/kalakaumudi/media/media_files/2025/07/18/ok-thank-you-2025-07-18-11-15-58.jpeg)
കേരളത്തില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രസക്തിയുള്ള ഒരു സിനിമ തന്നെയാണ് ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സും പൂയപ്പള്ളി ഫിലിംസും ചേര്‍ന്ന് നിര്‍മ്മിച്ച രഞ്ജിത്ത് സജീവ് നായകനായ അരുണ്‍ വൈഗ സംവിധാനം ചെയ്ത UKOK അഥവാ (യുണൈറ്റഡ് കിങ്ഡം ഓഫ് കേരള) എന്ന ചിത്രം. സമീപ ഭാവിയില്‍ ഇന്ത്യ (പ്രധാനമായും കേരളം) അഭിമുഖീകരിക്കാന്‍ പോകുന്ന വലിയൊരു
ഭവിഷ്യത്തിനെപ്പറ്റിയാണ് ഈ സിനിമ സംസാരിക്കുന്നത്. ഈ അടുത്ത കാലത്ത് മലയാള സിനിമയില്‍ റിലീസായ പല സിനിമകളും യുവതലമുറയെ വഴിതെറ്റിക്കുന്നു എന്നുള്ള ചൂടേറിയ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് UKOK എന്ന ഏറെ നന്മയുള്ള സിനിമ ശ്രദ്ധേയമാകുന്നത്.
ഒരു നല്ല സിനിമക്ക് മനുഷ്യ മനസ്സില്‍ ഇടം പിടിക്കാനും സ്വാധീനിക്കാനും കഴിയുമെന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് UKOK എന്ന സിനിമ. വിദേശത്തേക്ക് ജോലി തേടി പോകാനുള്ള യുവാക്കളുടെ ത്വര നമ്മുടെ രാജ്യത്തിന്റെ മൂല്യ ശോഷണത്തിനുള്ള പ്രധാന കാരണമാണ്. ഇവിടെ അവര്‍ക്ക് സ്വയം പര്യാപ്തത കൈവരിക്കാനുള്ള സാമൂഹികവും രാഷ്ട്രീയപരവുമായ ചുറ്റുപാട് ഇല്ല എന്നുള്ളതും നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട ഒരു കാര്യമാണ്. സാമ്പത്തിക ഭദ്രത എന്നുള്ളത് ഏതൊരു വ്യക്തിയുടെയും അടിസ്ഥാന ആവശ്യമായി മാറുമ്പോള്‍ നമ്മുടെ യുവതലമുറ മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി പുറം രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നു എന്നുള്ളതില്‍ അത്ഭുതപ്പെട്ടിട്ട് കാര്യമില്ല. ഇന്നത്തെ നമ്മുടെ നാടിന്റെ വ്യക്തമായ ചിത്രം വരച്ച് കാട്ടാന്‍ ഈ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിന്ന് എങ്ങനെ നമ്മുടെ നാടിനെ ഉയര്‍ത്തിക്കൊണ്ടു വരാമെന്ന് വ്യക്തമായി നമ്മുടെ സമൂഹത്തെയും അധികാര വൃന്ദത്തെയും ബോധ്യപ്പെടുത്താന്‍ ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്നുള്ളത് നിസ്സംശയം പറയാം. ഇവിടെ അഭിനന്ദാര്‍ഹമായ ഒരു കാര്യം എന്തെന്നാല്‍ ഈ സിനിമ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുപറ്റം ചെറുപ്പക്കാര്‍ അവരുടെ സ്വപ്ന സാക്ഷാത്കാര ത്തിലേക്കുള്ള ചുവടുവെപ്പിലാണിപ്പോള്‍.
UKOK സിനിമയുടെ സ്വാധീനത്താല്‍ കണ്ണൂര്‍ ജില്ലയില്‍ എടക്കാട് ഗ്രാമത്തില്‍ ഗ്ലിറ്റേര്‍സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പൂവിന്റെ കൃഷി ആരംഭിച്ചിരിക്കുന്നു. വിദേശത്ത് പോയി നിരാശരായി മടങ്ങേണ്ടി വന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ അതിജീവനത്തിന്റെ പ്രശംസാര്‍ഹമായ സംരംഭമാണിത്. നമ്മുടെ ഭരണകൂടം ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും വഴി നമ്മുടെ യുവാക്കളുടെ ബുദ്ധിയും കഴിവും നമ്മുടെ നാടിന് തന്നെ പ്രയോജനപ്പെടും. അല്ലെങ്കില്‍ മുതലാളിത്ത രാജ്യങ്ങളുടെ പിന്നില്‍ നിന്ന് പിന്നിലേക്ക് നമ്മള്‍ വീണ്ടും തള്ളപ്പെടും. UKOK പോലുള്ള നല്ല സിനിമകള്‍ ഇനിയും ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.