മലയാള സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മോഹൻലാലിന്റെ എമ്പുരാൻ സിനിമയുടെ ട്രെയിലര്‍ ആദ്യമായി കണ്ടത് രജനികാന്ത് ആണെന്നാണ് പൃഥ്വിരാജ് വ്യക്തമാക്കിയിരിക്കുന്നത്. ട്രെയിലര്‍ കണ്ട ശേഷം രജനികാന്ത് പറഞ്ഞ വാക്കുകള്‍ അമൂല്യമാണ് എന്ന് പൃഥ്വിരാജ് വ്യക്തമാക്കി. നടൻ രജനികാന്തിനൊപ്പമുള്ള ഒരു ഫോട്ടോയും സംവിധായകൻ പൃഥ്വിരാജ് പുറത്തുവിട്ടിട്ടുണ്ട്.
തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസായെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. 2019 ൽ റിലീസ് ചെയ്‍ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.