ഓണം കൊണ്ടാറാട്ട് ! 25 ഓണവുമായി മുംബൈയുടെ സെപ്റ്റംബർ 14

മറ്റേതൊരു ആഘോഷത്തേക്കാളും മലയാളിയ്ക്ക് പ്രിയപ്പെട്ടതാണ് ഓണം, കുട്ടിക്കാലം മുതല്‍ ശീലിച്ചു വന്ന ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും ഓര്‍മ്മകളും സന്തോഷങ്ങളും ഒരു നിധിപോലെ ഓരോ മലയാളിയും നെഞ്ചില്‍ച്ചേര്‍ത്ത് വയ്ക്കും. പലകാലങ്ങളിലായി ഓണമെന്ന ആഘോഷത്തിനും മാറ്റങ്ങളുണ്ടാകുന്നുണ്ട്, അതുകൊണ്ടുതന്നെ ഓരോ തലമുറയ്ക്കും ഓണം നല്‍കുന്ന അനുഭവങ്ങള്‍ വിഭിന്നങ്ങളാണ്. എന്തായാലും ഓണമെന്നത് ബാല്യകാല സ്മൃതികളുമായി ഇഴപിരിക്കാനാവാത്ത വിധം ചേര്‍ന്നുകിടക്കുന്നതാണ്.

author-image
Honey V G
New Update
jzjznnnnn

ഇരുപത്തിയഞ്ചിൽ പരം ഓണാഘോഷത്തിന് തയ്യാറെടുക്കുകയാണ് നഗരം ഇന്ന്.ഒരുപക്ഷെ ഇതാദ്യമായിരിക്കും ഇത്രയധികം ഓണാഘോഷം ഒരു ദിവസത്തിൽ തന്നെ നടക്കുന്നത്.

മുംബൈ:ഇത്തവണയും ഓണം കെങ്കേമമായി കൊണ്ടാടുന്ന തിരക്കിലാണ് മുംബൈയിലെ മലയാളി സമാജങ്ങളും സംഘടനകളും. മാവേലിയുടെ വരവേൽപ്പും നിറപ്പൊലിമ പകരുന്ന പൂക്കളങ്ങളും വിഭവങ്ങളാൽ സമൃദ്ധമായ സദ്യയും കേരളീയ വേഷമണിഞ്ഞ കുടുംബിനികള്‍ കുട്ടികള്‍ കലാവിരുന്നെല്ലാം ഒരുക്കി മുംബൈ മലയാളികളുടെ ചെറുതും വലുതുമായ ഓണാഘോഷങ്ങള്‍ക്ക് തിരുവോണത്തിന് മുമ്പ് തന്നെ ഇത്തവണ നഗരത്തിൽ തുടക്കമായി.

ndnsnzn

പൊയ്‌പ്പോയ ഓണമോർമ്മകളുടെ സുഖദമായ വീണ്ടെടുപ്പ് ഓരോ പ്രവാസമനസ്സിലും സാഫല്യത്തിന്റെ പൂവിളികൾ ഉയര്‍ത്തി ആഗസ്റ്റ് 31 ന് കണ്ണൂർ ഫ്രണ്ട്സ് അസോസിയേഷൻ ഡോമ്പിവിലി സംഘടിപ്പിച്ച കാൻഫ പൊന്നോണം2025' ഗംഭീരമായിരുന്നു.ആയിരത്തോളം പേർ പങ്കെടുത്ത ഈ ഓണാഘോഷം ഡോമ്പിവിലിയിലെ ഈ വർഷത്തെ ആദ്യത്തെ ഓണാഘോഷമായിരുന്നു. 

nsnxnn

ആഴ്ചയിൽ കിട്ടുന്ന രണ്ട് അവധിദിനങ്ങളിലാണ് മിക്കവാറും മലയാളി കൂട്ടായ്‌മകൾ ഓണാഘോഷം സംഘടിപ്പിച്ചിരുന്നതെങ്കിൽ ഇത്തവണ വെള്ളിയാഴ്ചകളിൽ പോലും ഓണാഘോഷം നടക്കുന്നു. 

