റിപ്പബ്ലിക് ദിന സമ്മാനം: ഹാർബർ ലൈനിൽ എ.സി. ലോക്കൽ ട്രെയിനുകൾ തിരിച്ചെത്തുന്നു

ദിവസേന യാത്ര ചെയ്യുന്ന ഓഫീസ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഈ മാറ്റം ഏറെ പ്രയോജനകരമാകും. ഹാർബർ ലൈനിലെ യാത്രാനുഭവം കൂടുതൽ സൗകര്യപ്രദമാക്കാനുള്ള റെയിൽവേയുടെ ശ്രമങ്ങളുടെ ഭാഗമായാണ് എ.സി. ലോക്കൽ സർവീസുകളുടെ തിരിച്ചുവരവ്

author-image
Honey V G
New Update
mdndnn

മുംബൈ : മുംബൈയിലെ ഹാർബർ ലൈനിൽ യാത്ര ചെയ്യുന്നവർക്കായി ഏറെ കാത്തിരുന്ന ആശ്വാസവാർത്ത. എയർ കണ്ടീഷൻ (എ.സി.) ലോക്കൽ ട്രെയിൻ സർവീസുകൾ ജനുവരി 26-ന്, റിപ്പബ്ലിക് ദിനം മുതൽ വീണ്ടും ആരംഭിക്കുന്നു.

ചത്രപതി ശിവാജി മഹാരാജ് ടെർമിനസ് (CSMT) – പൻവേൽ റൂട്ടിലായിരിക്കും ഈ സർവീസുകൾ പ്രവർത്തിക്കുക.

ആദ്യ ഘട്ടത്തിൽ ആകെ 14 എ.സി. ലോക്കൽ ട്രെയിനുകളാണ് സർവീസിലുണ്ടാകുക. ഇതിൽ ഏഴ് ട്രെയിനുകൾ CSMT ഭാഗത്തേക്കും, ഏഴ് ട്രെയിനുകൾ പൻവേൽ ഭാഗത്തേക്കും സർവീസ് നടത്തും.

ഈ ട്രെയിനുകൾ തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ മാത്രമേ ഓടുകയുള്ളൂ. ഞായറാഴ്ചകളും പൊതു അവധിദിനങ്ങളും എ.സി. സർവീസ് ഉണ്ടായിരിക്കില്ല.

ഹാർബർ ലൈനിൽ എ.സി. ലോക്കലുകൾ 2022-ൽ യാത്രക്കാരുടെ കുറവ് കാരണം പിൻവലിച്ചിരുന്നുവെങ്കിലും, പിന്നീട് യാത്രക്കാരുടെ ആവശ്യം വർധിച്ചതോടെയാണ് റെയിൽവേ സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്.

ചൂടും തിരക്കുമേറിയ യാത്രയിൽ നിന്ന് ആശ്വാസം നൽകുന്ന നടപടിയായാണ് ഈ തീരുമാനത്തെ യാത്രക്കാർ സ്വാഗതം ചെയ്യുന്നത്.

vbmmmm

CSMT–പൻവേൽ പാതയിൽ ദിവസേന യാത്ര ചെയ്യുന്ന ഓഫീസ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഈ മാറ്റം ഏറെ പ്രയോജനകരമാകും. ഹാർബർ ലൈനിലെ യാത്രാനുഭവം കൂടുതൽ സൗകര്യപ്രദമാക്കാനുള്ള റെയിൽവേയുടെ ശ്രമങ്ങളുടെ ഭാഗമായാണ് എ.സി. ലോക്കൽ സർവീസുകളുടെ തിരിച്ചുവരവ്.