെർഫോമിങ് ആട്‌സിൽ എംഫിൽ നേടി സുരഭി നാടകങ്ങളിലൂടെയാണ് തന്നിലെ അഭിനേത്രിയെ പരുവപ്പെടുത്തിയെടുത്തത്.
എന്നാൽ അഭിനയത്തിലേക്ക് എത്തിയപ്പോൾ തുടക്കകാലത്ത് സുരഭിയ്ക്ക് ലഭിച്ചത് പേരില്ലാത്ത, ഡയലോഗുകളില്ലാത്ത കഥാപാത്രങ്ങളായിരുന്നു. അപ്പോഴും തോറ്റുകൊടുത്തില്ല. അമൃത ടിവിയിലെ ദ ബെസ്റ്റ ആക്ടർ എന്ന ഷോയുടെ ടൈറ്റിൽ വിന്നറായ സുരഭിയെ തുടക്കത്തിൽ മലയാള സിനിമ ശ്രദ്ധിച്ചതേയില്ല എന്ന് പറയാം.
എന്നാൽ എം 80 മൂസ എന്ന ഹാസ്യപരമ്പരയിലെ പാത്തുവായി മലബാറിൻറെ മനം കവർന്ന സുരഭിയെ പ്രേക്ഷകർക്ക് തിരിച്ചറിയാൻ മറ്റു പരിചയപ്പെടുത്തലുകളുടെ ആവശ്യം ഉണ്ടായിരുന്നില്ല. മലബാറിൻറ മഞ്ജുവാര്യരെന്നുവരെ വിശേഷണങ്ങൾ വന്നു.'ബൈ ദ പീപ്പിൾ' എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തെ അരങ്ങേറ്റം. പക്ഷേ മികച്ച വേഷങ്ങൾ സുരഭിയേ തേടിയെത്താൻ അതുമതിയായിരുന്നില്ല . പിന്നീടങ്ങോട്ട് കുറേക്കാലം സുരഭി തന്നെ പറഞ്ഞത് പോലെ ബി.പി.എൽ കഥാപാത്രങ്ങൾ മാത്രമായി ഒതുങ്ങി.
തുടക്കകാലത്ത് സിനിമമേഖലയിലെ അവൾക്കുണ്ടായ അനുഭവങ്ങൾ കണ്ണീർ നിറഞ്ഞതായിരുന്നു. കാരവാനിൽ കയറി വസ്ത്രം മാറിയതിന് ഡ്രൈവറിൽ നിന്നുവരെ ചീത്തകേട്ടു. പ്രതിഫലമില്ലാതെ അഭിനയിക്കാനെത്തി മടങ്ങുമ്പോൾ വണ്ടിക്കൂലി ചോദിച്ചപ്പോൾ സീരിയിൽ നടിമാരുടെ സ്വഭാവമാണിതെന്നായിരുന്നു പരിഹാസം. കാലങ്ങൾക്കിപ്പുറം തിരക്കഥ എന്താണെന്നു പോലുമറിയാത്ത അസിസ്റ്റൻറ് ഡയറക്ടർ കൊടുത്ത നാല് പേപ്പർ വായിച്ച് അഭിനയിക്കുന്നു. അന്ന് ആ പെൺകുട്ടി നേടിയത് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരമാണ്.
ആ അവാർഡിനെക്കുറിച്ച് അന്ന് സുരഭി പറഞ്ഞത് എൻറെ തലയിൽ വീണ ദേശീയ ചക്കയെന്നാണ്. അന്ന് അവർ കേരളത്തിൻറെ മലബാറിൻറെ കോളിക്കോടിൻ്റെ നരിക്കുനിക്കാരുടെ അഭിമാനമായി മാറി. പക്ഷേ സീരിയൽ താരമെന്ന ലേബൽ ചാർത്തി പിന്നെയും ഇകഴ്ത്താൻ ശ്രമം നടന്നു. കോഴിക്കോടൻ സംസാരശൈലി ജനമനസിൽ കോറിയിട്ട സുരഭിക്ക് ആ പേരിലും അവസരങ്ങൾ നിഷേധിച്ചു.
എന്നാൽ ഇന്ന് പ്രേക്ഷക മനസ് പിടിച്ചടക്കിയ ഇല്ലിമലയിലെ ചാത്തനായും മാണിക്യൻറെ മാണിക്യമായും അരങ്ങിൽ വിസ്മയം തീർക്കുകയാണ് ആ അതുല്യ പ്രതിഭ. മുമ്പ് സുരഭി തന്നെ പറഞ്ഞ പോലെ സുരഭിയുടെ വഴികൾ കല്ലുമുള്ളും നിറഞ്ഞതാണ്, അതിന് ഇപ്പോഴും കുറവൊന്നും വന്നിട്ടില്ല പക്ഷേ അവളുടെകാലുകൾക്ക് ബലം കൂടിയെന്ന് മാത്രം .