jdnsnn

കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളി അസോസിയേഷനുകൾ, മലയാളി സമാജങ്ങൾ, ജാതി മത സംഘടനകൾ, കൂട്ടായ്മകൾ ഉള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.മുംബൈ താനെ നവിമുംബൈ എന്നിവിടങ്ങളിൽ മാത്രം150 ഓളം മലയാളി സമാജം/ സംഘടനകളുണ്ട്.ഇതിനോടകം നിരവധി സംഘടന, സമാജങ്ങളുടെ ഓണാഘോഷം കഴിഞ്ഞു. എന്നാൽ സെപ്റ്റംബർ 14 ന് ഇരുപത്തിയഞ്ചിൽ പരം ഓണാഘോഷമാണ് നഗരത്തിൽ നടക്കുന്നത്.ഇതിലെ ചില ഓണാഘോഷത്തിൽ രണ്ടായിരത്തോളം പേർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്‌. മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, മന്ത്രിമാരായ ആഷിഷ് ഷെലാർ, നിതേഷ് റാണെ എന്നിവരും വിവിധ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കും. എം എൽ എ മാർ, നഗരസഭ അംഗങ്ങൾ,കൂടാതെ കേരളത്തിൽ നിന്നുള്ള നടീ നടൻമാർ ഉൾപ്പെടുന്ന ഓണാഘോഷവും സെപ്റ്റംബർ 14 ന് നടക്കുന്നുണ്ട്. 

നഗരത്തിൽ സെപ്റ്റംബർ14 ന് നടക്കുന്ന പ്രധാന ഓണാഘോഷങ്ങൾ

1 വേൾഡ് മലയാളി ഫെഡറേഷൻ 

2 ഉൽവെ സമാജം 

3 സീവുഡ്‌സ് സമാജം 

4 അന്ധേരി സമാജം 

5 ലോധ ന്യൂ കഫെ പരെഡ് വഡാല 

6 മാട്ടുങ്ക സമാജം

7 കേരള കാത്തലിക് അസോസിയേഷൻ 

8 റീജെൻസി എസ്റ്റേറ്റ് ഡോമ്പിവിലി 

9 റീജെൻസി അനന്ദം ഡോമ്പിവിലി

10 ഭയന്തർ നായർ സമാജം

11 ഐ സി സി ചർച്ച് ഡോമ്പിവിലി ഈസ്റ്റ്‌ 

12 ഭയന്തർ ചർച്ച് 

13 അംബർനാഥ് ചർച്ച്

14 വസായ് ചർച്ച് 

15 മറോൾ ചർച്ച് 

16 കാന്തിവിലി സെന്റ് കുരിയാകോസ് ചർച്ച് 

17 ബാന്ദ്ര മലയാളി ഫ്രണ്ട്സ്

18 മലയാളി കൂട്ടായ്മ വിരാർ

19 ഖാർഘർ മലയാളി സമാജം

20 സെന്റ് തോമസ് ചർച്ച് മിരാ റോഡ് 

21 തിക്കുജിനി വാഡി ചർച്ച് താനെ

22 ഘൻസോളി മലയാളി സമാജം

മുകളിലെ ഈ ലിസ്റ്റ് അപൂർണ്ണമാണ്. പക്ഷെ മുകളിലുള്ള ഓണാഘോഷങ്ങൾ കൂടാതെ കോർപ്പറേറ്റ് ഓഫിസുകളിലും ഹൗസിങ് സൊസൈറ്റി കളിലും നിരവധി ഓണാഘോഷങ്ങൾ നടക്കുന്നുണ്ട്. ഇത് കൂടി ചേർത്താൽ ഏകദേശം മുപ്പതിനടുത്തു വരും സംഖ്യ.

jsnsnzn

എല്ലാ വർഷവും നടത്താറുള്ള പോലെ നഗരത്തിലെ മലയാളികളുടെ ക്രിസ്ത്യൻ പള്ളികളിൽ ഇപ്രാവശ്യവും ഓണം ഗംഭീരമായി ആഘോഷിക്കുന്നുണ്ട്. 

