ദശാബ്ദ നിറവിൽ സി.എസ്.ടിയിൽ "അമ്മ"യുടെ ഓണപ്പൂക്കളം

സെപ്റ്റംബർ 4-ന് രാത്രി 10 മണിക്ക് ഞങ്ങൾ പൂക്കളം നിർമ്മിക്കാൻ ആരംഭിക്കും.

author-image
Honey V G
New Update
mdndmd

മുംബൈക്ക് മനുഷ്യ സമാധാനത്തിൻ്റെ സന്ദേശവുമായി മെഗാ പൂക്കള വർണ്ണവിസ്മയം സെപ്റ്റംബർ 5-ന് ​

മുംബൈ: മലയാളികളുടെ ദേശീയോത്സവമായ ഓണം, ഐതിഹ്യപ്പെരുമയുടെ മഹാബലി സങ്കൽപ്പവുമായി മുംബൈ നഗരത്തിൻ്റെ ഹൃദയത്തിൽ വർണ്ണാഭമാക്കാൻ ഓൾ മുംബൈ മലയാളി അസോസിയേഷൻ (അമ്മ) ഒരുങ്ങുന്നു.

chjkmmn

2015-ൽ ആരംഭിച്ച് മുംബൈയുടെ ഓണാഘോഷത്തിൻ്റെ മുഖമുദ്രയായി മാറിയ സി.എസ്.എം.ടിയിലെ മെഗാപൂക്കളം, ഇത്തവണ ദശാബ്ദത്തിൻ്റെ നിറവിൽ പുതിയൊരു ചരിത്രം കുറിക്കും. 

2025 സെപ്റ്റംബർ 5, തിരുവോണ നാളിൽ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സി.എസ്.എം.ടി) സ്റ്റേഷൻ ഈ വർണ്ണവിസ്മയത്തിന് സാക്ഷ്യം വഹിക്കും. ​

മഹാബലിയുടെ ഭരണകാലം ഓർമ്മിപ്പിക്കുന്ന സമത്വത്തിൻ്റെയും സന്തോഷത്തിൻ്റെയും സന്ദേശത്തോടൊപ്പം, "മനുഷ്യ സമാധാനം" (Human Peace) എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ പൂക്കളം ഒരുങ്ങുന്നത്. വെറുമൊരു ആഘോഷത്തിനപ്പുറം, വലിയൊരു സന്ദേശവും ഓർമ്മപ്പെടുത്തലുമാണ് ഞങ്ങളുടെ ഈ പൂക്കളമെന്ന് അമ്മ പ്രസിഡൻ്റ് ജോജോ തോമസ് പറയുന്നു. 2008-ലെ ഭീകരാക്രമണത്തിൽ സി.എസ്.എം.ടിയിൽ ജീവൻ നഷ്ടപ്പെട്ടവർക്കുള്ള സ്നേഹസ്മരണാഞ്ജലികൂടിയാണിത്.

ഭീകരതയ്ക്കെതിരായ സ്നേഹത്തിൻ്റെ പ്രതിരോധവും, സാഹോദര്യത്തിൻ്റെയും സമാധാനത്തിൻ്റെയും സന്ദേശവുമാണ് ഓരോ പൂവും ഇവിടെ വിടർത്തുന്നത്. ഇത് ഞങ്ങളുടെ നഗരമാണ്, സ്നേഹവും ഐക്യവുമാണ് അതിൻ്റെ ശക്തിയെന്ന് ലോകത്തോട് വിളിച്ചുപറയാനാണ് അമ്മയുടെ അംഗങ്ങൾ ഓരോ വർഷവും ഇവിടെ ഒത്തുകൂടുന്നത്. ​ഓണത്തിന് ഏറ്റവും കൂടുതൽ ജനങ്ങൾ കണ്ടതും, ഏറ്റവും കൂടുതൽ പേർ സെൽഫിയെടുത്തതുമായ പൂക്കളം എന്ന റെക്കോർഡ് ഈ ജനകീയ ഉദ്യമത്തിനുണ്ട്. റെയിൽവേയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലുകളിൽ പലപ്പോഴും ഈ പൂക്കളത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും ഇടം നേടാറുണ്ട്.പ്രമുഖ മാധ്യമങ്ങളെല്ലാം ഈ വർണ്ണവിസ്മയത്തെക്കുറിച്ച് വാർത്തകൾ നൽകിയിട്ടുണ്ട്. ലക്ഷക്കണക്കിന് യാത്രക്കാർ ദിനംപ്രതി കടന്നുപോകുന്ന ടെർമിനസിൽ, തിരക്കിനിടയിലും ഒരു നിമിഷം നിന്ന് ഈ പൂക്കളുടെ സൗന്ദര്യം ആസ്വദിക്കാനും, അതിൻ്റെ പശ്ചാത്തലത്തിൽ ഒരു സെൽഫി പകർത്താനും ജാതിമതഭേദമന്യേ ആളുകൾ എത്തുന്നു.ഓണം ഇന്ന് മലയാളിയുടെ മാത്രം ഓണമല്ല, മുംബൈ നഗരത്തിൻ്റെ സ്വന്തം ഉത്സവമായി മാറിയിരിക്കുന്നു. ​നൂറുകണക്കിന് കിലോ പൂക്കളും നൂറോളം സന്നദ്ധപ്രവർത്തകരും ചേർന്നുള്ള കഠിനാധ്വാനമാണ് ഓരോ വർഷത്തെയും ഈ മെഗാ പൂക്കളത്തിന് പിന്നിൽ. സെപ്റ്റംബർ 4-ന് രാത്രി 10 മണിക്ക് ഞങ്ങൾ പൂക്കളം നിർമ്മിക്കാൻ ആരംഭിക്കും. സെപ്റ്റംബർ 5 പുലർച്ചയോടെ അത് പൂർത്തിയാക്കി, തിരുവോണപ്പുലരിയിൽ മുംബൈക്ക് സമർപ്പിക്കും. ലക്ഷക്കണക്കിന് ആളുകളുടെ മുഖത്ത് വിരിയുന്ന സന്തോഷമാണ് ഞങ്ങളുടെ ഊർജ്ജമെന്ന് മുംബൈയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവും, ആൾ മുംബൈ മലയാളി അസോസിയേഷൻ പ്രസിഡന്റുമായ ജോജോ തോമസ് കൂട്ടിച്ചേർത്തു. ​

പൂക്കൾ തയ്യാറാക്കുന്ന ജോലികൾ സെപ്റ്റംബർ 4-ന് ഉച്ചയ്ക്ക് 2 മണി മുതൽ ആരംഭിക്കും. തിരുവോണ ദിനമായ സെപ്റ്റംബർ 5-ന് രാവിലെ 7 മണി മുതൽ പൂക്കളം പൊതുജനങ്ങൾക്ക് കാണാൻ സൗകര്യമുണ്ടാകും.

ഈ മഹത്തായ ഉദ്യമത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർക്ക് mumbaiammagmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.