ആര്‍പ്പോ.... മുംബൈ ഓണം!

മുംബൈ ഒരു കൊച്ചുകേരളമായി മാറും. മലയാളി കൂട്ടായ്മകളുടെ കാര്യം എടുത്തുപറയേണ്ടതില്ല. ആഘോഷവും സമൂഹസദ്യയും പൂക്കളമത്സരങ്ങളുമൊക്കെയായി ലോകോത്സവം പോലെയാണ് ഓണം ആഘോഷിക്കുന്നത്

author-image
Honey V G
New Update
jsnsmsm

ഓണം ഒരു നൊസ്റ്റുവാണ്, ന്യൂജനറേഷന്! മുംബൈ മഹാനഗരത്തിലെ യുവതലമുറ ഓണം എങ്ങനെയാണ് ആഘോഷിക്കുന്നത്?

മുംബൈ:ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയും നീളുന്ന ഓണാഘോഷങ്ങളാണ് മുംബൈ മഹാനഗരത്തില്‍. എണ്ണിയാല്‍ ഒടുങ്ങാത്ത മലയാളി സമാജങ്ങളും സംഘടനകളുമുള്ള മുംബൈയില്‍, നൂറു കണക്കിന് പ്രത്യേക ഓണാഘോഷങ്ങളാണ് വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 14-ന് മാത്രം എട്ടോളം സമാജങ്ങളുടെ ഓണാഘോഷമാണ് നഗരത്തില്‍ നടത്തുന്നത്! സമാജങ്ങളെ കൂടാതെ ജാതി - മത - രാഷ്ട്രീയ - സ്വകാര്യ - വ്യവസായ - വ്യാപാര - ഉദ്യോഗ - യുവ സംഘടനകളും അന്യ ഭാഷക്കാരേയും ചേര്‍ത്ത് വ്യത്യസ്ത രീതിയില്‍ ആഘോഷിച്ചു വരുന്നു.

പൂക്കളവും സദ്യയും കേരളീയമായ വസ്ത്രധാരണവുമാണ് എല്ലാ ആഘോഷങ്ങളുടെ പൊതു ഘടകം.നാടിനെ തിരിച്ചു പിടിക്കാന്‍, ഓര്‍മ്മകളുടെ ആഘോഷമായ ഓണത്തെ ചേര്‍ത്തു നിര്‍ത്തുകയാണ് മുംബൈ മലയാളികള്‍!

ഫ്‌ളാറ്റിലെ പൂക്കളം!

ഓണ നാളുകളില്‍ അതിരാവിലെ തന്നെ മുംബൈ നഗരത്തിലും ഫ്‌ലാറ്റില്‍ പൂക്കളമൊരുക്കുന്നവരുണ്ട്. മുതിര്‍ന്നവര്‍ പലപ്പോഴും അത് ഒരു ആചാരമായി കാണുമ്പോള്‍, കുട്ടികള്‍ക്ക് അത് സന്തോഷത്തോടെ ചെയ്യുന്ന രസകരമായ ഒന്നാണ്. 'അച്ഛനും അമ്മയും ആണ് എന്നെ പൂവിടാന്‍ പഠിപ്പിച്ചത്. ഓരോ ദിവസവും പൂക്കളത്തിനുള്ള പൂക്കള്‍ ഇറുത്തെടുക്കാനും മനോഹരമായ രീതിയില്‍ പൂക്കളം തയ്യാറാക്കാനും പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്നും അത് തുടരുന്നു. ഭയങ്കര സന്തോഷമാണ് ഈ ദിവസങ്ങളില്‍ ഒക്കെയും.' കോളേജ് വിദ്യാര്‍ത്ഥിനിയായ അരുണിമ മുരളി പറഞ്ഞു. മഹാനഗരത്തില്‍ നെക്‌സസ് മാളില്‍ സീവുഡ്സ് സമാജത്തിന്റെ ഓണം ഒപ്പുലന്‍സ് എല്ലാ വര്‍ഷവും പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടുമാണ് ശ്രദ്ധേയമാകുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് ഓണം ഓപ്പുലന്‍സ് കാണാന്‍ എല്ലാ വര്‍ഷവും എത്തുക. മാളില്‍ നടക്കുന്ന ഈ ഓണാഘോഷത്തിലും പുതുതലമുറയുടെ എണ്ണം വളരെ വലുതാണ്.

