/kalakaumudi/media/media_files/2025/12/26/jhchkkk-2025-12-26-14-09-49.jpg)
മുംബൈ : സാഹിത്യകാരനും സാംസ്ക്കാരിക പ്രവർത്തകനുമായ ഡോ. കാവുങ്കൽ നാരായണൽ നായർ (ഡോ.സി.എൻ. എൻ. നായർ) വിട പറഞ്ഞു. 83 വയസ്സായിരുന്നു.
സംസ്ക്കാരം ഇന്ന് വൈകിട്ട് ബാംഗ്ലൂരിൽ നടക്കും. VSNL ജനറൽ മാനേജറായി ഉദ്യോഗത്തിൽ നിന്ന് വിരമിച്ച ഡോ. നായർ സാഹിത്യ-സാംസ്ക്കാരിക രംഗങ്ങളിൽ വ്യാപൃതനായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
സംസ്കൃത പണ്ഡിതൻ കൂടിയായ ഡോ. സി എൻ എൻ നായർ മുംബൈയിലെ അക്ഷരശ്ലോക വേദികളിൽ സ്ഥിരം സാന്നിദ്ധമായിരുന്നു. നല്ലൊരു പ്രഭാഷകനായിരുന്ന അദ്ദേഹം, ആദ്യ കാലത്ത് മുംബൈ സാഹിത്യ വേദിയുടെ കൺവീനറായിരുന്നു.
ഗവേഷണങ്ങ ളിലൂടെ, നീണ്ട ചരിത്ര-പുരാണ രേഖകൾ ഒറ്റപേജിലുള്ള ചാർട്ടുകളായി അവതരിപ്പിച്ചതു് സമൂഹത്തിന് നൽകിയ വലിയ സംഭാവനയായിരുന്നു.
യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിലും പരിപോഷിക്കുന്നതിലും ശ്രദ്ധ ചെലുത്തിയിരുന്ന അദ്ദേഹം നിരവധി അവാർഡുകളാൽ സമ്മാനിതനായിരുന്നു.
സഹധർമ്മിണി ഗൗരിക്കുട്ടിയുമൊത്ത് കഴിഞ്ഞ ഏതാനും വർഷങ്ങളായി ബംഗളൂരിലായിരുന്നു താമസം. മക്കൾ: അഞ്ജലി, അജിത്.
അതേസമയം അദ്ദേഹത്തിന്റെ നിര്യാണം സാഹിത്യ സാംസ്‌കാരിക രംഗത്ത് വലിയ നഷ്ട്ടമാണ് ഉണ്ടാക്കിയതെന്ന് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ രാജൻ പറഞ്ഞു.
'മുംബെയിലെ സാഹിത്യ-സാംസ്ക്കാരിക രംഗത്തെ ഏതാനും ദശാബ്ദങ്ങളായി നിരന്തരം ധന്യമാക്കിക്കൊണ്ടിരുന്ന ഒരു അപൂർവ്വ വ്യക്തിത്വമായിരുന്നു ഡോ. സി.എൻ.എൻ. നായർ. ഇംഗ്ലീഷ് സാഹിത്യത്തിലും നിയമത്തിലും മാനേജ്മെന്റിലുമെല്ലാം ബിരുദധാരിയാണ് അദ്ദേഹം.VSNL ഉദ്യോഗത്തിൽ നിന്ന് വിരമിച്ചു. പിന്നീട് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്"അദ്ദേഹം പറഞ്ഞു.
"അദ്ദേഹത്തിന്റെ ടെലികോം ചരിത്ര ഗ്രന്ഥങ്ങൾ ടാറ്റയുടെയും കേന്ദ്ര ടെലികോം മന്ത്രിമാരുടെയും പ്രശംസാ പാത്രമായിട്ടുണ്ടെന്നും ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് ഈ ഏറ്റുമാനൂർകാരനെന്നും" കെ രാജൻ കൂട്ടിച്ചേർത്തു.
"ഡോ. സി.എൻ.എൻ. നായരുടെ വിയോഗം മുംബൈ സാംസ്ക്കാരിക രംഗത്തെ ഒരു തീരാ നഷ്ടമാണ്. സന്തപ്ത കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ഞാനും ദു:ഖത്തിൽ പങ്കു ചേരുന്നതായും കെ രാജൻ തന്റെ അനുസ്മരണ കുറിപ്പിൽ അറിയിച്ചു.
ബോറിവിലി മലയാളി സമാജം ഡോ. സി. എൻ. എൻ. നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
"അന്തരിച്ച ഡോ. സി.എൻ.എൻ. നായരുടെ കുടുംബത്തോടൊപ്പം ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയും, അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു" ബി എം എസ് അനുശോചന കുറിപ്പിലൂടെ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