ഓണം മഹാരാഷ്ട്രയിലെ തദ്ദേശവാസികൾക്കും ഏറെ പ്രിയപ്പെട്ട ഒരു ഉത്സവമായി മാറിയിരിക്കുന്നതായാണ് രാഷ്ട്രീയ സാമൂഹ്യപ്രവർത്തകൻ നെല്ലൻ ജോയ് പ്രതികരിച്ചത്.

jsndnns       നെല്ലൻ ജോയ്

 "ചിങ്ങം പിറന്നതുമുതൽ തുടങ്ങിയ ഓണാഘോഷങ്ങൾ മുംബൈയിൽ തുടരുകയാണ്. ഓണം കേരളത്തിനു പുറത്താണ് കൂടുതൽ ആഘോഷിക്കപ്പെടുന്നത് എന്ന് പറയുന്നത് മറുനാട്ടിലെ ഓണാഘോഷങ്ങൾ അത്രയ്ക്ക് മനോഹരമായതുകൊണ്ടു കൂടിയാണ്. മുംബൈയെ സംബന്ധിച്ചിടത്തോളം ഓരോ സ്റ്റേഷനിലും ഒന്നിൽ കൂടുതൽ മലയാളി സമാജങ്ങളോ മത-സമുദായ സ്ഥാപനങ്ങളോ ഉണ്ട്. ഓണം ജാതിമതഭേദമന്യേ എല്ലാ മലയാളികളും ആഘോഷിക്കുന്ന ഉത്സവമായതുകൊണ്ട് മുംബൈയിൽ എല്ലാവർക്കും ഓണമുണ്ട് ആഘോഷമുണ്ട്, " നെല്ലൻ ജോയ് പറഞ്ഞു. സെപ്റ്റംബർ 14 ഞായറാഴ്ച മുംബൈയുടെ ചരിത്രത്തിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ ഓണാഘോഷങ്ങൾ നടക്കുന്ന ഒരു ദിവസമായിരിക്കുമെന്ന് നെല്ലൻ ജോയ് പറഞ്ഞു. "മലയാളിയുടെ ഓണം മഹാരാഷ്ട്രയിലെ തദ്ദേശവാസികൾക്കും ഏറെ പ്രിയപ്പെട്ട ഒരു ഉത്സവമായി മാറിയിരിക്കുന്നു എന്നതാണ് വസ്തുത.ആപ്കാ ഓണം കഭി ഹെ? എന്ന് അവരും ചോദിക്കുന്നു. മുംബൈയിൽ ഓണാഘോഷങ്ങൾ തുടരും,"കെ സി എ കൾച്ചറൽ കമ്മിറ്റി ചെയർമാൻ കൂടിയായ നെല്ലൻ ജോയ് പറഞ്ഞു.

അതേ സമയം ഈ വർഷം ഒരു ദിവസം തന്നെ ഒരുമിച്ച് ഇത്രയധികം ഓണാഘോഷങ്ങൾ വന്നത് മൂലം പല സമാജം അംഗങ്ങൾക്കും മറ്റ് സമാജങ്ങളിലെ ഓണാഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയാത്ത സ്ഥിതി വിശേഷം കൂടിയാണ് ഉള്ളത്.