ഓണം എന്താണ് ന്യൂജന്?

'ഉണ്ണാനും ഉടുക്കാനും ഇല്ലാത്തവരുടെ പ്രിയപ്പെട്ട ആഘോഷമായിരുന്ന ഓണത്തിന്റെ പകിട്ടിനെപ്പറ്റി പുതിയ തലമുറയ്ക്ക് വലിയ ധാരണ ഉണ്ടാകാനിടയില്ല. ധര്‍മ്മിഷ്ഠനായ മഹാബലിയെക്കുറിച്ചുള്ള പുരാവൃത്തം അവരും കേട്ടിരിക്കും. കുറ്റമറ്റ ഭരണവും സമത്വവും നിലനിന്ന കാലം. ആ കേട്ടുകേള്‍വി പഴയ ആളുകളില്‍ എന്ന പോലെ പുതുതലമുറക്കാരിലും ആവേശമുണര്‍ത്താതിരിക്കില്ല. ദാരിദ്ര്യം നമ്മുടെ രാജ്യത്തില്‍ നിന്ന് മുഴുവനായി തുടച്ചു നീക്കപ്പെട്ടിട്ടില്ല. എങ്കിലും ആഹാരത്തിന് പറയത്തക്ക മുട്ടില്ലാത്ത സാഹചര്യമുണ്ട് എന്നത് പുതിയ തലമുറയുടെ സൗഭാഗ്യമാണ്. തുച്ഛമായ വേതനം കിട്ടിപ്പോന്നപ്പോഴും ഓണം ആഘോഷിക്കാനും കോടിവസ്ത്രം കുട്ടികളെ ഉടുപ്പിക്കാനും പഴയ തലമുറ താല്പര്യം പുലര്‍ത്തിയിരുന്നു. ഓണത്തിന് അവധിയെടുത്ത് തങ്ങളുടെ മാതാപിതാക്കളെ കാണാന്‍ അവര്‍ ബോംബെയില്‍ നിന്ന് നാട്ടിലേക്ക് പോകുന്ന പതിവുണ്ടായിരുന്നു. അത്രയധികം പ്രാധാന്യം ഓണാഘോഷത്തിന് നല്കിയിരുന്നു, ഏതൊരു മറുനാടന്‍ നഗരത്തിലും ഉള്ള മലയാളികള്‍. അച്ഛനമ്മമാര്‍ നാട്ടിലാണെങ്കില്‍ ഓണത്തിന് അവരെ നഗരത്തിലേക്ക് കൊണ്ടുവരുകയാണ് ഇപ്പോള്‍ പുതിയ തലമുറ ചെയ്യുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം എത്തുന്ന ആഘോഷമല്ല അവര്‍ക്ക് ഓണം. ജോലിഭാരത്തിന്റെ സംഘര്‍ഷം അനുഭവിക്കുന്നതൊഴിച്ചാല്‍ അവരുടെ ജീവിതം അത്രയ്ക്ക് കഷ്ടപ്പാടുകള്‍ നിറഞ്ഞതല്ല. സമൃദ്ധിയുടെ കാര്യത്തില്‍ എന്നും അവര്‍ക്ക് ഓണമാണ്. വിഭവസമൃദ്ധമായ ഓണസദ്യ വീട്ടില്‍ ഒരുക്കുന്നതിന്റെ പങ്കപ്പാട് ഒഴിവാക്കാന്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്‍കി സദ്യവട്ടം പുറത്തുനിന്ന് വരുത്തിക്കുന്നതാണ് ഇപ്പോഴിപ്പോഴായി കണ്ടു വരുന്നത്. ഓണത്തിന് ഉടുക്കാനുള്ള പുതുവസ്ത്രങ്ങള്‍ തയ്ച്ചുകിട്ടാനും തയ്യല്‍ക്കാരന്റെ മുന്നില്‍ ഇന്ന് കാത്തുകെട്ടി കിടക്കേണ്ട ആവശ്യമില്ല. മൊബൈല്‍ വഴി ഓര്‍ഡര്‍ കൊടുത്താല്‍ അളവനുസരിച്ചുള്ള ഉടുപ്പുകള്‍ വീട്ടിലെത്തിക്കൊള്ളും. 'ഓണസദ്യയും പകിട്ടുള്ള പുതുവസ്ത്രങ്ങളും എന്നതിലപ്പുറം ഓണത്തെ സമത്വസുന്ദരമായ ഒരാഘോഷമായിട്ടാണ് വളര്‍ന്നു വരുന്ന തലമുറ കാണേണ്ടത്. ജാതിമത ചിന്തകളുടെ പേരില്‍ വര്‍ദ്ധിച്ചു വരുന്ന സ്പര്‍ദ്ധയും കലഹവും ഒഴിവാക്കാനുള്ള ആര്‍ജ്ജവമാണ് ഓണാഘോഷത്തിന് നിദാനമായ മഹാബലിയുടെ കഥയിലൂടെ ഓരോരുത്തരും പാഠമാക്കേണ്ടത്'. കഴിഞ്ഞ 50 ലധികം വര്‍ഷമായി മുംബൈ നഗരത്തില്‍ കഴിയുന്ന എഴുത്തുകാരന്‍ മേഘനാദന്‍ പറഞ്ഞു.

