“ഓട്ടോ റിക്ഷയിൽ സംസാരിച്ചതിന് ഭീഷണി” : BKCയിൽ സ്ത്രീകളെ ഇറക്കിവിട്ട ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികൾ തുടരുമെന്ന സന്ദേശവും പോലീസ് നൽകി.

author-image
Honey V G
New Update
jrnrnn

മുംബൈ : മുംബൈയിലെ ബാന്ദ്രാ–കൂർളാ കോംപ്ലക്സ് (BKC) മേഖലയിൽ രാത്രി 11 ന് സ്ത്രീ യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും,ഓട്ടോ റിക്ഷയിൽ നിന്ന് ഇറങ്ങാൻ നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ ഓട്ടോ ഡ്രൈവർ പോലീസ് അറസ്റ്റിൽ.

യാത്രയ്ക്കിടെ വനിതാ യാത്രക്കാർ തമ്മിൽ സംസാരിച്ചതാണ് ഡ്രൈവറെ പ്രകോപിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെയാണ് പോലീസ് കേസെടുത്തത്.

വീഡിയോയിൽ, ഡ്രൈവർ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതും, ഭീഷണിപ്പെടുത്തുന്നതും, നിശ്ചിത സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ റിക്ഷ നിർത്തി ഇറങ്ങാൻ ആവശ്യപ്പെടുന്നതും വ്യക്തമായി കാണുന്നുണ്ട്.

ഇതിനെ തുടർന്ന് BKC പോലീസ് 50 വയസ്സുള്ള ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു.

സ്ത്രീകളുടെ സുരക്ഷയെ ഗൗരവമായി കാണുന്ന നിലപാടിലാണ് മുംബൈ പോലീസ് എന്നും, പൊതുഗതാഗത സംവിധാനങ്ങളിൽ ഇത്തരം പെരുമാറ്റങ്ങൾ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, നിയമപരമായ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികൾ തുടരുമെന്ന സന്ദേശവും പോലീസ് നൽകി.