nndndn   എംപിആർ പണിക്കർ

"മലയാളി സമാജങ്ങൾക്ക് ഓണം ഒരു വികാരമാണ്. സജീവമല്ലാത്ത സമാജങ്ങൾ പോലും മടിയില്ലാതെ, പതിവ് തെറ്റാതെ ആഘോഷിക്കുന്ന ഒരേയൊരു ഉത്സവം ഓണമാണ്.പതിവുപോലെ സമാജങ്ങൾ തമ്മിൽ ആശയവിനിമയം നടത്തി ദിവസങ്ങൾ ക്രമീകരിക്കാറുണ്ട്. എന്നാൽ ഇത്തവണ ഗണേശോത്സവവും ഓണവും അടുപ്പിച്ചു വന്നതിനാലായിരിക്കാം സെപ്റ്റംബർ 14-ന് 20 ലധികം ഓണാഘോഷം നടക്കുകന്നത്," സാമൂഹ്യ പ്രവർത്തകനും എൻ ബി കെ എസ് ഭാരവാഹിയുമായ എം.പി.ആർ പണിക്കർ പറഞ്ഞു. ഒരേ ദിവസം ഇത്തരത്തിൽ നിരവധി ഓണാഘോഷങ്ങൾ നടക്കുമ്പോൾ, എല്ലാവർക്കും എല്ലായിടത്തും പങ്കെടുക്കാൻ സാധിക്കാതെ പോകുമെന്ന് എം പി ആർ പണിക്കർ പറഞ്ഞു. ഇതോടെ സൗഹൃദങ്ങളും കൂട്ടായ്മകളും ദുർബലമാകാനുള്ള സാധ്യതയും ഉയരുന്നുവെന്നും മതചിഹ്നങ്ങൾക്ക് അപ്പുറം, എല്ലാവരെയും ഒന്നിപ്പിക്കുന്ന കുടുംബ സംസ്കാരമാണ് ഓണമെന്നും അക്ഷരസന്ധ്യയെന്ന സാഹിത്യ കൂട്ടായ്മയുടെ കൺവീനർ കൂടിയായ എം പി ആർ പണിക്കർ പറഞ്ഞു. "അതിന്റെ ആത്മാവിനെ വിഭജിക്കാതിരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനാലാണ് ഞങ്ങളുടെ സമാജം, മുൻകാലങ്ങളിൽ പോലെ തന്നെ, നേരത്തേ തന്നെ ഓണാഘോഷം നടത്താൻ തീരുമാനിച്ചു നടത്തിയത്. കൂടുതൽ സൗഹൃദങ്ങൾ ഉറപ്പാക്കാനും, എല്ലാവർക്കും പങ്കാളിത്തം സാധ്യമാക്കാനും അതിലൂടെ കഴിഞ്ഞു. ഭാവിയിൽ അയൽ സമാജങ്ങൾ തമ്മിൽ പരസ്പര ധാരണയോടെ ദിവസങ്ങൾ ക്രമീകരിച്ച് ഓണാഘോഷങ്ങൾ സംഘടിപ്പിക്കേണ്ടത് അനിവാര്യമാണ്, " അദ്ദേഹം പറഞ്ഞു. കാരണം, ഓണത്തിന്റെ യഥാർത്ഥ ആത്മാവ് ഐക്യവും സൗഹൃദവുമാണെന്നും ഓണം നമ്മെ ഓർമ്മപ്പെടുത്തുന്ന ന്നും മനുഷ്യർ എല്ലാം ഒരു പോലെയാണെന്നും പണിക്കർ പറഞ്ഞു. "സൗഹൃദവും ഒന്നിക്കലും തന്നെയാണ് ഓണത്തിന്റെ മഹത്തായ സന്ദേശം. ഓണം ഒന്നിക്കലിന്റെ ഓർമ്മയാണ്; അതിനെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുന്നത് ഓരോ സമാജത്തിന്റെയും കടമയാണ്", പണിക്കർ കൂട്ടി ചേർത്തു.

മുംബൈയിൽ ഓണാഘോഷം ഇതരസംസ്കാരങ്ങളിലൂടെ ജീവിക്കുന്നവരിൽപോലും വലിയ സ്വാധീനമാണ് ചെലുത്തിയിരിക്കുന്നത്. ഉദാഹരണമായി മലയാളിക്കൂട്ടായ്മ സഹാർ ഒരുക്കിയ രണ്ടാമത്തെ ഓണാഘോഷം "ആരവം 2025" സെപ്റ്റംബർ ഏഴിന് രാവിലെ എട്ടു മുതൽ വൈകീട്ട് ഏഴുവരെ സഹർ അയ്യപ്പക്ഷേത്ര ഗ്രൗണ്ടിൽ വിവിധ കലാകായിക പരിപാടികളോടെ നടന്നത് വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

jsnxnzmm

കൂട്ടായ്മയുടെ രണ്ടാമത്തെ ഓണാഘോഷം യുവജന പങ്കാളിത്തം കൊണ്ടും അന്യഭാഷക്കാരുടെ സാന്നിധ്യം കൊണ്ടും കൂടിയാണ് ശ്രദ്ധിക്കപ്പെട്ടത്. പ്രശസ്ത നർത്തകിയും ചലച്ചിത്ര താരവുമായ സുധാ ചന്ദ്രൻ പങ്കെടുത്ത ഈ ഓണാഘോഷത്തിൽ വിവിധ കലാപരിപാടികളും നാടൻ കായിക വിനോദങ്ങളും രുചികരമായ ഓണസദ്യയും ഉണ്ടായിരുന്നു. പുതുതലമുറയിലെ മലയാളികൾ ചേർന്ന് രൂപം കൊടുത്ത ഒരു കൂട്ടായ്മയാണ് സഹാർ മലയാളി കൂട്ടായ്മ.

