/kalakaumudi/media/media_files/2025/12/31/mdndnns-2025-12-31-13-30-13.jpg)
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയിൽ, 185-ാം വാർഡിൽ നിന്നുള്ള നിലവിലെ കോർപറേറ്ററും ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ വിഭാഗം) നേതാവുമായ ജഗദീഷ് തൈ വളപ്പിൽ വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിലേക്ക്.
രണ്ടാം വട്ടവും ജനവിധി തേടുന്ന അദ്ദേഹം ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു. ഈ വേളയിൽ പാർട്ടി നേതാക്കളും പ്രവർത്തകരും വലിയ പിന്തുണയോടെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
കോവിഡ് കാലഘട്ടത്തിൽ ധാരാവിയിൽ വ്യാപകമായ ജനകീയ സേവന പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധ നേടിയ ജഗദീഷ്, കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുട സ്വദേശിയാണ്.
ദുരിതസമയങ്ങളിൽ പ്രദേശവാസികളുടെ ഒപ്പം ഉറച്ചുനിന്ന നേതാവെന്ന നിലയിൽ അദ്ദേഹം വലിയ ജനപിന്തുണ നേടുകയുണ്ടായി. ശിവസേനയിൽ നിന്ന് നിരവധി മുതിർന്ന നേതാക്കൾ ഷിൻഡെ വിഭാഗത്തിലേക്ക് ചേക്കേറിയ ഘട്ടത്തിലും, ഉദ്ധവ് ബാലാസാഹേബ് താക്കറെ പക്ഷത്ത് ഉറച്ചുനിന്ന നേതാക്കളിൽ ഒരാളാണ് ജഗദീഷ് തൈ വളപ്പിൽ.
/filters:format(webp)/kalakaumudi/media/media_files/2025/12/31/kvcnmmm-2025-12-31-13-32-41.jpg)
പാർട്ടി വിശ്വാസ്യതയും രാഷ്ട്രീയ സ്ഥിരതയും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജഗദീഷിന്റെ നേതൃത്വത്തിന് വലിയ പ്രശംസയാണ് ലഭിച്ചത്. അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവായും ജഗദീഷ് അറിയപ്പെടുന്നു. കഴിഞ്ഞ 40 വർഷത്തിലധികമായി മുംബൈയിൽ സ്ഥിരതാമസമുള്ള ജഗദീഷ്, കോർപറേറ്റർ എന്ന നിലയിൽ അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക ഇടപെടലുകൾ, പൊതുജന പ്രശ്നങ്ങളിൽ സജീവ ഇടപെടൽ എന്നിവയിലൂടെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചതെന്ന് അനുയായികൾ പറയുന്നു.
ഇതെല്ലാം കണക്കിലെടുത്ത്, വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന ആത്മവിശ്വാസത്തിലാണ് ജഗദീഷ് തൈ വളപ്പിൽ.
ധാരാവിയിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ മത്സരം ഏറെ ശ്രദ്ധേയമായതാണെന്ന വിലയിരുത്തലും ശക്തമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
