അധികാരത്തിനായി വിരോധം മറന്ന് കൈകോർത്തു; അകോട്ടിൽ ബിജെപി–എഐഎംഐഎം സഖ്യം

വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ, തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നതിനു പിന്നാലെയാണ് ബിജെപിയും എഐഎംഐഎമ്മും ചേർന്ന് അപ്രതീക്ഷിത രാഷ്ട്രീയ നീക്കം നടത്തിയത്

author-image
Honey V G
New Update
nh fvmm

മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശസ്ഥാപന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് ഇടയാക്കി, പരസ്പരം കടുത്ത രാഷ്ട്രീയ വിരോധികളായി നിലകൊള്ളുന്ന ബിജെപിയും അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യാ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പാർട്ടിയും കൈകോർത്തു.

അകോട് മുനിസിപ്പൽ കോർപ്പറേഷനിലാണ് അധികാരത്തിനായി ഇരുകക്ഷികളും സഖ്യമുണ്ടാക്കി ഭരണം പിടിച്ചെടുത്തത്.

പൊതുവേദികളിൽ പരസ്പരം ആക്രമിക്കുന്ന കക്ഷികൾ അധികാരലാഭത്തിനായി ഒരുമിച്ചതാണ് രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്.

അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 35 സീറ്റുകളുള്ള അകോട് മുനിസിപ്പാലിറ്റിയിൽ 11 സീറ്റുകൾ നേടി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നത്.

കോൺഗ്രസ് ആറു സീറ്റുകൾ നേടി, ഒവൈസിയുടെ പാർട്ടി അഞ്ചു സീറ്റുകളിലാണ് വിജയം കൈവരിച്ചത്. വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ, തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നതിനു പിന്നാലെയാണ് ബിജെപിയും എഐഎംഐഎമ്മും ചേർന്ന് അപ്രതീക്ഷിത രാഷ്ട്രീയ നീക്കം നടത്തിയത്.

അകോട് വികാസ് മഞ്ച്’ എന്ന പേരിൽ മുന്നണി രൂപീകരിച്ചാണ് ഇരുപാർട്ടികളും സഖ്യമുണ്ടാക്കിയത്.

തുടർന്ന് മുനിസിപ്പാലിറ്റിയുടെ ഭരണവും സംയുക്തമായി പിടിച്ചെടുത്തു.വർഷങ്ങളായി ബിജെപിയുടെ ‘ബി ടീം’ എന്ന ആരോപണം നേരിട്ടിരുന്ന പാർട്ടി അധികാര രാഷ്ട്രീയത്തിൽ ‘എ ടീമായി’ മാറിയെന്ന തരത്തിലുള്ള കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.

മതവും ആശയവ്യത്യാസങ്ങളും മുൻനിർത്തി ജനങ്ങളെ ധ്രുവീകരിച്ച കക്ഷികൾ അധികാരത്തിനായി കൈകോർത്തത് രാഷ്ട്രീയ ഇരട്ടത്താപ്പിന്റെ ഏറ്റവും പുതിയ ഉദാഹരണമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഈ സഖ്യം മഹാരാഷ്ട്രയിലെ രാഷ്ട്രീയ ചർച്ചകളെ കൂടുതൽ ചൂടുപിടിപ്പിച്ചിരിക്കുകയാണ്.