/kalakaumudi/media/media_files/2025/08/19/jejsksn-2025-08-19-18-30-06.jpg)
മുംബൈ:രണ്ട് ദിവസമായി തുടർച്ചയായി പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് നഗരത്തിൽ റോഡ് റെയിൽ ഗതാഗതം താറുമാറായി.
ശക്തമായ മഴയിൽ മുംബൈയിലും സമീപ ജില്ലകളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.വിമാന സർവീസിനെയും ബാധിച്ചു.ഓഫിസുകളിലും വ്യവസായ - വാണിജ്യ സ്ഥാപനങ്ങളിലും ജീവനക്കാരുടെ എണ്ണം കുറവായിരുന്നു.പലതും നേരത്തേ പ്രവർത്തനം അവസാനിപ്പിച്ചു. പതിനായിരക്കണക്കിന് ആളുകളാണു ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലുമായി കുടുങ്ങിയത്. ലോക്കൽ ട്രെയിൻ സർവീസുകളിൽ പലതും റദ്ദാക്കി.
നഗരത്തിന്റെ ജീവനാഡിയായ ലോക്കൽ ട്രെയിൻ സർവീസുകളെ സാരമായി ബാധിച്ചതിനാൽ നിരവധി യാത്രക്കാർ മണിക്കൂറുകളോളം റെയിൽവേ സ്റ്റേഷനുകളിൽ കുടുങ്ങി.എന്നാൽ ഉടനടി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ദുരിതബാധിതരെ സഹായിക്കാൻ രംഗത്തെത്തുകയായിരുന്നു.
പ്രധാന ജംഗ്ഷനുകൾ ഉൾപ്പെടെ നിരവധി റെയിൽവേ സ്റ്റേഷനുകളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് കുടിവെള്ളം, ചായ, ബിസ്കറ്റ്, ലഘുഭക്ഷണം തുടങ്ങിയ അവശ്യവസ്തുക്കൾ ബിഎംസി ഉദ്യോഗസ്ഥർ വിതരണം ചെയ്തു.
ട്രാക്കുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിനുകൾ സ്തംഭിച്ചപ്പോൾ, ലഘുഭക്ഷണം വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രശംസിക്കപ്പെട്ടു.
ബിഎംസി പങ്കിട്ട വീഡിയോയിൽ, മുംബൈ ലോക്കൽ ട്രെയിൻ കോച്ചുകളിലും വിവിധ റെയിൽവേ സ്റ്റേഷനുകളിലും ഉദ്യോഗസ്ഥർ അവശ്യ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നത് കാണാം.