കന്യാസ്ത്രീകളുടെ അറസ്റ്റ്:അധികാരത്തിലിരിക്കുന്നവരുടെ ഇരട്ടത്താപ്പ് ഓരോ ഭാരതീയനും തിരിച്ചറിയണമെന്ന് സംവിധായകൻ ഷൈസൻ പി ഔസേപ്പ്

കൂടാതെ മുപ്പത്തഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ച് മാനുഷിക മൂല്യങ്ങളെപ്പറ്റി ഡോക്യുമെന്‍ററികളൊരുക്കി അനേകം അന്തർദേശിയ പുരസ്‌കാരങ്ങൾ നേടിയ ചലച്ചിത്രകാരനാണ് ഡോ. ഷൈസൻ പി ഔസേപ്പ്

author-image
Honey V G
New Update
bnsndnnn

മുംബൈ:ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെയാണ് സംവിധായകൻ ഷൈസൻ പി ഔസേപ്പിന്റെ പ്രതികരണം പുറത്ത് വന്നത്.

ആദിവാസികൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച സിസ്റ്റർ റാണി മറിയയുടെ ജീവിതം തീക്ഷ്ണതയൊട്ടും ചോരാതെ"ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ്"എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിച്ച മുംബൈ മലയാളിയും സംവിധായകനുമായ ഡോ.ഷൈസൻ പി ഔസേപ്പ് കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ നാനാ ഭാഗത്ത്‌ നിന്നും പ്രതികരണമുണ്ടാകണമെന്നും അഭിപ്രായപെട്ടു.

"ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ ഒരുകൂട്ടം ജനങ്ങൾ നടത്തിയ ആള്‍ക്കൂട്ട വിചാരണയും, ക്രൂരതയും തീർച്ചയായും ഒരു മൗലികാവകാശത്തിന്റെ നഗ്‌നമായ ലംഘനമാണ്. ഇന്ത്യയിൽ ആതുരസേവനം ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത് എന്നതിന് മറ്റൊരു ഉദാഹരണം കൂടിയാണിത്"ഷൈസൻ പി ഔസേപ്പ് പറഞ്ഞു.

"അധികാരത്തിലിക്കുന്ന ചിലർക്ക് മനുഷ്യസേവനം ചെയ്യുന്നവരോട് എന്തോ ശത്രുത ഉള്ളപോലെ തോന്നുന്നതായും രാജ്യത്ത് അടുത്തകാലത്ത് ആറായിരത്തില്പരം സർക്കാറിതര സംഘടനകൾ അടച്ചുപൂട്ടി സീൽ ചെയ്തത് സാമൂഹ്യ സേവനം ചെയ്യുന്നവരെ ഉന്മൂലനം ചെയ്യാൻ വേണ്ടിയാണെന്ന് സംശയിക്കുന്നതായും" അദ്ദേഹം പറഞ്ഞു.

"അധികാരത്തിലിരിക്കുന്നവരുടെ ഇരട്ടത്താപ്പ് ക്രൈസ്തവ വിഭാഗങ്ങള്‍ എന്നല്ല ഓരോ ഭാരതീയനും തിരിച്ചറിയേണ്ട കാലമെത്തിയതായും നാം ഓരോരുത്തരും ഇതിനെതിരെ പ്രതികരിക്കണമെന്നും മുംബൈ സെന്‍റ് സേവിയേഴ്‌സ് കോളേജിലെ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്‍റിൽ ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡക്ഷൻ ഡിപ്പാർട്മെന്‍റ് മേധാവിയും, അസ്സോസിയേറ്റ് ഡീനും ആയി പ്രവർത്തിച്ചുവരുന്ന ഷൈസൻ പറഞ്ഞു.

സിസ്റ്റർ മറിയയുടെ ജീവിത കഥ പറഞ്ഞ 'ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ്' ചിത്രത്തിന് 107 അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് ലഭിച്ചത്.ഇതിന് പുറമെ നിരവധി അവാർഡുകൾ ഇന്ത്യക്കകത്തും ലഭിച്ചിരുന്നു.

കൂടാതെ മുപ്പത്തഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ച് മാനുഷിക മൂല്യങ്ങളെപ്പറ്റി ഡോക്യുമെന്‍ററികളൊരുക്കി അനേകം അന്തർദേശിയ പുരസ്‌കാരങ്ങൾ നേടിയ ചലച്ചിത്രകാരനാണ് ഡോ. ഷൈസൻ പി ഔസേപ്പ്.

വിൻസി അലോഷ്യസാണ് സിസ്റ്റർ റാണി മരിയയുടെ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചത്. വിൻസിയുടെ അഭിനയവും ഷൈസൻ പി ഔസേഫിന്‍റെ സംവിധാനവുമായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റ്.

Mumbai City