nsnsmdമേഘനാഥൻ

സദ്യ ടേസ്റ്റിയല്ലേ! 

വിഭവ സമൃദ്ധമായ സദ്യ ഓണത്തിന്റെ പ്രധാന ആകര്‍ഷണമാണ്. വീട്ടിലെ എല്ലാവരും ഒരുമിച്ച് ചേര്‍ന്നാണ് സദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ പലപ്പോഴും നടത്തുന്നത്. മുതിര്‍ന്നവരുടെ മാത്രം ചുമതലയായി സദ്യയൊരുക്കം മാറാതെ കുട്ടികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയ ചുമതലകള്‍ അവര്‍ക്ക് നല്‍കുന്നവര്‍ കൂടിയുണ്ട് നഗരത്തില്‍. സന്തോഷത്തോടെ അവരും ഒരുക്കങ്ങളില്‍ പങ്കാളികളാവുന്നു. '8-ാം ക്ലാസ്സില്‍ പഠിക്കുന്ന കാലം മുതല്‍ കറികള്‍ക്ക് അരിയാന്‍ തുടങ്ങിയിട്ടുണ്ട്. ഓണത്തിന് അടുക്കളയില്‍ അമ്മയെ സഹായിക്കാറുണ്ട് അന്നും ഇന്നും. ഓണത്തിന് വേണ്ട സാധനങ്ങള്‍ മേടിച്ചു കൊണ്ടു വരാനും എന്നെയാണ് അച്ഛന്‍ വീട്ടിരുന്നത്'. ചെമ്പൂരില്‍ താമസിക്കുന്ന ഐ ടി ജീവനക്കാരന്‍ വിനയ് പറഞ്ഞു.

