/kalakaumudi/media/media_files/2025/12/23/ndndnndn-2025-12-23-08-38-46.jpg)
മിമിക്രി, സംഗീതം, അഭിനയം, ഡബ്ബിംഗ്... ബഹുമുഖ പ്രതിഭയാണ് ബിന്ദുജ
ഫ്‌ലവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന ബഹുമുഖ പ്രതിഭയാണ് ബിന്ദുജ. സ്‌കൂള്‍ കാലങ്ങളില്‍ കലോത്സവങ്ങളില്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഗായികമാരുടെ ശബ്ദങ്ങള്‍ അനുകരിക്കുന്നതിലൂടെ ബിന്ദുജ ചരിത്രം സൃഷ്ടിച്ചു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് ഉടമയായി. ഇതുവരെ ഏകദേശം 35 ഓളം ഗായകനെ അനുകരിച്ചിട്ടുണ്ട്. നാടോടി ഗാന ഗവേഷകയും മികച്ചൊരു ഗായികയുമാണ്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും സ്റ്റേജ് പെര്‍ഫോമറായും ബിന്ദുജ തിളങ്ങുന്നു. ഇതിലെല്ലാമുപരി നല്ലൊരു മനുഷ്യ സ്നേഹിയാണ് ബിന്ദുജ. ആറന്മുള സ്വദേശിയായ ബിന്ദുജ തിരുവനന്തപുരം സ്വാതിതിരുന്നാല്‍ സംഗീത കോളേജില്‍ നിന്നും ഗാനഭൂഷണം കരസ്ഥമാക്കിയ സംഗീത അധ്യാപിക കൂടിയാണ്. ഏഴുതവണ സ്റ്റേറ്റ് നാഷണല്‍ ലെവല്‍ മിമിക്രി വിന്നറായി. ബിന്ദുജയ്ക്ക് കേരള സാംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് അവാര്‍ഡും ലഭിച്ചു. നിരവധി സ്റ്റേജ് ഷോയിലൂടെയും ടിവി ഷോയിലൂടെയും വിദേശ പരിപാടികളിലൂടെയും ഒരുപാട് അംഗീകാരങ്ങളും അവാര്‍ഡുകളും ബിന്ദുജയെ തേടിയെത്തി.
/filters:format(webp)/kalakaumudi/media/media_files/2025/12/23/hhnmm-2025-12-23-08-46-13.jpg)
സ്ത്രീകള്‍ കുറവുള്ള മിമിക്രി രംഗം
ഈ രംഗത്ത് സ്ത്രീകള്‍ വളരെ കുറവാണ്. പക്ഷേ, ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍, സ്‌കൂള്‍ തല മത്സരത്തില്‍ മിമിക്രി ഒരു ഐറ്റം ആയിരുന്നു. അങ്ങനെ പങ്കെടുത്തു. അന്ന് ചെയ്തിരുന്ന പലരെയും ഇപ്പോള്‍ കാണുന്നില്ല. പക്ഷേ, ഇപ്പോള്‍ ഒരുപാട് പേര്‍ വിവിധ ചാനല്‍ പരിപടികളിലൂടെ വന്നിട്ടുണ്ട്. അത് സന്തോഷം ഉളവാക്കുന്നു; കുറവാണ് എങ്കിലും.
ഡബിങ് രംഗത്തേക്ക്
ആദ്യമായി ഡബിങ് ചെയ്തത് ശ്രീനാരായണ ഗുരു സീരിയലില്‍ ആയിരുന്നു, ജീവന്‍ ടി വി യില്‍. കാളി പുലയ എന്ന കഥാപാത്രവും അതില്‍ ചെയ്തിട്ടുണ്ട്. ഡബ്ബിങ്ങും ചെയ്തു. കുറെ സീരിയല്‍, ഷോര്‍ട്ട് ഫിലിം ഒക്കെ ചെയ്യാന്‍ പിന്നീട് അവസരം ലഭിച്ചു.
/filters:format(webp)/kalakaumudi/media/media_files/2025/12/23/nhnnnm-2025-12-23-08-46-57.jpg)
സാമൂഹ്യ രംഗത്ത്
എട്ട് വര്‍ഷമായി ആറന്മുളക്ക് അടുത്തുള്ള കിടങ്ങൂനൂര്‍ എന്ന സ്ഥലത്ത് കരുണാലയം എന്നൊരു ചാരിറ്റബിള്‍ ട്രസ്റ്റുണ്ട്. നാലഞ്ച് അച്ഛനമ്മമാര്‍ ആണ് ആദ്യം ഉണ്ടായിരുന്നത്. ഇന്ന് 350 ഓളം അച്ഛനമ്മമാര്‍ ഉണ്ട്. തുടക്കം മുതലേ അവിടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചു. സമയം കിട്ടുമ്പോഴെല്ലാം അവരെ കാണാന്‍ അവിടെ പോകും. പൊതുപ്രവര്‍ത്തനങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.
