അജിത് പവാർ ഉൾപ്പെട്ട വിമാന ദുരന്തത്തിൽ പുതിയ വഴിത്തിരിവ്; പൈലറ്റിന്റെ പഴയ വീഴ്ചകൾ പുറത്ത്

റിപ്പോർട്ടുകൾ പ്രകാരം, പൈലറ്റ് സുമിത് കപൂർ മുമ്പ് രണ്ടു തവണ മദ്യ പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. 2010-ൽ ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനയാത്രയ്ക്ക് മുൻപ് നടത്തിയ പരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പിന്നീട് 2017-ൽ ഡൽഹി-ഗുവാഹത്തി വിമാനം പുറപ്പെടുന്നതിന് മുൻപുള്ള പരിശോധനയിലും സമാന ഫലം കണ്ടെത്തിയതായാണ് വിവരം

author-image
Honey V G
New Update
ndndnnnnn

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെട്ട ബാരാമതി വിമാനാപകടവുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ വഴിത്തിരിവിലെത്തി.

അപകടത്തിൽപ്പെട്ട വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ സുമിത് കപൂരിന്റെ മുൻകാല അച്ചടക്കലംഘനങ്ങളാണ് ഇപ്പോൾ അന്വേഷണ ഏജൻസികളുടെ പ്രത്യേക ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്.

ജനുവരി 28-ന് മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് പോയ ചാർട്ടർ വിമാനം ലാൻഡിംഗ് ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണതോടെയാണ് ദുരന്തമുണ്ടായത്.

അപകടത്തിൽ അജിത് പവാർ, രണ്ട് പൈലറ്റുമാർ, ഒരു ഫ്ലൈറ്റ് അറ്റൻഡന്റ്, ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവരടക്കം 5 പേർ മരണപ്പെട്ടു.

റിപ്പോർട്ടുകൾ പ്രകാരം, പൈലറ്റ് സുമിത് കപൂർ മുമ്പ് രണ്ടു തവണ മദ്യ പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. 2010-ൽ ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനയാത്രയ്ക്ക് മുൻപ് നടത്തിയ പരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പിന്നീട് 2017-ൽ ഡൽഹി-ഗുവാഹത്തി വിമാനം പുറപ്പെടുന്നതിന് മുൻപുള്ള പരിശോധനയിലും സമാന ഫലം കണ്ടെത്തിയതായാണ് വിവരം.

ഈ രണ്ടു സംഭവങ്ങളും വ്യോമയാന ചട്ടങ്ങൾ പ്രകാരം ഗുരുതര അച്ചടക്കലംഘനങ്ങളായി കണക്കാക്കപ്പെടുന്നു.

ഇത്തരം വീഴ്ചകൾ ഉണ്ടായിരുന്നിട്ടും പിന്നീട് സുമിത് കപൂറിനെ വീണ്ടും സർവീസിലേക്ക് അനുവദിച്ചതായും, തുടർന്ന് 15,000 മണിക്കൂറിലധികം പറക്കൽ പരിചയം നേടിയ പൈലറ്റായി അദ്ദേഹം പ്രവർത്തിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നിലവിൽ Aircraft Accident Investigation Bureau (AAIB) അപകടത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്.

വിമാനത്തിന്റെ സാങ്കേതിക നില, കാലാവസ്ഥ, ലാൻഡിംഗ് സമയത്തെ സാഹചര്യങ്ങൾ, പൈലറ്റിന്റെ നടപടികൾ എന്നിവ വിശദമായി വിലയിരുത്തുന്നു.

ബാരാമതി വിമാനത്താവളത്തിൽ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം (ILS) പോലുള്ള ആധുനിക സൗകര്യങ്ങൾ ഇല്ലാത്തതും അപകടത്തിന് കാരണമായിരിക്കാമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും കോക്ക്പിറ്റ് വോയ്സ് റെക്കോർഡറും പരിശോധിച്ചശേഷം മാത്രമേ അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിത്തീരുമെന്ന് അന്വേഷണ ഏജൻസികൾ അറിയിച്ചു.

അതേസമയം, പോലീസ് ആകസ്മിക മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.