ട്രെയിനുകളിലും ആഘോഷം

ലോക്കല്‍ ട്രെയിനുകളില്‍ പോലും നിത്യേന ഒരുമിച്ച് യാത്ര ചെയ്യുന്നവര്‍ ഓണം ആഘോഷിക്കാറുണ്ട്. സര്‍വത്ര സന്തോഷവും ഉല്ലാസവും സ്വാതന്ത്ര്യവും തരുന്ന ആഘോഷമായതിനാല്‍ മലയാളികള്‍ക്കൊപ്പം മറ്റ് ഭാഷക്കാരും പങ്കുചേരുന്ന കാഴ്ചയാണ് മഹാനഗരത്തില്‍. 'ഒരുപാട് മാറിയിട്ടുണ്ട് ഇന്നത്തെ ഓണം. സൊസൈറ്റികളിലും കോളേജുകളിലും ഒരുക്കുന്ന പൂക്കള്‍ക്കൊപ്പം എല്‍.ഇ.ഡി ലൈറ്റുകളും മറ്റ് പാറ്റേണുകളും കൂടുതല്‍ മനോഹരമാക്കുന്നു. ഓണസദ്യയും പുതുമ നിറഞ്ഞതാണ്. പരമ്പരാഗത ഭക്ഷണം വിഭവങ്ങള്‍ക്കൊപ്പം പുതുമയാര്‍ന്ന പല വിഭവങ്ങളും ഉള്‍പ്പെടുത്തി സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കുന്ന ഓണം ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളാണ്. അതേ സമയം ആഘോഷം ഓഫ് ലൈനില്‍ മാത്രം ചുരുങ്ങുന്നില്ല. ഇന്‍സ്റ്റഗ്രാം റീലുകള്‍, സ്‌നാപ്ചാറ്റ് സ്റ്റോറികള്‍, കുടുംബത്തോടൊപ്പം സൂം മീറ്റുകള്‍ എന്നിവ വഴിയും ഇന്ന് ഓണം ആഘോഷിക്കുന്നു. കൂടാതെ, സദ്യക്ക് പലരും പ്ലാസ്റ്റിക്-ഫ്രീ ക്യാമ്പെയ്ന്‍ തുടങ്ങിയ സാമൂഹിക സന്ദേശങ്ങളുമായി ഉത്സവം കൂടുതല്‍ അര്‍ത്ഥവത്താക്കുന്നുമുണ്ട്'. സീവുഡ്സ് നിവാസിയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ വേദ് നിരഞ്ജന്‍ പറഞ്ഞു.

hdndnവേദ് നിരഞ്ജൻ

ഓര്‍മകള്‍ക്കെന്ത് സുഗന്ധം!

 'പണ്ടുകാലത്തെ ഓണം എന്നു നമ്മള്‍ ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സിലേയ്ക്ക് ഓടിയെത്തുന്നത് പൂക്കളുടെ പാക്കറ്റുകളായി തിരുവോണത്തിന്റെ തലേദിവസം വീട്ടിലേക്ക് വരുന്ന അച്ഛന്റെ മുഖമാണ്. രാത്രി ഇരുന്ന് പൂക്കള്‍ പറിച്ച്, രാവിലേ 4 മണിക്ക് എഴുന്നേറ്റ് ഡിസൈന്‍ വരച്ച് പൂക്കളം ഉണ്ടാക്കി, റെഡിയായി സ്‌കൂളില്‍ പോകുന്ന എന്റെ സന്തോഷം നിറഞ്ഞ മുഖം തന്നെയാണ് ഓര്‍മ്മ. അച്ഛന്‍ പച്ചക്കറി മുറിച്ചു കൊടുക്കും, അമ്മ അതിനെ സ്വാദിഷ്ടമായ വിഭവമാക്കി മാറ്റും. സ്‌കൂളില്‍ നിന്ന് തിരിച്ച് വന്ന് സദ്യ കഴിച്ച്, ടി വി യില്‍ വരുന്ന പുതുപ്പടം കണ്ട് സന്തോഷത്തോടെ ഇരിക്കുന്ന കുടുംബം ഓര്‍മ്മയിലാണ്. കോളേജില്‍ വന്നപ്പോള്‍ മാറ്റം വന്നു; പുതുവസ്ത്രം ധരിച്ചാണ് കോളേജ് പോകുന്നത്. പിന്നെ 15-20 സുഹൃത്തുക്കള്‍ക്കൊപ്പം ഞാന്‍ ഭക്ഷണസമയത്ത് എത്തും. വീട്ടില്‍ ഒരു പൂരം തന്നെയായിരുന്നു. എല്ലാവരും താഴെ ഇരുന്ന്, ഇല വച്ച്, അച്ഛനും അമ്മയും വിളമ്പി, ഒരുമിച്ച് ഇരുന്ന് കളിച്ചും ചിരിച്ചും കഴിക്കുന്ന ഓര്‍മ്മ ഇന്നും മനസ്സില്‍. ഇപ്പോള്‍ ജോലിതിരക്കില്‍ എല്ലാം മാറിപ്പോയി; സദ്യ കഴിക്കാന്‍ പോലും സമയം കിട്ടാറില്ല.നാട്ടില്‍ പോയി ഓണം ആഘോഷിക്കണമെന്ന് ആഗ്രഹം മാത്രം ബാക്കിയുണ്ട്. തിരക്കുകളും ബാധ്യതകളും കാരണം ബാല്യകാലത്തിലെ അത്രയും നിഷ്‌കളങ്കമായ ആനന്ദം ഇല്ലെങ്കിലും, കുടുംബ സംഗമത്തിനും ബന്ധങ്ങള്‍ പുതുക്കിപ്പിടിക്കാനും ഓണം ഇന്നും ഒരു പ്രത്യേക അവസരമാണ്'. നര്‍ത്തകിയും മോഡലും ആങ്കറുമായ നീരജ ഗോപിനാഥന്‍ പറഞ്ഞു.