nxmxmxm

 "2019-ൽ ആദ്യമായി ഓണാഘോഷം സംഘടിപ്പിച്ചതിന് ശേഷം, കോവിഡ് മഹാമാരിയെ തുടർന്ന് പിന്നീടുള്ള വർഷങ്ങളിൽ നടത്താൻ കഴിഞ്ഞില്ല.അതിന് ശേഷം ഇപ്പോഴാണ് ഓണം ഞങ്ങൾ നടത്തിയത്. നാട്ടിലെ ഓണാഘോഷത്തിന്റെ സന്തോഷം പ്രവാസികൾക്ക് നഷ്ടപ്പെടാതെ ഓർമ്മകൾ പുതുക്കാനായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അത് സഫലീകരിച്ചു," മലയാളി കൂട്ടായ്മ സഹാറിലെ അംഗവും ഇല്ല്യൂഷൻ ഡെന്റൽ ലാബ് കമ്മ്യൂണിക്കേഷൻ ടീം കോർഡിനേറ്ററുമായ നീതു മനു കെ നായർ പറഞ്ഞു.

അതേസമയം എല്ലാ വർഷത്തെയും പോലെ സീവുഡ്‌സ് സമാജത്തിന്‍റെ 'ഓണം ഒപ്പുലൻസ്' ഈ വർഷവും ആയിരക്കണക്കിന് പേരെ ത്രസിപ്പിച്ചപ്പോൾ, മലയാളികളുടെ ഓണത്തെ ഭാഷാ ഭേദമേന്യേ നഗരവാസികൾ സ്വീകരിക്കുകയായിരുന്നു.

ndndmxm

ഓഗസ്റ്റിൽ തുടങ്ങിയാൽ ഡിസംബർ വരെ നീളുന്ന ഓണാഘോഷങ്ങൾ മുംബൈ മഹാനഗരത്തിൽ. എണ്ണിയാൽ ഒടുങ്ങാത്ത മലയാളി സമാജങ്ങളും സംഘടനകളുമുള്ള മുംബൈയിൽ ഇതിനോടകം നിരവധി പ്രത്യേക ഓണാഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ടു കഴിഞ്ഞു. ആഘോഷങ്ങൾ തുടരുകയാണ്. ഓണാഘോഷങ്ങൾ മാത്രം നടത്തുന്ന സമാജങ്ങളുണ്ട് മുംബൈയിൽ എന്നത് കൗതുകരമായ വസ്തുതയാണ്.

സമാജം അല്ലെങ്കിൽ സംഘടനകളുടെ പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ കൂടിയുള്ള ഒരവസരമാണ് ഓണാഘോഷമെന്ന് വാഗ്ലേ എസ്റ്റേറ്റ് മലയാളി അസോസിയേഷൻ സെക്രട്ടറിയും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകയുമായ പ്രമീള സുരേന്ദ്രൻ പറഞ്ഞു.

ndndmsmm      പ്രമീള സുരേന്ദ്രൻ

"വാസ്തവത്തിൽ അത്തം മുതൽ തിരുവോണ നാൾ വരെ മാത്രമേ കേരളത്തിൽ ആഘോഷിക്കുന്നുള്ളു.എന്നാൽ മാസങ്ങളോളം മഹാനഗരത്തിലെ ഓണാഘോഷങ്ങൾ നീണ്ടു നിൽക്കുന്നു. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ സെപ്തംബർ14 ന് മാത്രം ഇത്രയധികം ഓണാഘോഷങ്ങൾ നടക്കുന്നു എന്നറിഞ്ഞപ്പോൾ ആദ്യം ഒന്ന് അത്ഭുതപെട്ടു. കാരണം ഇത്രയധികം ആഘോഷങ്ങൾ ഒരു ദിവസം എന്റെ അറിവിൽ നടന്നിട്ടില്ല. എന്തായാലും ഇതിനെയും നമുക്ക് പോസിറ്റീവ് ആയി കാണാം. സമാജം അല്ലെങ്കിൽ സംഘടനകളുടെ പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ കൂടിയുള്ള ഒരവസരം കൂടിയാണ് ഈ ആഘോഷം. ഈ സമയത്ത് വന്നു ചേരുന്ന ഊർജം അല്ലെങ്കിൽ സന്തോഷം ചെറുതല്ല. മഹാനഗരത്തിലെ മലയാളികളുടെ കൂട്ടായ്മകൾ ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെയെന്ന് ആശംസിക്കുന്നു," മലയാളം മിഷൻ അധ്യാപിക കൂടിയായ പ്രമീള സുരേന്ദ്രൻ പറഞ്ഞു.

