/kalakaumudi/media/media_files/2026/02/18/nxnxnxn-2026-02-18-08-19-32.jpg)
മുംബൈ : മുംബൈയിലെ മലയാളി നാടകപ്രേമികൾക്ക് ഒരു സൃഷ്ടിപരമായ വിരുന്നൊരുക്കാൻ അന്ധേരി മലയാളി സമാജം ഒരുങ്ങുന്നു.
ദൃശ്യപ്പൊലിമയുടെ പേരിൽ ഉള്ളടക്കമില്ലാത്ത അവതരണങ്ങൾ നിറഞ്ഞുനിൽക്കുന്ന കാലഘട്ടത്തിൽ, പരീക്ഷണാത്മകവും ആശയസമ്പന്നവുമായ മൂന്ന് വ്യത്യസ്ത ഏകാങ്ക നാടകങ്ങളാണ് ഒരേ വേദിയിൽ അവതരിപ്പിക്കുന്നത്.
നഗരത്തിലെ നാടകരംഗത്തിന് പുതിയ ഉണർവേകുമെന്ന പ്രതീക്ഷയിലാണ് ഈ സംരംഭം.
ഒറ്റ ഞാവൽമരം
സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവും അധ്യാപികയുമായ ബീന ആർ. ചന്ദ്രൻ മുഖ്യവേഷത്തിലെത്തുന്ന ഏകാംഗ നാടകമാണ് “ഒറ്റ ഞാവൽമരം”. ഫാസിൽ റസാഖ് സംവിധാനം ചെയ്ത “തടവ്” എന്ന ചിത്രത്തിലെ ഗീത ടീച്ചർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് 2023ലെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ബീന, മാധവിക്കുട്ടിയുടെ “വേനലിന്റെ ഒഴിവ്” എന്ന കഥയെ ആസ്പദമാക്കിയുള്ള ഈ നാടകത്തിലൂടെ പ്രേക്ഷകരെ വീണ്ടും അഭിമുഖീകരിക്കുന്നു.
ആറങ്ങോട്ടുകര കെ.വി. ശ്രീജ രചിച്ച നാടകത്തിന് സി.എം. നാരായണൻ സംവിധാനമൊരുക്കുന്നു. കലാപാഠശാല ആറങ്ങോട്ടുകരയാണ് അവതരണം. സംസ്കൃത നാടകമായ “കർണഭാരം” മുതൽ വി.ടി. ഭട്ടതിരിപ്പാട്, എം.ടി., ഇടശ്ശേരി, ശിഹാബുദീൻ പൊയ്ത്തുംകടവ് എന്നിവരുടെ കൃതികളിലെ വേഷങ്ങൾവരെ സമ്പന്നമായ അഭിനയയാത്ര നടത്തിയ ബീനയുടെ പ്രധാന സംഘം കലാപാഠശാല ആറങ്ങോട്ടുകര തന്നെയാണ്.
ബലാൽ മഴ
മലയാള ഭാഷ പ്രചാരണ സംഘം നടത്തിയ നാടകോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ “ബലാൽ മഴ” ഹൃദയസ്പർശിയായ ഒരു കഥ പറയുന്നു. കുട നന്നാക്കുന്ന മമ്മദിന് സ്വന്തം മകൻ ഇസ്മയിലിന് ഒരു കുട വാങ്ങിക്കൊടുക്കാൻ കഴിയാത്ത സാഹചര്യമാണ് കഥയുടെ ആക്കം. മഴയിൽ നനഞ്ഞ് വൈകി സ്കൂളിലെത്തുന്ന ഇസ്മയിലിന് ശിക്ഷയും അവഗണനയും പതിവാകുമ്പോൾ, ഒരു ഓട്ടമത്സരത്തിലെ മൂന്നാം സമ്മാനം കുടയാണെന്ന് അറിഞ്ഞ് അവൻ പങ്കെടുക്കുന്നു. പക്ഷേ ഒന്നാം സമ്മാനം ലഭിക്കുമ്പോൾ അവൻ നിരാശനാകുന്നു — കുട ലഭിക്കാത്തതുകൊണ്ട്. ഒടുവിൽ അവന്റെ പോരാട്ടം സഹപാഠികളും അധ്യാപകരും തിരിച്ചറിയുന്ന മുഹൂർത്തം നാടകത്തെ ഉന്നതിയിലേക്ക് ഉയർത്തുന്നു.