nsjsnsnനീരജഗോപിനാഥൻ

പാന്‍ ഇന്ത്യന്‍ ഓണം!

മുംബൈയില്‍ പലരും ഓഫിസിലെ ഇതര സംസ്ഥാനക്കാരായ സഹപ്രവര്‍ത്തകരെ സദ്യയ്ക്കു ക്ഷണിച്ചിട്ടുണ്ട്. അത്തം മുതല്‍ 10 ദിവസം വീടുകളില്‍ പൂക്കളം ഒരുക്കുക മഹാനഗരത്തില്‍ എളുപ്പമല്ലെങ്കിലും തിരുവോണ ദിനത്തില്‍ പലരും ഫ്‌ലാറ്റില്‍ ചെറുപൂക്കളങ്ങളൊരുക്കുന്നവരാണ്. സിഎസ്എംടി, പന്‍വേല്‍ സ്റ്റേഷനുകളില്‍ ഭീമന്‍ പൂക്കളങ്ങളാണ് ഓണാഘോഷത്തില്‍ വിരിയാറുള്ളത്. ഇത്തവണയും അതിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങിയതായി ഭാരവാഹികള്‍ പറഞ്ഞു. സിഎസ്എംടിയില്‍ ഓള്‍ മുംബൈ മലയാളി അസോസിയേഷനും പന്‍വേലില്‍ കേരളീയ കള്‍ചറല്‍ സൊസൈറ്റിയുമാണ് പൂക്കളമൊരുക്കാന്‍ നേതൃത്വം നല്‍കുക. കൂടാതെ മുംബൈ താനെ നവിമുംബൈ എന്നിവിടങ്ങളിൽ ചില പള്ളികളിലും വിപുലമായി ഓണം ആഘോഷിക്കാറുണ്ട്. നാനാ ജാതി മത ഭാഷ വിഭാഗങ്ങൾ പങ്കെടുത്ത് ഓണത്തെ ശരിക്കും ദേശീയോത്സവമാക്കുന്നത് മുംബൈ പോലുള്ള നഗരമാണ്.

'ഓണം എന്നും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ഉത്സവമാണ്. നിറങ്ങളും ആചാരങ്ങളും മാത്രമല്ല, അതിനോടൊപ്പം വരുന്ന സദ്യയുടെ രുചിയും അതിലെത്തുന്ന തൃപ്തിയും കൊണ്ടുമാണ് ഓണം വ്യത്യസ്തമാകുന്നത്. ഒരിക്കല്‍ കുടുംബസമേതം ആഘോഷിച്ചിരുന്ന ആ കൂട്ടായ്മകള്‍ ഇന്ന് ജീവിതശൈലിയും ബാധ്യതകളും മൂലം മങ്ങിപോകുന്നുവെന്നത് മാത്രമാണ് ഖേദകരം. അത് വീണ്ടും സജീവമാകുന്നത് വളരെ അഭിലഷണീയമായിരിക്കും. എനിക്ക് ഓണം എന്നത് എന്നും പുതുവസ്ത്രങ്ങളുടെ സന്തോഷം, കുടുംബസംഗമത്തിന്റെ ആവേശം, ക്ഷേത്രദര്‍ശനങ്ങള്‍, പൂക്കളം, പായസം ഇവയെല്ലാം നിറഞ്ഞൊരു ഓര്‍മ്മപുതുക്കലാണ്. ഇത് ഒരു ഉത്സവമാത്രമല്ല; ഒരുമയുടെയും ഓര്‍മ്മകളുടെയും, നമ്മെ ബന്ധിപ്പിക്കുന്ന ആചാരങ്ങളുടെയും പ്രതീകമാണ്.' യുവ നടനും പന്‍വേല്‍ നിവാസിയുമായ രാഹുല്‍ നായര്‍ പറയുന്നു.