എന്നാൽ നഗരത്തിൽ നടക്കുന്ന ഓണാഘോഷങ്ങളിൽ നഗരത്തിൽ പുതുതായി ജോലിക്ക് വരുന്നവർക്ക് കൂടി പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ ആകണമെന്നാണ് ആറു മാസം മുമ്പ് മാത്രം മുംബൈയിൽ നഴ്സ് ആയി ജോലി ചെയ്തു വരുന്ന കൊച്ചി സ്വദേശി ടീനക്ക് പറയാനുള്ളത്.

jsnsmms

 "സത്യം പറഞ്ഞാൽ ഇത്തരം ആഘോഷങ്ങളിൽ പങ്കെടുക്കണമെന്നുണ്ട്. പക്ഷെ അറിയാൻ കഴിഞ്ഞത് അവിടെ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമേ എൻട്രി ഉളളൂ എന്നാണ്.അതുകൊണ്ട് കഴിഞ്ഞ ആഴ്ച്ച നടന്ന പല ഓണാഘോഷത്തിലും പങ്കെടുക്കാൻ ആഗ്രഹം ഉണ്ടായിട്ടും സാധിച്ചില്ല. എന്തായാലും 14 ന് നടക്കുന്ന ഒരു ആഘോഷത്തിൽ എനിക്കും ഇൻവിറ്റേഷൻ ലഭിച്ചു.അതിൽ എന്തായാലും പങ്കെടുക്കും. ഇത്രയധികം ഓണാഘോഷങ്ങൾ ഒറ്റ ദിവസം വേറെ ഏതെങ്കിലും നഗരത്തിൽ നടക്കുന്നുണ്ടോ എന്ന് സംശയമാണ്. എന്തുകൊണ്ടും നല്ല കാര്യമാണ് ഇതൊക്കെ.പക്ഷെ നഗരത്തിൽ പുതുതായി ജോലിക്ക് വരുന്ന വരെ കൂടി ഉൾപെടുത്താൻ കഴിഞ്ഞാൽ നല്ലതായിരിക്കും അത് "ടീന പറയുന്നു.

സമാജങ്ങളെ കൂടാതെ ജാതി - മത - രാഷ്ട്രീയ - സ്വകാര്യ - വ്യവസായ - വ്യാപാര - ഉദ്യോഗ - യുവ സംഘടനകളും അന്യ ഭാഷക്കാരേയും ചേർത്ത് വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചു വരുന്നു. പൂക്കളവും സദ്യയും കേരളത്തിന്‍റേത് എന്ന് സൂചിപ്പിക്കുന്ന വസ്ത്രധാരണങ്ങളുമാണ് എല്ലാ ആഘോഷങ്ങളുടെ പൊതു ഘടകം. നാടിനെ തിരിച്ചു പിടിക്കാൻ ഓർമ്മകളുടെ ആഘോഷമായ ഓണത്തെ ചേർത്തു നിർത്തുകയാണ് മുംബൈ പ്രവാസികൾ.

മറ്റേതൊരു ആഘോഷത്തേക്കാളും മലയാളിയ്ക്ക് പ്രിയപ്പെട്ടതാണ് ഓണം, കുട്ടിക്കാലം മുതല്‍ ശീലിച്ചു വന്ന ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും ഓര്‍മ്മകളും സന്തോഷങ്ങളും ഒരു നിധിപോലെ ഓരോ മലയാളിയും നെഞ്ചില്‍ച്ചേര്‍ത്ത് വയ്ക്കും. പലകാലങ്ങളിലായി ഓണമെന്ന ആഘോഷത്തിനും മാറ്റങ്ങളുണ്ടാകുന്നുണ്ട്, അതുകൊണ്ടുതന്നെ ഓരോ തലമുറയ്ക്കും ഓണം നല്‍കുന്ന അനുഭവങ്ങള്‍ വിഭിന്നങ്ങളാണ്. എന്തായാലും ഓണമെന്നത് ബാല്യകാല സ്മൃതികളുമായി ഇഴപിരിക്കാനാവാത്ത വിധം ചേര്‍ന്നുകിടക്കുന്നതാണ്.