ഹരികൃഷ്ണൻ സത്യൻ, എയ്ഞ്ചലോ ക്രിസ്ത്യാനോ, ഭവ്യ നായർ തുടങ്ങി കുട്ടികളും യുവാക്കളും നിറഞ്ഞ സംഘം വേദിയിലെത്തുന്നു. വന്ദന സത്യൻ രചനയും, മിഥുൻ പിള്ള സംഗീതവും, ഹരികൃഷ്ണൻ സത്യൻ സംവിധാനവും നിർവഹിക്കുന്നു. അവതരണം: കുറാർ മലയാളി സമാജം, മലാഡ് ഈസ്റ്റ്.
ബഷീറിന്റെ മൊഞ്ചത്തികൾ
മലയാള സാഹിത്യത്തിലെ അനശ്വര കഥാപാത്രങ്ങൾ വേദിയിലിറങ്ങുന്ന സവിശേഷ അവതരണമാണ് “ബഷീറിന്റെ മൊഞ്ചത്തികൾ”. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലെ സാറാമ്മ, നാരായണീ, പാത്തുമ്മ, സൈനബ എന്നിവരടക്കം വിവിധ നായികമാർ പുസ്തകങ്ങളിൽ നിന്ന് സ്റ്റേജിലേക്കെത്തി അവരുടെ കാലഘട്ടത്തെയും സ്രഷ്ടാവിനെയും ഓർമ്മപ്പെടുത്തുന്നു. സ്ത്രീശാക്തീകരണത്തിന്റെ പുതിയ വായനകളുടെ പശ്ചാത്തലത്തിൽ അവർ സ്വന്തം വ്യക്തിത്വങ്ങളെ പുതുക്കി വിലയിരുത്തുകയും, “സ്ത്രീയുടെ തലയിൽ നിലാവെളിച്ചമാണ്” എന്നു പറഞ്ഞ എഴുത്തുകാരനോട് ചോദ്യം ഉയർത്തുകയും ചെയ്യുന്നു. ഒടുവിൽ ബഷീർ സ്വയം അവതരിച്ച് മറുപടി നൽകുന്ന ദൃശ്യങ്ങൾ നാടകത്തിന് വ്യത്യസ്ത ഭാവം നൽകുന്നു.
മലയാളം മിഷൻ പഠിതാക്കളും അധ്യാപികമാരും ഉൾപ്പെടെ ഒൻപത് സ്ത്രീകളാണ് വേദിയിലെത്തുന്നത്. ജീബ ശ്രീജിത് രംഗാവിഷ്‌ക്കാരവും ധന്യ സുനിൽ ശബ്ദമിശ്രണവും നിർവഹിക്കുന്നു. അവതരണം: ശങ്കരി ആർട്സ് ഗ്രൂപ്പ്, സമതാ നഗർ,കാന്തിവിലി.
പരിപാടി വിവരങ്ങൾ
ഫെബ്രുവരി 22 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് അന്ധേരി ഈസ്റ്റിലെ മഹാകാളി കേവ്സ് റോഡിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ ഹാളിൽ (ഗ്യാൻ ആശ്രമം) നാടകങ്ങൾ അരങ്ങേറും. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: സുരേന്ദ്ര ബാബു – 98200 63617. മുംബൈയിലെ നാടകാസ്വാദകർക്കായി വ്യത്യസ്ത രുചികളോടെ ഒരുങ്ങുന്ന ഈ ത്രിമുഖ നാടകസന്ധ്യ ശ്രദ്ധേയമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