hdnsnnരാഹുൽ നായർ

മുംബൈ കേരളമാകും

'മുംബൈ നഗരത്തിന്റെ തിരക്കിനിടയിലും മലയാളി യുവാക്കള്‍ക്ക് ഓണാഘോഷം ഒരു വലിയ ഉത്സവമാണ്. അവര്‍ക്ക് ഓണം വെറും സാംസ്‌കാരിക ആഘോഷമല്ല, ഐക്യത്തിന്റെയും അഭിമാനത്തിന്റെയും പുതുമയുടെയും പ്രതീകമാണ്. വിവിധ മലയാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന കലാ കായിക പരിപാടികളില്‍ യുവാക്കളുടെ സാന്നിധ്യം ശക്തമാണ്. പുരാണകഥാപാത്ര മായ മഹാബലി പോലും പുതുതലമുറയുടെ കാഴ്ചപ്പാടില്‍ പുതുവേഷം കൈക്കൊണ്ടിരിക്കുന്നു. ഇന്നത്തെ യുവാക്കളുടെ ചിന്തയില്‍ തങ്ങളുടെ രാജാവായ മഹാബലി സെല്‍ഫി എടുക്കുന്ന, സിക്‌സ് പാക്കുള്ള, ബൈക്കില്‍ സഞ്ചരിക്കുന്ന, സംഗീതത്തിനൊത്ത് നൃത്തം ചെയ്യുന്ന അവരില്‍ ഒരാളായി മാറിയിരിക്കുന്നു. പ്രവാസജീവിതത്തിന്റെ ഭാഗമായി ദീര്‍ഘകാലമായി മുംബൈയില്‍ കഴിയുന്ന മാതാപിതാക്കളുടെ പൈതൃകം പുതുതലമുറ അഭിമാനത്തോടെ കൈമാറുന്നു. അതോടൊപ്പം, മലയാളിയല്ലാത്ത സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരയും ആഘോഷത്തിലേക്ക് ഉള്‍പ്പെടുത്തിക്കൊണ്ട് 'മാവേലി നാട് വാണീടും കാലം മനുഷ്യര്‍ എല്ലാരും ഒന്ന് പോലെ ' എന്ന സന്ദേശം അന്വര്‍ഥമാക്കി കാണിച്ചുകൊടുക്കുന്നു പാരമ്പര്യത്തിന്റെയും പുതുമയുടെയും ലയനമാണ് മുംബൈയിലെ യുവാക്കളുടെ ഓണാഘോഷം'. ഡോ ഷൈനി മുരളീധരന്‍ പറഞ്ഞു.

