/kalakaumudi/media/media_files/2025/06/30/jkd-2025-06-30-18-01-01.jpg)
കൊച്ചി: ജാനകി സിനിമാ വിവാദത്തില്‍ ഇടപെട്ട് കോടതി. ജാനകി എന്ന പേര് മതപരമായോ വര്‍ഗപരമായോ ആരെയാണ് വേദനിപ്പിക്കുന്നതെന്ന് ചോദിച്ച കോടതി അഹമ്മജ്, രാമന്‍, കൃഷ്ണന്‍ എന്നൊക്കെ മതപരമായ പേരുകളുളള ഒരുപാടുപേര്‍ രാജ്യത്തില്ലേയെന്നും ചോദിച്ചു. ഏത് പേര് കൊടുക്കണമെന്ന് സംവിധായകനോട് സെന്‍സര്‍ ബോര്‍ഡ് കല്‍പ്പിക്കുകയാണോ. ജാനകി എന്ന പേരിലെന്താണ് കുഴപ്പം. സെന്‍സര്‍ ബോര്‍ഡ് മറുപടി പറയണമെന്നും ഹൈക്കോടതി പറഞ്ഞു. കേസില്‍ ഹര്‍ജിക്കാരന്റെ ഭാഗം കേട്ട കോടതി കേസില്‍ വിധി പറയുന്നത് ബുധനാഴ്ച്ചയിലേക്ക് മാറ്റി.
ഇന്ത്യയില്‍ 80 ശതമാനം പേരുകളും മതപരമായി ഉള്ളതാണ്. മിക്കവാറും പേരുകളും ഏതെങ്കിലും ദൈവത്തിന്റെ നാമങ്ങളാണ്. ജാനകിക്ക് എന്താണ് പ്രശ്‌നമെന്നും കോടതി ചോദിച്ചു. കോടതി സിനിമ കാണണമെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ജാനകി എന്ന കഥാപാത്രം ഒരു റേപ് വിക്ടിം ആണെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. റേപ്പിസ്റ്റ് അല്ലല്ലോയെന്ന് ചോദിച്ച കോടതി, നീതിയ്ക്കുവേണ്ടിയുളള പോരാട്ടം അല്ലെ സിനിമയിലെ കഥാതന്തു, പിന്നെ എന്താണ് കുഴപ്പമെന്നും ചോദിച്ചു.
ആരുടെ വികാരങ്ങളെയാണ് ഈ പേര് വൃണപ്പെടുത്തുന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് മറുപടി പറയണം. എന്ത് പേരിടണം എന്ന് സര്‍ക്കാരാണോ കലാകാരന്‍മാരോട് നിര്‍ദേശിക്കുന്നതെന്നും കോടതി ചോദിച്ചു. സെന്‍സര്‍ ബോഡ് അതിന് കൃത്യമായ മറുപടി നല്‍കണം. ഹര്‍ജിയിലെ നടപടികള്‍ അനന്തമായി നീട്ടാനാകില്ലെന്നും സെന്‍സര്‍ ബോര്‍ഡിനോട് കോടതി ചോദിച്ചു. ജാനകിയെന്ന പേര് നല്‍കിയതിനെ അഭിനന്ദിച്ച കോടതി ബലാത്സംഗ കേസിലെ ഇരക്കാണ് ആ പേര് നല്‍കിയതെന്നും പറഞ്ഞു.