സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതി അറിയിക്കാം! ടോൾ ഫ്രീ നമ്പർ പുറത്തിറക്കി ഫെഫ്ക

കൂടാതെ എല്ലാ ഷൂട്ടിംഗ് ലൊക്കേഷനുകളിലും നമ്പർ പ്രദർശിപ്പിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് ഫെഫ്ക്കയുടെ ഇടപെടൽ.

author-image
Anagha Rajeev
New Update
fefka
Listen to this article
0.75x1x1.5x
00:00/ 00:00

സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതി അറിയിക്കാൻ ടോൾ ഫ്രീ നമ്പർ പുറത്തിറക്കി സംവിധായകരുടെ സംഘടന ഫെഫ്ക. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളും അവരുടെ പരാതികളും ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം. കൂടാതെ എല്ലാ ഷൂട്ടിംഗ് ലൊക്കേഷനുകളിലും നമ്പർ പ്രദർശിപ്പിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് ഫെഫ്ക്കയുടെ ഇടപെടൽ.

8590599946 എന്ന നമ്പറിലേക്ക് വിളിച്ച് പരാതികൾ അറിയിക്കാം. 24 മണിക്കൂറും സേവനം ലഭ്യമാകും. സ്ത്രീകൾ മാത്രമായിരിക്കും പരാതി പരിഹാര സെൽ കൈകാര്യം ചെയ്യുകയെന്ന് ഫെഫ്ക അറിയിച്ചു. പരാതി ഗുരുതര സ്വഭാവം ഉള്ളതാണെങ്കിൽ സംഘടന തന്നെ നിയമ നടപടി സ്വീകരിക്കും. ഇന്ന് ഉച്ചയോടെ നമ്പർ ആക്റ്റീവ് ആകുമെന്നും ഫെഫ്ക അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഫെഫ്കയിലെ എല്ലാ യൂണിയനുകളും ഈ മാസം ആദ്യം യോഗം ചേർന്നിരുന്നു. സിനിമയിൽ പ്രവർത്തിക്കുന്നവർക്ക് പരാതി അറിയിക്കാനുള്ള ടോൾ ഫ്രീ നമ്പർ വേണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. തുടർന്നാണ് ഇത്തരമൊരു നീക്കത്തിന് ഫെഫ്ക മുൻകൈ എടുത്തത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ലൈംഗിക അതിക്രമം നടത്തിയതായി പരാമർശമുള്ള എല്ലാവരുടെയും പേരുകൾ പുറത്തുവരണമെന്ന് ഫെഫ്‌ക മുൻപ് വ്യക്തമാക്കിയിരുന്നു. സിനിമയിലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ അതിജീവിതകൾക്ക് പരാതിപ്പെടാനും കൃത്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ഫെഫ്‌ക അറിയിച്ചിരുന്നു. അതിജീവിതമാരെ പരാതി നൽകുന്നതിലേക്കും നിയമപരമായ നടപടികളിലേക്കും സന്നദ്ധരാക്കാനും സാദ്ധ്യമായ എല്ലാ നിയമ സഹായങ്ങളും അവർക്ക് ഉറപ്പാക്കാനും ഫെഫ്കയിലെ സ്ത്രീ അംഗങ്ങളുടെ കോർ കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും സംഘടന അറിയിച്ചിരുന്നു. 

fefka directors union