ndndnഡോ ഷൈനി മുരളീധരൻ

ഓണം പ്രവാസലോകത്തില്‍, ഇതര സംസ്‌കാരങ്ങളില്‍ ജീവിക്കുന്നവരില്‍ പോലും വലിയ സ്വാധീനമാണ് ചെലുത്തിയിരിക്കുന്നത്. പല മലയാളി ഹോട്ടലുകളിലും ഓണ സദ്യ ഒരുക്കുന്നുണ്ട്. ഒരു കാലത്ത് മലയാളികള്‍ മാത്രമാണ് ഓണ സദ്യ കഴിക്കാന്‍ വന്നിരുന്നതെങ്കില്‍ ഇന്ന് അത്ര തന്നെ മലയാളികള്‍ അല്ലാത്തവരും ഭക്ഷണം കഴിക്കാന്‍ വരുന്നതായി ഹോട്ടല്‍ ഉടമകള്‍ വ്യക്തമാക്കി. ഓണക്കാലത്ത് മുംബൈ ഒരു കൊച്ചുകേരളമായി മാറും. മലയാളി കൂട്ടായ്മകളുടെ കാര്യം എടുത്തുപറയേണ്ടതില്ല. ആഘോഷവും സമൂഹസദ്യയും പൂക്കളമത്സരങ്ങളുമൊക്കെയായി ലോകോത്സവം പോലെയാണ് ഓണം ആഘോഷിക്കുന്നത്. 'ഓണം നിശ്ചലമായ ആഘോഷമല്ല, മറിച്ച് ചരിത്രപരവും സാമൂഹികവുമായ മാറ്റങ്ങള്‍ക്കനുസരിച്ച് വികസിക്കുന്ന ഒരു സങ്കല്‍പ്പമാണ്. കേരളത്തില്‍, കാര്‍ഷികവും കുടുംബപരവുമായ വേരുകളില്‍ നിന്ന് വ്യതിചലിച്ച്, നഗരവല്‍ക്കരണത്തിന്റെയും വാണിജ്യവല്‍ക്കരണത്തിന്റെയും പുതിയ രൂപങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഓണം ഒരു വിപണിയുടെ ഉത്സവമായി പരിണമിച്ചു. മറുവശത്ത്, പ്രവാസലോകത്ത് ഓണം നഷ്ടപ്പെട്ട ഗൃഹാതുരത്വത്തെയും വേരുകളോടുള്ള ആഴത്തിലുള്ള ബന്ധത്തെയും ഓര്‍മ്മിപ്പിക്കുന്ന ഒരു ശക്തമായ മാധ്യമമായി മാറി. പ്രവാസികള്‍ക്ക് ഓണം കേവലം ഒരു ആഘോഷമല്ല, മറിച്ച് ഒറ്റപ്പെട്ട ജീവിതത്തില്‍ കൂട്ടായ്മയും സാഹോദര്യവും വളര്‍ത്താനുള്ള ഒരു വേദി കൂടിയാണ്. ഒരു സാംസ്‌കാരിക പ്രതിരോധമാണ്. ജാതിമതഭേദമന്യേ, മനുഷ്യരെ ഒരുമിച്ച് നിര്‍ത്താന്‍ ഓണം എന്ന ആശയം സഹായിക്കുന്നു. ഇത് കേവലം ഒരു ഉത്സവമല്ല, മറിച്ച് ഒരു ജനതയുടെ സ്വത്വം, അതിന്റെ ഓര്‍മ്മകള്‍, അതിന്റെ ഭാവി എന്നിവയെക്കുറിച്ചുള്ള ഒരു പ്രഖ്യാപനമാണ്. അങ്ങനെ, ഓണം അതിന്റെ ഭൗതികമായ അതിരുകള്‍ കടന്ന് ഒരു ആഗോള സാംസ്‌കാരിക പ്രതീകമായി മാറിയിരിക്കുന്നു. പ്രവാസ ജീവിതത്തില്‍ 'കുടുംബം' എന്ന സങ്കല്പം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉള്‍പ്പെട്ട ഒരു വലിയ 'കൂട്ടായ്മ'യായി മാറുന്നു. പ്രവാസി സംഘടനകളും സാംസ്‌കാരിക കൂട്ടായ്മകളും ഈ കൂട്ടായ്മകള്‍ക്ക് ഒരു പൊതുവേദി നല്‍കുന്നു'. കെ കെ എസ് വൈസ് പ്രസിഡന്റും നാടക പ്രവര്‍ത്തകനുമായ സുരേന്ദ്ര ബാബു പറഞ്ഞു.

nsnsmsmസുരേന്ദ്ര ബാബു