സംഗീത പഠനം തുടങ്ങിയത്
സ്‌കൂള്‍ തലത്തില്‍ മിമിക്രിയില്‍ സംസ്ഥാന വിന്നര്‍ ആയിരുന്നു. ആ സമയത്ത് ജഡ്ജസ് ആണ് പറഞ്ഞത് പാട്ട് പഠിക്കണം എന്ന്. അതുവരെ പാട്ട് പഠിച്ചിരുന്നില്ല. ആറന്മുളയിലെ ചിലങ്ക മ്യൂസിക് അക്കാദമിയിലെ ശ്രീദേവി ടീച്ചര്‍ സൗജന്യമായി പഠിപ്പിച്ചു. പിന്നീട് തിരുവനന്തപുരം സ്വാതി തിരുന്നാള്‍ സംഗീത കോളേജില്‍ അഡ്മിഷന്‍ കിട്ടി. അത് ജീവിതത്തിലെ സ്വപ്നം ആയിരുന്നു. ഒരുപാട് പേരുകേട്ട അധ്യാപകര്‍ എന്നെ പഠിപ്പിച്ചു. വലിയൊരു ഭാഗ്യം ആയിരുന്നു അത്.
ബിന്ദുജയ്ക്ക് മിമിക്രി
മിമിക്രി ദൈവം എനിക്ക് തന്ന വരദാനമാണെന്ന് വിശ്വസിക്കുന്നു. ആദ്യ കാലങ്ങളില്‍ ആണ്‍കുട്ടികളുടെ കൂടെ തന്നെയാണ് മത്സരിച്ചിരുന്നത്. എന്നെ പല അധ്യാപകരും ഓര്‍ക്കുന്നത് മിമിക്രി ആര്‍ട്ടിസ്റ്റ് ആയിട്ടാണ്. പല ഗായികമാരെയും ഇമിറ്റേറ്റ് ചെയ്യാന്‍ ആദ്യം അവസരം ലഭിച്ചത് എനിക്കാണ്. ഇന്നിപ്പോള്‍ പലരും അത് ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. ജീവിതത്തിന്റെ ഒരു ഭാഗമാണ് മിമിക്രി.
/filters:format(webp)/kalakaumudi/media/media_files/2025/12/23/jgjnmm-2025-12-23-08-47-24.jpg)
മുന്നോട്ടുള്ള ലക്ഷ്യം
ദൈവം കുറെ കഴിവുകള്‍ തന്നിട്ടുണ്ട്. അത് നിലനിര്‍ത്തി പോകണം. എനിക്ക് എപ്പോഴും ദൈവത്തോടുള്ള പ്രാര്‍ത്ഥന തന്നെ ഇതാണ്. നമ്മുടെ കഴിവുകള്‍ അങ്ങനെ നില നിര്‍ത്തണം. ശബ്ദം ഒരിക്കല്‍ നഷ്ടപ്പെട്ട ആളാണ് ഞാന്‍. നാല് വര്‍ഷം എനിക്ക് പാടാനോ പെര്‍ഫോം ചെയ്യാനോ ഒന്നും കഴിഞ്ഞിട്ടില്ല. സഹോദരങ്ങള്‍ക്കും കുഞ്ഞിനും ഒക്കെ കഴിവുണ്ട്. അവരെയും പ്രോത്സാഹിപ്പിക്കാറുണ്ട്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
ഗായകരുടെ ശബ്ദം ഇമിറ്റേറ്റ് ചെയ്ത് 'വോയ്സ് ഇമിറ്റേഷന്‍ സെക്ഷനിലാണ് 'എനിക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചത്. അച്ഛനമ്മമാര്‍ക്ക് ആണ് അത് സമ്മാനിച്ചത്. 1525 പേരാണ് അതില്‍ ഭാഗമായത്. ജീവിതത്തില്‍ ഏറ്റവും വലിയ നേട്ടമായി കരുതുന്നു. എന്റെ സഹോദരിക്കും ലഭിച്ചിരുന്നു. ഇന്ത്യ ബുക്ക് ഒഫ് റെക്കോര്‍ഡ്‌സിലും പങ്കെടുക്കണം എന്നാണ് ആഗ്രഹം.
/filters:format(webp)/kalakaumudi/media/media_files/2025/12/23/knbnnn-2025-12-23-08-47-49.jpg)
തിരിഞ്ഞു നോക്കുമ്പോള്‍
ഒരുപാട് സന്തോഷമുണ്ട്. ഒരിക്കല്‍ പാമ്പ് കടിയേറ്റിട്ടുണ്ട്. മൂന്നു ദിവസത്തിന് ശേഷമാണ് ബോധം പോലും തിരിച്ചു കിട്ടിയത്. ജീവിതം അവസാനിച്ചു എന്നാണ് അന്ന് കരുതിയിരുന്നത്. കയ്യിലും മുഖത്തിലുമൊക്കെ വൃണങ്ങള്‍ വന്നിരുന്നു. ശബ്ദവും നിലച്ചു പോയി. ആ സമയത്ത് ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന് തന്നെ കരുതിയതാണ്. പക്ഷേ, കോമഡി ഉത്സവം ജീവിതം മാറ്റി മറിച്ചു. പിന്നീട് 15 ഓളം രാജ്യങ്ങളില്‍ പെര്‍ഫോം ചെയ്യാന്‍ സാധിച്ചു. പുതിയ പുതിയ അവസരങ്ങള്‍ ലഭിച്ചു. കരുതല്‍ എന്ന ചിത്രത്തില്‍ പാടാന്‍ അവസരം ലഭിച്ചു.
/filters:format(webp)/kalakaumudi/media/media_files/2025/12/23/kejdndnn-2025-12-23-08-48-14.jpg)
കുടുംബം
അച്ഛന്‍, അമ്മ, ഭര്‍ത്താവ്, കുഞ്ഞ്, അനിയത്തി, അനിയന്‍ എല്ലാവരും കലാകാരന്മാരാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
